മമ്മൂട്ടിയുടെ സിനിമകളെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് അദ്ദേഹത്തിന്റെ ഡ്രസുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി താരത്തിന്റെ ഡ്രസുകളെല്ലാം ഡിസൈന്‍ ചെയ്യുന്നത് കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്താണ്. താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് അഭിജിത്ത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുമായി കൂടുതല്‍ സംസാരിക്കുന്നതും അദ്ദേഹം എന്നോട് എന്റെ പേര് ചോദിക്കുന്നതുമൊക്കെ ഇക്കയുടെ ഒരു പിറന്നാള്‍ ദിനത്തിലാണ്. പുതിയ നിയമമെന്ന സിനിമ നടന്നു കൊണ്ടിരിക്കെയായിരുന്നു അത്. മുമ്പ് മമ്മൂക്കയുടെ കോസ്റ്റ്യൂം ചെയ്ത ആള്‍ അന്ന് ലീവായിരുന്നു. അതുകൊണ്ടായിരുന്നു എനിക്ക് അന്ന് ചാന്‍സ് കിട്ടുന്നത്.
കോസ്റ്റ്യൂമുകള്‍ ഓള്‍റെഡി പര്‍ച്ചേസ് ചെയ്ത് വെച്ചിരുന്നു. ഞാന്‍ അത് സെറ്റ് ചെയ്യുകയും മമ്മൂക്കക്ക് വേണ്ടി അറേഞ്ച് ചെയ്ത് കൊടുക്കുകയുമാണ് വേണ്ടത്. അന്ന് സീനില്‍ ഇടാനുള്ള ഡ്രസൊക്കെ സെറ്റാക്കിയിരുന്നു. പിറന്നാള്‍ ദിവസമായത് കൊണ്ട് അദ്ദേഹം നല്ല തിരക്കിലായിരുന്നു. മമ്മൂക്കയെ കാണാന്‍ ഒരുപാട് ആളുകള്‍ വരുന്നുണ്ടായിരുന്നു. മാത്രവുമല്ല, ഒരു സ്‌കൂളിലായിരുന്നു അന്ന് ഷൂട്ടിങ്ങ് നടന്നിരുന്നത്.
ഞാന്‍ പര്‍ച്ചേസ് ചെയ്ത ഡ്രസ് മമ്മൂക്ക ഇട്ട് കാണണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ബ്രേക്കിന്റെ സമയത്ത് മമ്മൂക്കക്ക് ഇടാനായി ഒരു ഷര്‍ട്ട് എടുത്ത് വെച്ചു. ബ്രേക്കിന്റെ സമയത്ത് ഇക്കയെ ആ ഷര്‍ട്ടിട്ട് കാണണമെന്നേ ഉണ്ടായിരുന്നുള്ളു. അന്ന് മമ്മൂക്ക കേക്ക് കട്ടിങ്ങ് കഴിഞ്ഞിട്ട് ബ്രേക്ക് ടൈമില്‍ ഷര്‍ട്ട് മാറ്റാന്‍ വന്നു.
ആ ഷര്‍ട്ട് കണ്ടപ്പോള്‍ ഏതാണ് ഇതെന്ന് ചോദിച്ചു. അതുവരെ കാണാത്ത ഒരു ഷര്‍ട്ട് കാണുമ്പോള്‍ സ്വാഭാവികമായും ആ സംശയം ഉണ്ടാകുമല്ലോ. പുതിയ പയ്യന്‍ വന്നിട്ടുണ്ട്, അവനാകും ആ ഷര്‍ട്ട് കൊണ്ട് വെച്ചതെന്ന് ആരോ പറഞ്ഞു. ഇക്ക എന്ന വിളിക്കാന്‍ ആവശ്യപ്പെട്ടു. അതോടെ എനിക്ക് പേടിയായി. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ കാരവാനിലേക്ക് ചെന്നു. മമ്മൂക്ക എന്റെ കാര്യങ്ങളെ പറ്റിയൊക്കെ ചോദിച്ചു. അതിന് ശേഷമാണ് അദ്ദേഹം ‘ഈ ഡ്രസ് എനിക്ക് ഇഷ്ടമായി, ഞാനെടുക്കുകയാണ്. ബ്രേക്കിന് ഇട്ടിട്ട് ഇത് നാശമാക്കണ്ട, ഞാന്‍ വീട്ടില്‍ കൊണ്ട് പോയ്‌ക്കോളാം’ എന്ന് പറയുന്നത്,’ അഭിജിത്ത് പറഞ്ഞു.
Content Highlight: Costume Designer Abhijith Talks About His First Meet With Mammootty