| Sunday, 14th July 2024, 9:17 am

പെട്ടെന്ന് വേണമെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയ ബെഡ്ഷീറ്റ് എടുത്ത് ജയറാമിന് ഷര്‍ട്ട് തയാറാക്കി കൊടുക്കുകയായിരുന്നു: കോസ്റ്റ്യൂം ഡിസൈനര്‍ സതീഷ് എസ്.ബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെ വസ്ത്രാലങ്കാര മേഖലയിലേക്കെത്തിയ ആളാണ് സതീഷ് എസ്.ബി. രണ്ടാമത്തെ ചിത്രമായ ഗുരുവിലെ വസ്ത്രാലങ്കാരത്തിന് കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡ് സതീഷ് സ്വന്തമാക്കി. 29 വര്‍ഷത്തെ കരിയറില്‍ 50ലധികം സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സതീഷ് ഒമ്പത് സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങള്‍ക്കും വേണ്ടി വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സതീഷ്. ചില സിനിമകളില്‍ ഡാന്‍സ് സീനുകള്‍ ചെയ്യുന്ന സമയത്ത് പെട്ടെന്ന് ചില ഡ്രസുകള്‍ ഉണ്ടാക്കേണ്ടി വരുമെന്നും കൈയില്‍ കിട്ടുന്ന മെറ്റീരിയല്‍ വെച്ച് വസ്ത്രങ്ങള്‍ തയാറാക്കേണ്ടി വന്നിട്ടുണ്ടായിരുന്നെന്നും സതീഷ് പറഞ്ഞു.

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ പാട്ടില്‍ എല്ലാ കുട്ടികളും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന ഭാഗത്ത് എല്ലാവര്‍ക്കും ഒരുപോലുള്ള ഡ്രസ് വേണമെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയ കര്‍ട്ടന്‍ ക്ലോത്ത് കൊണ്ട് ഫ്രോക്ക് തയാറാക്കുകയായിരുന്നുവെന്ന് സതീഷ് പറഞ്ഞു. അതേ സിനിമയില്‍ ജയറാമിന് കൊടുത്ത ഒരു ഡ്രസ് തയാറാക്കിയത് ബെഡ്ഷീറ്റ് കൊണ്ടാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സതീഷ് ഇക്കാര്യം പറഞ്ഞത്.

‘സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ പല കാര്യങ്ങളും പെട്ടെന്ന് വേണമെന്ന് പറഞ്ഞപ്പോള്‍ ഉണ്ടാക്കിയതാണ്. മുന്‍കൂട്ടി അറിയിക്കാതെ പല ചെയ്ഞ്ചും അവര്‍ പറയുമായിരുന്നു. ഡാന്‍സ് ചെയ്യാന്‍ ലാസ്റ്റ് മൊമന്റിലാണ് പല കുട്ടികളെയും കിട്ടിയത്. ആ സമയത്ത് പത്തു പന്ത്രണ്ട് പേര്‍ക്ക് ഒരു പോലുള്ള ഡ്രസ് വേണമെന്നുള്ളതുകൊണ്ട് ഫര്‍ണിഷിങ് ക്ലോത്തൊക്കെ ഉപയോഗിച്ചാണ് ഡ്രസ് റെഡിയാക്കുന്നത്.

അതിലെ ഒരു പാട്ടില്‍ കുട്ടികള്‍ക്ക് കൊടുത്ത ഫ്രോക്ക് ഉണ്ടാക്കിയിരിക്കുന്നത് കര്‍ട്ടന്‍ ക്ലോത്ത് വെച്ചിട്ടാണ്. കറക്ടായിട്ടുള്ള കോമ്പിനേഷന്‍ ഉപയോഗിച്ച് ചെയ്തത് കൊണ്ട് അതൊന്നും ആര്‍ക്കും മനസിലാകില്ല. അതേ സിനിമയില്‍ ജയറാം ചേട്ടന്‍ ഇട്ടിരിക്കുന്ന ഷര്‍ട്ട് ബെഡ്ഷീറ്റ് ഉപയോഗിച്ചിട്ടാണ് തയ്ച്ചത്. അതൊന്നും അന്നത്തെ കാലത്ത് ആരും ശ്രദ്ധിച്ചിട്ടില്ല. ഇനി നോക്കിയാല്‍ അതൊക്കെ മനസിലാകും,’ സതീഷ് പറഞ്ഞു.

Content Highlight: Costume designer Satheesh SB shares the experience of Summer in Bethlehem movie

We use cookies to give you the best possible experience. Learn more