ഏറ്റവും ഇഷ്ടം ആ ദുൽഖർ ചിത്രം, തല്ലുമാല ഏറ്റവും വർക്ക്‌ ലോഡ് തന്ന സിനിമ; കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ
Entertainment
ഏറ്റവും ഇഷ്ടം ആ ദുൽഖർ ചിത്രം, തല്ലുമാല ഏറ്റവും വർക്ക്‌ ലോഡ് തന്ന സിനിമ; കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th September 2024, 8:49 am

ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനറാണ് മഷർ ഹംസ. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച മഷറിന്റെ ശ്രദ്ധേയമായ വർക്കുകളായിരുന്നു തല്ലുമാല, സുഡാനി ഫ്രം നൈജീരിയ, ട്രാൻസ് തുടങ്ങിയവ.

ഫഹദ് ഫാസിൽ നായകനാവുന്ന ഓടും കുതിര ചാടും കുതിര, ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബ് തുടങ്ങിയവയാണ് വരാനിരിക്കുന്ന മഷർ ഹംസ ചിത്രങ്ങൾ. ഇന്ന് പ്രേക്ഷകർ മേക്കപ്പിനെ കുറിച്ചും വസ്ത്രാലങ്കാരത്തെ കുറിച്ചും കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും തനിക്ക് ഒരുപാട് മെസേജുകൾ വരാറുണ്ടെന്നും മഷർ പറയുന്നു.

ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയാണെന്നും ഏറ്റവും വർക്ക് ലോഡ് ഉണ്ടായിരുന്നത് തല്ലുമാലയ്‌ക്കായിരുന്നുവെന്നും മഷർ ഹംസ പറഞ്ഞു. അജ്മൽ എൻ.എസിന് നൽകിയ അഭിമുഖത്തിൽ സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു മഷർ ഹംസ.

‘മേക്കപ്പിനെക്കുറിച്ചും വസ്ത്രാലങ്കാരത്തെക്കുറിച്ചും ടെക്നിക്കൽ വശത്തെക്കുറിച്ചുമെല്ലാം ഇന്ന് ആളുകൾ ഭയങ്കരമായിട്ട് ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് ആളുകളുടെ മെസേജുകൾ ഒരുപാട് വരാറുണ്ട്. ഞാൻ പോലും ശ്രദ്ധിക്കാത്ത ഒരുപാടുകാര്യങ്ങൾ ആളുകൾ മെസേജ് അയച്ച് പറയാറുണ്ട്.

അവരെന്താണ് പറയുന്നതെന്ന് അറിയാനായി ഞാൻ എല്ലാ മെസേജുകളും വായിക്കും. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹമുള്ള ഒരാൾ തീർച്ചയായും ധാരാളം സിനിമകൾ കാണണം. ഓരോ സീനിനും ഓരോ മൂഡുണ്ട്. സിനിമ കാണുന്നവർക്ക് ആ സീൻ ഇംപാക്ട് ഉണ്ടാക്കണം.

ഉപ്പയുടെ കൂട്ടുകാരൊക്കെ എന്റെ പടമൊക്കെ കണ്ടിട്ടുണ്ടെന്ന് പറയുമ്പോൾ അവർക്ക് ഒരുപാട് സന്തോഷമാകും. ഇന്ന് എന്നെക്കുറിച്ച് അവർക്ക് അഭിമാനമാണ്. ആദ്യചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഇഷ്ടമാണെങ്കിലും സുഡാനി ഫ്രം നൈജീരിയ, പറവ എന്നീ ചിത്രങ്ങളോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ട്.

ഇതുവരെ ചെയ്‌തതിൽ ഏറ്റവുമധികം വർക്ക്‌ലോഡ് ഉണ്ടായിരുന്ന ചിത്രം തല്ലുമാലയാണ്. ഒരുപാട് ആളുകളും ഒരുപാട് ദിവസത്തെ വർക്കും ഉണ്ടായിരുന്നു. ട്രാൻസും വലിയ സിനിമയായിരുന്നു,’മഷർ ഹംസ പറയുന്നു.

 

Content Highlight: Costume Designer Mashar Hamsa About His Films