ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നയാളാണ് സുജിത് സുധാകരന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുജിത്തിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വര്‍ക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാര്‍ഡ് സുജിത്തിനെ തേടിയെത്തിയിരുന്നു.
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് സുജിത്തായിരുന്നു. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുജിത് സുധാകരന്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയപ്പോള്‍ തന്നെ അതിന്റെ വര്‍ക്ക് താന്‍ തുടങ്ങിയെന്ന് സുജിത് പറഞ്ഞു.
ഓരോ ലൊക്കേഷന്റെയും പ്രത്യേകതകള്‍ മനസിലാക്കി അതിന് ചേരുന്ന കോസ്റ്റ്യൂമിന്റെ സ്‌കെച്ച് റെഡിയാക്കി ലിജോ ജോസ് പെല്ലിശ്ശേരിയെ കാണിച്ചെന്നും അതിനെല്ലാം അദ്ദേഹം ഓക്കെ പറഞ്ഞെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തോളം വര്‍ക്ക് ചെയ്ത് സെറ്റിലെത്തിയപ്പോള്‍ അതെല്ലാം മാറ്റാന്‍ ലിജോ ആവശ്യപ്പെട്ടെന്നും താന്‍ അത് കേട്ട് സ്റ്റക്കായി പോയെന്നും സുജിത് പറഞ്ഞു.
പിന്നീട് അദ്ദേഹം ആവശ്യപ്പെട്ട രീതിയില്‍ വര്‍ക്ക് ചെയ്‌തെന്നും തന്റെ ശൈലിയുമായി ഒരിക്കലും ചേര്‍ന്ന് പോകാത്ത വര്‍ക്കിങ് സ്‌റ്റൈലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടേതെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. ഒരുദിവസം പോലെ സന്തോഷിക്കാന്‍ കഴിഞ്ഞില്ലെന്നും റിലീസിന് ശേഷം വന്ന നെഗറ്റീവ് റെസ്‌പോണ്‍സ് തന്നെ തളര്‍ത്തിയെന്നും സുജിത് സുധാകരന്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സുജിത് സുധാകരന്‍.
‘വര്‍ക്ക് ചെയ്തതില്‍ ഏറ്റവും പ്രയാസം തോന്നിയത് മലൈക്കോട്ടൈ വാലിബനാണ്. കാരണം, എന്റെ വര്‍ക്കിങ് സ്‌റ്റൈലുമായി ഒരിക്കലും ചേര്‍ന്ന് പോകാത്ത സെറ്റായിരുന്നു അത്. പടത്തിന്റെ സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയപ്പോള്‍ മുതല്‍ വര്‍ക്ക് തുടങ്ങി. ഓരോ ലൊക്കേഷന്റെയും പ്രത്യേകത മനസിലാക്കിയിട്ട് അതിനനുസരിച്ച് കളറും ബാക്കി കാര്യങ്ങളും ഡിസൈന്‍ ചെയ്ത് സ്‌കെച്ച് തയാറാക്കി ലിജോ ചേട്ടനെ കാണിച്ചു.
‘ഇതുപോലെയൊക്കെ മതിയാകും’ എന്ന് പുള്ളി പറഞ്ഞതിനനുസരിച്ച് വര്‍ക്ക് തുടങ്ങി. സെറ്റിലെത്തിയപ്പോള്‍ പുള്ളി എല്ലാം മാറ്റണമെന്ന് പറഞ്ഞു. ഞാന്‍ ആ സമയത്ത് എന്താണ് ചെയ്യേണ്ടതെന്നറിയാതെ സ്റ്റക്കായി നിന്നു. ആ പടം മുഴുവന്‍ അങ്ങനെയായിരുന്നു എന്റെ വര്‍ക്ക്. ഒരുദിവസം പോലും സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. റിലീസിന് ശേഷം കിട്ടിയ നെഗറ്റീവ് റെസ്‌പോണ്‍സും എന്നെ തളര്‍ത്തി. കാരണം, അത്രമാത്രം എഫര്‍ട്ട് ഞാനടക്കം എല്ലാ ടീമും ഇട്ടിട്ടുണ്ടായിരുന്നു,’ സുജിത് സുധാകരന്‍ പറയുന്നു.
Content Highlight: Costume Designer Sujith Sudhakaran saying he was not happy when he working on Malaikottai Valiban