പൃഥ്വിരാജിനായി 32 ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്യേണ്ടി വന്നു; സിനിമയില്‍ മുഴുവനും ഉപയോഗിച്ചില്ല: കോസ്റ്റിയൂം ഡിസൈനര്‍
Entertainment
പൃഥ്വിരാജിനായി 32 ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്യേണ്ടി വന്നു; സിനിമയില്‍ മുഴുവനും ഉപയോഗിച്ചില്ല: കോസ്റ്റിയൂം ഡിസൈനര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th June 2024, 9:06 pm

പൃഥ്വിരാജ് സുകുമാരന്‍, നിഖില വിമല്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്.

പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. മെയ് 16നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ഗുരുവായൂരമ്പല നടയിലിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

സിനിമയിലെ പൃഥ്വിരാജിന്റെ കോസ്റ്റിയൂം വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. ഗുരുവായൂരമ്പല നടയിലിനായി താരത്തിന്റെ ഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്തത് കോസ്റ്റിയൂം ഡിസൈനറായ അശ്വതി ജയകുമാറായിരുന്നു. പൃഥ്വിക്കായി ആ സിനിമയിലേക്ക് എത്ര ഷര്‍ട്ടുകളാണ് ഡിസൈന്‍ ചെയ്തതെന്ന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അശ്വതി.

‘പൃഥ്വിരാജിന് വേണ്ടി ആ സിനിമയിലേക്ക് 32 പെയര്‍ ഷര്‍ട്ടുകള്‍ ചെയ്തിരുന്നു. പക്ഷെ അത്രയും യൂസ് ചെയ്തിട്ടില്ല. പന്ത്രണ്ടോ പതിമൂന്നോ കൂടിപോയാല്‍ പതിനാലോ ഷര്‍ട്ടുകള്‍ മാത്രമാണ് പൃഥ്വിരാജ് സിനിമയില്‍ ഇട്ടത്.

അത്രയൊക്കെ ഷര്‍ട്ടുകള്‍ നമ്മള്‍ ഓപ്ഷന്‍സിന് വേണ്ടി ചെയ്ത് വെക്കേണ്ടി വരും. ബാക്കി വന്ന ഷര്‍ട്ടുകള്‍ പ്രൊഡ്യൂസറിന്റെ കൈയ്യിലുണ്ട്. അവര്‍ അത് വേറെ പടത്തിന് വേണ്ടി ഉപയോഗിച്ചോളും,’ അശ്വതി ജയകുമാര്‍ പറഞ്ഞു.

തന്നോട് ആദ്യമേ തന്നെ പൃഥ്വിരാജിനെ മറ്റാരും പ്രസന്റ് ചെയ്യാത്ത രീതിയില്‍ പ്രസന്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും അശ്വതി അഭിമുഖത്തില്‍ പറയുന്നു. സിനിമ റിലീസായപ്പോള്‍ കിട്ടിയ ഫീഡ്ബാക്ക് ഭീകരമായിരുന്നുവെന്നും അശ്വതി ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നോട് ആദ്യമേ തന്നെ അദ്ദേഹത്തെ വേറെയാരും പ്രസന്റ് ചെയ്യാത്ത രീതിയില്‍ പ്രസന്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. എനിക്ക് പണ്ട് മുതല്‍ക്കേ ബ്ലോക്ക് പ്രിന്റ്‌സ് വലിയ ഇഷ്ടമായിരുന്നു. പിന്നെ ആ സമയത്താണ് മൊഡാള്‍ സില്‍ക്ക് വലിയ ട്രെന്‍ഡിങ്ങാകുന്നത്.

മൊഡാള്‍ സില്‍ക്കില്‍ ഷര്‍ട്ടുകള്‍ അധികം കണ്ടിട്ടില്ല. അത്തരം ഷര്‍ട്ടുകള്‍ കോമണല്ല. മൊഡാള്‍ സില്‍ക്കും കോട്ടണുമാണ് ഉപയോഗിച്ചത്. എങ്കിലും കൂടുതല്‍ യൂസ് ചെയ്തത് മൊഡാള്‍ സില്‍ക്കാണ്. അതാണ് ആളുകള്‍ തിരിച്ചറിഞ്ഞതും അവര്‍ക്ക് കൂടുതല്‍ ഇഷ്ടമായതും.

സിനിമ റിലീസായപ്പോള്‍ കിട്ടിയ ഫീഡ്ബാക്ക് ഭീകരമായിരുന്നു. എല്ലാവരും പൃഥ്വിരാജിന്റെ ആ കോസ്റ്റിയൂം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. പലരും അതുപോലെ ചെയ്തു തരാമോയെന്ന് ചോദിച്ചു. അതിനായി ഓര്‍ഡറുകള്‍ കിട്ടി തുടങ്ങിയിട്ടുണ്ട്,’ അശ്വതി ജയകുമാര്‍ പറഞ്ഞു.


Content Highlight: Costume Designer Ashwathy Jayakumar Talks About Prithviraj’s Costume In Guruvayurambala Nadayil