കൊടുങ്ങല്ലൂര്‍: അഴീക്കോട് ശക്തമായ കടലേറ്റത്തില്‍പ്പെട്ട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിനെത്തിയ യുവതിയെ കടലില്‍ വീണ് കാണാതായി. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മാള പഴൂക്കര ഗുരുതിപാല തോപ്പില്‍വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയെയാണ് (24) കാണാതായത്. മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുക്കളായ സിന്ധു, അനന്തു എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരോയെയാിരുന്നു ആറംഗസംഘം മുനയ്ക്കല്‍ ബീച്ചിലെത്തിയത്. ഇവരില്‍ നാലുപേര്‍ മുട്ടോളം വെള്ളംവരെ കടലിലേക്കിറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കൂറ്റന്‍ തിരമാലയോടെ രൂക്ഷമായ കടലേറ്റമുണ്ടായി. നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് പ്രതാപന്‍ എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം വീണ്ടും തിരമാല ആഞ്ഞടിക്കുകയായിരുന്നു.
ഇതോടെ പ്രതാപന്റെ കൈയില്‍നിന്ന് അശ്വനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഴീക്കോട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചതായി ഇ.ടി. ടൈസണ്‍ എം.എല്‍.എ. അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായതോടെ കടല്‍ ഭിത്തി തകരുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇന്നലെ ഉച്ചയോടെയാണ് തീരദേശമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ച് തെങ്ങില്‍ പലയിടങ്ങളിലും കടല്‍ കയറി. തിരകള്‍ ആഞ്ഞടിച്ചതോടെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലം കാക്കത്തോപ്പ് മുതല്‍ പള്ളിന്നേര് വരെയുള്ള തീരദേശ പാത ഭാഗികമായി കടലെടുത്തു. കരുനാഗപ്പള്ളി, തങ്കശ്ശേരി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കടള്‍ പ്രക്ഷുബ്ധമായതോടെ കൊല്ലം ഇരവിപുരം തീരപാത താത്ക്കാലികമായി അടച്ചു
ശക്തമായ കടല്‍ക്ഷോഭം ഇന്നും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളില്‍ തിരമാലകള്‍ രണ്ടരമുതല്‍ മൂന്നുമീറ്റര്‍ വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി 11.30 വരെ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും വേലിയേറ്റ സമയത്ത് കരയിലേക്ക് തിരമാലകള്‍ ശക്തിയായി അടിച്ചു കയറാനിടയുള്ളതായും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) മുന്നറിയിപ്പില്‍ പറഞ്ഞു.
.