കോഴിക്കോട്: എ.എന്‍. ഷംസീറിന്റെ പേര് പൊലീസിന് നല്‍കിയ മൊഴിയിലുണ്ടെന്ന് സി.ഒ.ടി നസീര്‍. പൊലീസ് മൊഴി വായിച്ച് കേള്‍പ്പിച്ചെങ്കിലും മൊഴിയുടെ പകര്‍പ്പ് ഇതുവരെ തന്നിട്ടില്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു.
തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമല്ലെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. സി.ഒ.ടി നസീറിനെതിരായത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
സി.ഒ.ടി നസീറിന് നേരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഷംസീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിയിരുന്നില്ല.
ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് അത് പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് പറഞ്ഞിരുന്നു.
കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയെന്നും മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ.എമ്മിന് നസീറിനോട് വൈരാഗ്യമില്ലെന്നും സിപി.ഐ.എമ്മിന്റെ പ്രമുഖ നേതാക്കളായ ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് ഇതിന്റെ തെളിവാണെന്നും പിണറായി പറഞ്ഞു.
എന്നാല്‍ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് വായിച്ചുകേള്‍പ്പിക്കുകയാണ് ചെയ്തതെന്നും അല്ലാതെ മൊഴിയുടെ പകര്‍പ്പ് തന്നിട്ടില്ലെന്നും നസീര്‍ പറഞ്ഞു.
കണ്ണൂരില്‍ രാഷ്ട്രീയ അക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്നും തനിക്കെതിരായ ആക്രമണവും ഒറ്റപ്പെട്ട സംഭവമല്ലെന്നും നസീര്‍ പ്രതികരിച്ചു.
പാര്‍ട്ടിയ്ക്ക് ഒരുപക്ഷേ വിരോധം കാണില്ല. എന്നാല്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് അക്രമം നടത്തിയത്. ഷംസീറിന്റെ പേര് കൃത്യമായി മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.
എം.എല്‍.എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീര്‍ ആരോപിച്ചിരുന്നു.
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.
തന്നെ ആക്രമിച്ചതിന് പിന്നില്‍ സി.പി.ഐ.എമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.ഒ.ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു.