പെട്ടെന്ന് 400 മീറ്റര്‍ തുണി വേണമെന്ന് പറഞ്ഞു; ദിഗംബരന്റെ ഇന്‍ട്രോയുടെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിന്: കോസ്റ്റ്യൂം ഡിസൈനര്‍
Entertainment
പെട്ടെന്ന് 400 മീറ്റര്‍ തുണി വേണമെന്ന് പറഞ്ഞു; ദിഗംബരന്റെ ഇന്‍ട്രോയുടെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിന്: കോസ്റ്റ്യൂം ഡിസൈനര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 10:21 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രമാണ് അനന്തഭദ്രം. 2005ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിലുള്ളത്.

അനന്തഭദ്രത്തില്‍ പൃഥ്വിരാജിന്റെ നായക വേഷത്തേക്കാള്‍ ഏറെ ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു മനോജ് കെ. ജയന്റെ ദിഗംബരന്‍. സിനിമ പ്രേമികളെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളായിരുന്നു ഒരോ സീനുകളിലും ദിഗംബരന്‍ കാഴ്ചവെച്ചത്. ചിത്രം റിലീസ് ചെയ്ത് 20 വര്‍ഷത്തോളമായെങ്കിലും ഇന്നും ഈ സിനിമ മലയാളികളുടെ മനസിലുണ്ട്.

ദിഗംബരന്റെ ഇന്‍ട്രോ സീനിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ സന്തോഷ് ശിവന് ഉള്ളതാണെന്ന് പറയുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി. സതീഷ്. അതിലെ കറുത്ത മുണ്ടുകള്‍ ഡൈ ചെയ്തതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സതീഷ്.

‘ദിഗംബരന്റെ കോസ്റ്റ്യൂംസും അയാള്‍ നില്‍ക്കുന്ന സമയത്തുള്ള സാധനങ്ങളുമെല്ലാം ഡൈ ചെയ്തതാണ്. അയാളുടെ മുണ്ടുകളൊക്കെ അങ്ങനെയാണ് ഉണ്ടാക്കുന്നത്. ആ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഇന്നത്തെ പോലെ കളറുള്ള മുണ്ടൊന്നുമില്ല. പിന്നെ കസവിന്റെ മുണ്ടുകളാണ് ഡൈ ചെയ്തിരുന്നത്.

ദിഗംബരന്റെ ഇന്‍ട്രോ സീനിന്റെ മുഴുവന്‍ ക്രെഡിറ്റും സന്തോഷേട്ടനാണ്. വേണ്ട രീതിക്ക് നമ്മള്‍ ചെയ്ത് കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഡിസ്‌കക്ഷനില്‍ ആ കഥാപാത്രത്തിന്റെ ലുക്കിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.

പക്ഷെ പെട്ടെന്ന് ഒരു ദിവസം നമ്മളുടെ കൈയ്യില്‍ എത്ര കറുപ്പ് തുണികളുണ്ടെന്ന് ചോദിക്കുകയായിരുന്നു. കളരിക്കും മറ്റുമായി വെച്ച കറുപ്പും ചുവപ്പും തുണികള്‍ നോക്കുകയാണെങ്കില്‍ ഒരു പത്തോ അമ്പതോ മീറ്റര്‍ ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഒരു പത്ത് നാനൂറ് മീറ്റര്‍ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ ചാടുമ്പോള്‍ ഈ തുണിയങ്ങനെ പറന്നു വരണമെന്നായിരുന്നു മറുപടി. ആര്‍ക്ക് വേണ്ടിയാണെന്ന് ചോദിച്ചപ്പോള്‍ ദിഗംബരന് വേണ്ടിയാണെന്ന് മാത്രം പറഞ്ഞു. ഇത്രയും മീറ്റര്‍ എങ്ങനെ പറത്തിവിടാനാണ്. ഒരു പത്ത് മീറ്ററാണെങ്കില്‍ ഓക്കെയാണ്. അവസാനം ഞാന്‍ തൃശൂരില്‍ വന്നാണ് അത്രയും തുണികള്‍ എടുത്തത്,’ എസ്.ബി. സതീഷ് പറഞ്ഞു.


Content Highlight: Costume Designer SB Satheesh Talks About Digambaran’s Intro Scene In Ananthabhadram