|

രാജമാണിക്യം ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് വേറൊരു സംവിധായകനായിരുന്നു: കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി സതീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം. മമ്മൂട്ടി നായകനായ രാജമാണിക്യം കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തിരുന്നു. ബെല്ലാരി രാജ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. താരത്തിന്റെ തിരുവനന്തപുരം സ്ലാങ്ങും, ഡ്രസ്സിങ്ങുമെല്ലാം ട്രെന്‍ഡായി മാറി.

രാജമാണിക്യം ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത് രഞ്ജിത്തായിരുന്നുവെന്ന് പറയുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി. സതീഷ്.സാധാരണ സിനിമ പോലെ ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചതെന്നും ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നതുപോലുള്ള കളര്‍ഫുള്ളായ വസ്ത്രങ്ങളായിരുന്നില്ലെന്നും സതീഷ് പറഞ്ഞു.

ഷൂട്ട് തുടങ്ങാന്‍ രണ്ടാഴ്ച ബാക്കിയുള്ളപ്പോഴായിരുന്നു രഞ്ജിത് പിന്‍വാങ്ങിയതെന്നും ആ സമയത്ത് രഞ്ജിത്തിന്റെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുമെന്നതിലേക്കെത്തിയതെന്നും സതീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സതീഷ് ഇക്കാര്യം പറഞ്ഞത്.

‘രാജമാണിക്യം ഇത്രയും കളറാവാന്‍ കാരണം മമ്മൂക്കയാണ്. ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത്തായിരുന്നു. ബെല്ലാരി രാജക്ക് ഇപ്പോള്‍ കാണുന്നത് പോലെ കളര്‍ഫുള്‍ കോസ്റ്റ്യൂം  ഒന്നും ഉണ്ടായിരുന്നില്ല. വെള്ള മുണ്ടും ജുബ്ബയും മതിയെന്ന് രഞ്ജിത് എന്നോട് പറഞ്ഞു. കണ്ടാല്‍ ഒരു എടുപ്പ് തോന്നുന്ന കോസ്റ്റിയൂം വേണമെന്നായിരുന്നു രഞ്ജിത് എന്നോട് പറഞ്ഞത്.

ഞാന്‍ അതിന് വേണ്ടി പ്രത്യേക കരയുള്ള മുണ്ടും ജുബ്ബയുമൊക്കെ സെറ്റാക്കി. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മുമ്പ് രഞ്ജിത് ഈ സിനിമയില്‍ നിന്ന് മാറി. ആ സമയത്ത് പുള്ളിയുടെ അസോസിയേറ്റായിരുന്ന അന്‍വര്‍ റഷീദ് ഈ പ്രൊജക്ടിലേക്ക് വന്നത്. പിന്നീട് മമ്മൂക്ക ചെയ്ത കോണ്‍ട്രിബ്യൂഷനാണ് കളര്‍ ജുബ്ബയും കറുത്ത മുണ്ടും ട്രൈ ചെയ്താലോ എന്ന് മമ്മൂക്ക ചോദിച്ചു.

പിന്നീട് ആ ക്യാരക്ടറിന്റെ ട്രിവാന്‍ഡ്രം സ്ലാങ്ങും മമ്മൂക്കയുടെ സജഷനായിരുന്നു. അതും കൂടെയായപ്പോള്‍ സംഗതി കളറായി. ഇപ്പോഴും ബ്ലെലാരി രാജയുടെ കോസ്റ്റിയൂം ട്രെന്‍ഡാണ്,’ സതീഷ് പറഞ്ഞു.

Content Highlight: Costume Designer SB Satheesh about Rajamanikyam movie

Latest Stories

Video Stories