| Sunday, 13th August 2023, 4:27 pm

'ലാലേട്ടനുവേണ്ടി ചെയ്ത എല്ലാ ഔട്ട്ഫിറ്റിലും അദ്ദേഹത്തിനൊപ്പം ഫോട്ടോസ് എടുക്കും; ചില ഡ്രെസ്സൊക്കെ മേടിച്ചുവെക്കും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിനുവേണ്ടി ഇതുവരെ ചെയ്തിട്ടുള്ള എല്ലാ കോസ്‌റ്റ്യൂമുകളും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് കോസ്റ്റ്യൂം ഡിസൈനർ ജിഷാദ്. അദ്ദേഹത്തിനായി ചെയ്തുകൊടുത്ത എല്ലാ വസ്ത്രങ്ങളും ധരിച്ചതിന് ശേഷം ഒപ്പം നിന്ന് നിർബന്ധമായും ചിത്രങ്ങൾ എടുക്കാറുണ്ടെന്നും മോഹൻലാലിന് ചിലപ്പോൾ തന്റെ വർക്കുകൾ ഇഷ്ടമായതുകൊണ്ടാവാം ജയിലറിലും ഡിസൈൻ ചെയ്യാൻ അവസരം തന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിഷാദ്.

‘ജയിലറിന് വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് ലാലേട്ടൻ അതിട്ടിട്ട് വന്നപ്പോൾ നെൽസൺ സാർ ഒരു സജഷനും പറഞ്ഞില്ല. അദ്ദേഹത്തിന്റെ മുഖത്ത് ഒരു സന്തോഷം തോന്നി. അപ്പോൾ എനിക്ക് മനസിലായി അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം എനിക്ക് വർക്ക് ചെയ്യാൻ പറ്റി, അല്ലെങ്കിൽ എന്താണോ വേണ്ടത് അത് തന്നെ സെറ്റ് ചെയ്യാൻ പറ്റിയെന്ന്.

പിന്നെ ലാൽ സാർ ആണെങ്കിലും ഹാപ്പി ആയിരുന്നു. എനിക്കങ്ങനെ തോന്നാൻ കാരണം എന്റെ പിറന്നാളാണിന് ഞാനും സാറും കൂടി ഒരു ഫോട്ടോ എടുത്തു. അപ്പോൾ ആറാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയം ആണ്. എന്റെ കയ്യിൽ സാറിന്റെ കൂടെയുള്ള ഒരുപാട് ഫോട്ടോകൾ ഉണ്ട്. എല്ലാ സ്റ്റൈലും കഴിഞ്ഞാൽ ഞാൻ പുള്ളിക്കൊപ്പം ഫോട്ടോ എടുക്കും.

എനിക്കറിയാം ഞാൻ ഇപ്പോഴും കൂടെയുള്ള ആളാണ് പിന്നെ എന്തിനാ ഇപ്പോഴും ചിത്രങ്ങൾ എടുക്കുന്നതെന്ന്, പക്ഷെ ഞാൻ ഫോട്ടോ എടുക്കും. സാറിന്റെ പല ഔട്ട്ഫിറ്റുകളുടെയും ഒരു കളക്ഷൻ തന്നെയുണ്ട്. പ്രൊഡക്ഷൻകാർ ആണല്ലോ പൈസ ഇടുന്നത്. ഞാൻ എപ്പോഴും ഒരു ഔട്ട്ഫിറ്റിന്റെ പൈസ അവർക്ക് കൊടുത്തിട്ട് അത് എടുത്തുവെക്കാറാനുണ്ട്. അവർക്ക് കൊടുക്കാറില്ല. എനിക്ക് സാറിന്റെ ഡ്രെസ്സുകളുടെ ഒരു കളക്ഷൻ ഉണ്ടാക്കണം. അങ്ങനെ കുറെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്.

എന്റെ പിറന്നാളിനെടുത്ത ചിത്രത്തിൽ അദ്ദേഹം എന്റെ തോളിൽ കൈവെച്ചാണ് നിൽക്കുന്നത്. അതിന് ഏകദേശം രണ്ട് വർഷം കഴിഞ്ഞ് ഒരു ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ ഞാൻ പറയാതെ തന്നെ സാർ എന്റെ തോളിൽ കൈ വെച്ചു. സാറിനു ചിലപ്പോൾ നമ്മളെ ഇഷ്ടമായിക്കാണും. ആ ഇഷ്ടം കൊണ്ടായിരിക്കും എന്നെ ജയിലറിലേക്ക് വിളിക്കാൻ കാരണം,’ ജിഷാദ് പറഞ്ഞു.

അഭിമുഖത്തിൽ അദ്ദേഹം മോഹൻലാലിനായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത മറ്റ് ചിത്രങ്ങളെപ്പറ്റിയും സംസാരിച്ചു.

‘ആറാട്ട് എന്ന ചിത്രത്തിൽ ലാലേട്ടന്റെ കംപ്ലീറ്റ് ലുക്കും ഞാനാണ് ചെയ്തത്. അതുകഴിഞ്ഞ് മോൺസ്റ്റർ ചെയ്ത്. എലോൺ എന്ന ചിത്രത്തിലേക്ക് സ്റ്റൈലിംഗ് സ്‌ചെയ്തത് ഞാനാണ്. ബ്രോ ഡാഡിയിൽ സ്‌കെച്ചുകൾ ചെയ്തു. കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് വേറെ ആളാണ്‌.

ആറാട്ടിൽ 50ൽ കൂടുതൽ കുർത്തകൾ ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഒമ്പതോ പത്തോ പാറ്റേണുകൾ ഒരെണ്ണത്തിന് തന്നെ കാണും. മുണ്ടിലും അതുപോലെതന്നെ ഡിസൈനുകൾ മാറ്റിയിട്ടുണ്ട്,’ ജിഷാദ് പറഞ്ഞു.

Content Highlights: Costume designer Jishad on Mohanlal

We use cookies to give you the best possible experience. Learn more