ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നയാളാണ് സുജിത് സുധാകരന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുജിത്തിന് സാധിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വര്‍ക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാര്‍ഡ് സുജിത്തിനെ തേടിയെത്തിയിരുന്നു.
ആദ്യചിത്രമായ ലൂസിഫറിലെയും ഇനി പുറത്തിറങ്ങാനുള്ള എമ്പുരാനിലും മോഹന്‍ലാലിന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സുജിത് സുധാകരന്‍. ലൂസിഫറില്‍ മോഹന്‍ലാലിനെ കൂടുതലും വെള്ള ഷര്‍ട്ടിലായിരുന്നു സുജിത് അവതരിപ്പിച്ചത്. വെള്ള ഷര്‍ട്ടോ കുര്‍ത്തയോ ധരിച്ചാല്‍ മോഹന്‍ലാലിനോളം ഓറയുള്ള നടന്‍ വേറെയില്ലെന്ന് സുജിത് സുധാകരന്‍ പറഞ്ഞു.
വെള്ള ഷര്‍ട്ട് ധരിച്ച് വരുമ്പോള്‍ അത്രമാത്രം അട്രാക്ഷന്‍ മോഹന്‍ലാലിനോട് തോന്നുമെന്നും എന്നാല്‍ എമ്പുരാനില്‍ മോഹന്‍ലാലിന്റെ കോസ്റ്റ്യൂംസ് പ്രത്യേകം ഡിസൈന്‍ ചെയ്തതായിരുന്നെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലൂസിഫറില്‍ മോഹന്‍ലാല്‍ മുണ്ടുടുത്ത് വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം തോന്നുമെന്നും അത് മോഹന്‍ലാലിന്റെ മാത്രം പ്രത്യേകതയാണെന്നും സുജിത് പറയുന്നു.
ലൂസിഫറില്‍ മോഹന്‍ലാലിന്റെ കോസ്റ്റ്യൂമിന് കൈയടി കിട്ടിയത് കണ്ട് എന്തെങ്കിലും സ്‌പെഷ്യലായി ചേര്‍ത്തിട്ടുണ്ടോ എന്ന് പൃഥ്വി തന്നോട് ചോദിച്ചെന്നും സുജിത് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നല്ലൊരു മെറ്റീരിയല്‍ കൊണ്ട് സ്റ്റിച്ച് ചെയ്ത വെള്ള ഷര്‍ട്ടും മുണ്ടും മോഹന്‍ലാലിന് കൊടുത്താല്‍ പിന്നീട് അദ്ദേഹം നോക്കിക്കോളുമെന്നും സുജിത് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സുജിത് സുധാകരന്‍.
‘വൈറ്റ് ഷര്‍ട്ട് അല്ലെങ്കില്‍ വൈറ്റ് കുര്‍ത്ത ഇതുപോലെ ചേരുന്നൊരു നടന്‍ മലയാളത്തില്‍ വേറെ കാണില്ല. ആ ഒരു കോസ്റ്റിയൂമില്‍ വന്നാല്‍ ലാലേട്ടന് ഒരു പ്രത്യേക ഓറയാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് അത്. വൈറ്റ് ഷര്‍ട്ട് ധരിച്ച് വന്നാല്‍ ലാലേട്ടന് ഒരു പ്രത്യേക അട്രാക്ഷനുണ്ട്. വേറെ ഏതെങ്കിലും നടന് അങ്ങനെയുണ്ടോ എന്ന് സംശയമാണ്.
എമ്പുരാനില്‍ ലാല്‍ സാറിന്റെ കോസ്റ്റ്യൂംസ് എല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. വെള്ളം പോലെയാണ് അദ്ദേഹം. ഏത് തരം ഡ്രസ്സും ലാലേട്ടന് സ്യൂട്ടാകും. ലൂസിഫറില്‍ ലാലേട്ടന്‍ വെള്ളമുണ്ട് ഉടുത്ത് വരുമ്പോള്‍ തന്നെ ആളുകള്‍ കൈയടിക്കുന്നുണ്ട്. ‘സുജിത് എന്തെങ്കിലും സ്‌പെഷ്യലായിട്ട് ആ കോസ്റ്റിയൂമില്‍ ചെയ്തിട്ടുണ്ടോ’ എന്ന് പൃഥ്വി ചോദിച്ചു. നല്ലൊരു മെറ്റീരിയലില്‍ സ്റ്റിച്ച് ചെയ്ത വെള്ള ഷര്‍ട്ടും മുണ്ടും ലാല്‍ സാറിന് കൊടുത്താല്‍ മതി. ബാക്കി പുള്ളി നോക്കിക്കോളും,’ സുജിത് സുധാകരന്‍ പറയുന്നു.
Content Highlight: Costume Designer Sujith Sudhakaran about Mohanlal’s costume in Lucifer and Empuraan