Kerala News
സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; ദേഹത്ത് ബൈക്ക് കയറ്റി, വളഞ്ഞിട്ട് വെട്ടി, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 09, 07:25 am
Sunday, 9th June 2019, 12:55 pm

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികള്‍ ദേഹത്ത് ബൈക്ക് കയറ്റുന്നതും നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്ക് പിന്നില്‍ സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നസീര്‍ പറഞ്ഞിരുന്നു.

ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചത്. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ പറഞ്ഞിരുന്നു.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ പ്രതികരിച്ചത് ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. ഷംസീര്‍, എം.എല്‍.എ ഓഫീസില്‍വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മെയ് 18നാണ് സി.ഒ.ടി നസീറിനെ തലശ്ശേരി കയ്യത്ത് റോട്ടില്‍ വെച്ച് ആക്രമിച്ചത്. പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് അക്രമി സംഘത്തിന് തന്നോടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.

ബൈക്കിലെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും രണ്ടാമത്തെയാള്‍ കത്തി കൊണ്ട് വയറിലും ഇരുകൈകളിലും കുത്തുകയായിരുന്നെന്നും മൂന്നാമത്തെ ആള്‍ നിലത്തുവീണ തന്റെ ദേഹത്ത് ബൈക്ക് കയറ്റാന്‍ ശ്രമിച്ചുവെന്നും നസീര്‍ മൊഴി നല്‍കിയത്.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

വീഡിയോ