|

ലൂസിഫറിലെ കോസ്റ്റ്യൂം കണ്ട് വിവേക് ഒബ്‌റോയ് വയലന്റായി; ഇടില്ലെന്ന് പറഞ്ഞ് നിലത്തിട്ടു: സുജിത് സുധാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രധാനപ്പെട്ട കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സുജിത് സുധാകരന്‍. മോഹന്‍ലാല്‍ നായകനായ ഒപ്പം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ സുജിത് ലൂസിഫര്‍, ഇട്ടിമാണി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, മലൈക്കോട്ടൈ വാലിബന്‍ തുടങ്ങി നിരവധി സിനിമകള്‍ക്ക് കോസ്റ്റ്യൂം ചെയ്തു കഴിഞ്ഞു.

ഡിസൈന്‍ ചെയ്യുന്ന കോസ്റ്റ്യൂം ചിലപ്പോള്‍ ചില കാരണങ്ങള്‍ കൊണ്ട് താരങ്ങള്‍ നിരസിച്ചേക്കാമെന്നും അതൊക്കെ സ്വാഭാവികമാണെന്നും പറയുകയാണ് സൂരജ്. ലൂസിഫര്‍ സിനിമയുടെ സമയത്ത് താന്‍ ചെയ്ത കോസ്റ്റ്യൂം കണ്ട് നടന്‍ വിവേക് ഒബ്രോയ് വയലന്റായെന്നും കോസ്റ്റ്യൂമിന്റെ സൈസ് കൂടിപ്പോയതായിരുന്നു പ്രശ്‌നമെന്നും സൂരജ് പറയുന്നു.

അളവെടുത്ത സമയത്തുണ്ടായിരുന്ന വണ്ണമായിരുന്നില്ല ഷൂട്ടിന് എത്തിയപ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് അത്തരത്തില്‍ സംഭവിച്ചതെന്നും സൂരജ് പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നടന്‍മാരുമായി ചില പ്രശ്‌നങ്ങളൊക്കെയുണ്ടാകും. വിവേക് ഒബ്‌റോയിയുമായി അങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് മാസം മുന്‍പ് മുംബൈയില്‍ പോയിട്ടാണ് അദ്ദേഹത്തെ ഞങ്ങള്‍ ആദ്യമായി കാണുന്നത്. തിരിച്ച് അദ്ദേഹം ഷൂട്ടിന് വന്നപ്പോഴേക്കും അദ്ദേഹത്തിന് ഒരുപാട് തടി കുറഞ്ഞു.

ഞാന്‍ കൊണ്ടുപോയ സ്യൂട്ട് കണ്ടിട്ട് അദ്ദേഹം വയലന്റായി. സ്യൂട്ട് ഊരി നിലത്തിട്ടിട്ട് ഈ സ്യൂട്ട് ഇടില്ലെന്ന് പറഞ്ഞു. നമ്മള്‍ അത് അന്ന് തന്നെ ശരിയാക്കി. അതേ സ്യൂട്ടില്‍ തന്നെയാണ് ലൂസിഫറില്‍ പുള്ളിയെ നമ്മള്‍ കണ്ടത്. ഇത്തരത്തില്‍ ചാലഞ്ചസ് ഉറപ്പായും ഉണ്ടാകും.

എല്ലാത്തിലും നമ്മളുടെ കുറ്റമായിരിക്കില്ല. ഷൂട്ടിന് ഇവിടെ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ വണ്ണം കുറഞ്ഞതാണ്. അത് അവര്‍ സമ്മതിക്കുമോ, എന്റെ വെയ്റ്റ് കുറഞ്ഞതുകൊണ്ടാണ് കുഴപ്പമില്ല എന്ന് പറയുമോ. അത് സമ്മതിക്കില്ല. നാളെ ഈ സിനിമ പല ഭാഷകളില്‍ ആളുകള്‍ കാണുന്നതാണ്. അവര്‍ക്ക് ഒരു ഇമേജുണ്ട് അത് കീപ്പ് ചെയ്‌തേ പറ്റു. അത് കിട്ടാനായിട്ട് അവര്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. ആദ്യം ഒരു പ്രശ്‌നം ഉണ്ടാകുന്നത് വളരെ നല്ലതാണ്. ബാക്കിയുള്ള ദിവസങ്ങള്‍ കുറച്ചുകൂടി ഈസിയാകും,’ സൂരജ് പറയുന്നു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും എമ്പുരാനുമൊക്കെ ചെയ്യുമ്പോള്‍ ചില നടന്മാരില്‍ നിന്നും ആദ്യ ദിവസം തന്നെ ചീത്ത കേട്ടിരുന്നെന്നും സൂരജ് പറയുന്നു.

ആദ്യ ദിവസം തന്നെ എനിക്ക് ചീത്ത കേട്ട സമയമുണ്ട്. എമ്പുരാന്‍ വര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ അവിടെ ഒരുപാട് ഇംഗ്ലീഷ് ആക്ടേഴ്‌സ് ഉണ്ട്. അവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന സൗകര്യങ്ങള്‍ ഒരിക്കലും ഹോളിവുഡില്‍ നിന്നും കിട്ടുന്ന രീതിയില്‍ ഉള്ളതായിരിക്കില്ല. അവരുടെ റൂമില്‍ പോയിട്ടാണ് നമ്മള്‍ കോസ്റ്റ്യൂം ട്രയല്‍ ചെയ്യുന്നത്.

അവരുടെ നാട്ടില്‍ അവര്‍ ഈ രീതി കണ്ടിട്ടേ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സുനില്‍ ഷെട്ടിയെ പോലെയൊക്കെയുള്ള ഒരാള്‍ തീര്‍ച്ചയായും ഡിഫെന്‍സീവ് ആവും.

ഞാന്‍ ഇപ്പോള്‍ ഇവനോട് ഈ കാര്യം പറഞ്ഞില്ലെങ്കില്‍ നാളെ ഇതേ കോസ്റ്റ്യൂമുമായി ഇവന്‍ എന്റെ അടുത്തും വരും. അതിന് ചിലപ്പോള്‍ ബട്ടനുണ്ടാവില്ല. കെട്ടാനുള്ളത് ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ആറ്റിറ്റിയൂഡ് കാണിച്ചില്ലെങ്കില്‍ അതൊക്കെ ടേക്കണ്‍ ഫോര്‍ ഗ്രാന്‍ഡഡ് ആകും എന്ന ചിന്ത അവരില്‍ വരും.

നമ്മള്‍ കോസ്റ്റ്യൂമുമായി നേരെ റൂമിലേക്ക് ഓടിച്ചെല്ലുകയാണല്ലോ. ആദ്യത്തെ ഒന്ന് രണ്ട് ദിവസം ചീത്തകേട്ടു. മൂന്നാമത്തെ ദിവസം പുള്ളി നമ്മുടെ ആളായി. വലിയ കമ്പനിയായി. അങ്ങനെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കും, സുജിത് പറഞ്ഞു.

Content Highlight: Costume Designer Sujith Sudhakaran share Lucifer Movie experiance with vivek Oberoi