ഭരണഘടന തിരുത്തിയെഴുതുകയല്ല, മാറ്റിനിർത്തുകയാണ്; ഹിന്ദുത്വ ഇന്ത്യ പ്രാവർത്തികമാകുന്നതാണ് ഇപ്പോൾ കാണുന്നത്; അരുന്ധതി റോയ്
national news
ഭരണഘടന തിരുത്തിയെഴുതുകയല്ല, മാറ്റിനിർത്തുകയാണ്; ഹിന്ദുത്വ ഇന്ത്യ പ്രാവർത്തികമാകുന്നതാണ് ഇപ്പോൾ കാണുന്നത്; അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th August 2020, 3:19 pm

ന്യൂദൽഹി: ഹിറ്റ്ലറിന്റെ നാസി ജർമ്മനയിൽ ഉണ്ടായിരുന്ന വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായാണ് ഇപ്പോൾ ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് അരുന്ധതി റോയ്. സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഹ​ഫിങ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഹിന്ദുത്വത്തിലധിഷ്ഠിതമായ വ്യവസ്ഥയിലേക്ക് പതിയെ ഇന്ത്യ നടന്നു നീങ്ങുന്നതായിരുന്നു ഇതുവരെ നാം കണ്ടിരുന്നതെങ്കിൽ ഇപ്പോൾ അത് പ്രാവർത്തികമാകുന്നതാണ് നാം കാണുന്നതെന്നും അവർ പറഞ്ഞു. പൊതുനയങ്ങളെല്ലാം ഇത്തരം പ്രത്യയശാസ്ത്രങ്ങളെ അ‌‌‌ടിസ്ഥാനമാക്കിയാണ് നിർമ്മിക്കപ്പെടുന്നതെന്നും അരുന്ധതി പറഞ്ഞു.

24 മണിക്കുർ പ്രവർത്തിക്കുന്ന മുഖ്യധാര മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കി ഈ പ്രവ‍ർത്തനങ്ങളെയെല്ലാം ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുകളുണ്ടായിരുന്നെങ്കിലും ആളുകളെ വിദ്വഷേത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്ന അവസ്ഥ ഇല്ലായിരുന്നു. ഭരണഘടനയെ മാറ്റിയെഴുതുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. ഭരണഘടനയെ തന്നെ മാറ്റിനിർത്തുന്ന സ്ഥിതിയാണുള്ളത്. ജനാധിപത്യത്തിലെ എല്ലാ സ്ഥാപനങ്ങളെയും ഇവർ പിടിച്ചെടുത്തിരിക്കുകയാണ് എന്നും അവർ പറഞ്ഞു.

നേരത്തെ ജനങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കരുത് എന്നാണ് ആവശ്യപ്പെ‌ട്ടിരുന്നത് എങ്കിൽ ഇപ്പോൾ ആളുകൾ തങ്ങളുടെ പൗരത്വത്തിന് വേണ്ടി സർക്കാരിനോട് യാചിക്കണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights : Arundhathi Roy on new India