ആദര്‍ശ് അഴിമതി: അശോക് ചവാന്റെ പേര് ഒഴിവാക്കണമെന്ന സി.ബി.ഐ അപേക്ഷ കോടതി നിരസിച്ചു
India
ആദര്‍ശ് അഴിമതി: അശോക് ചവാന്റെ പേര് ഒഴിവാക്കണമെന്ന സി.ബി.ഐ അപേക്ഷ കോടതി നിരസിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2014, 3:34 pm

[] മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട പ്രതികളുടെ  ലിസ്റ്റില്‍ നിന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ പേര് നീക്കണമെന്ന  സി.ബി.ഐ അപേക്ഷ കോടതി നിരസിച്ചു. ഇതോടെ ആദര്‍ശ്   ഫ്‌ളാറ്റ്‌  അഴിമതിക്കേസില്‍ ചവാന്‍ കുറ്റാരോപിതനായി തുടരും.

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം വഞ്ചന, ഗൂഢാലോചന   എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ചവാന് എന്തുകൊണ്ട് അഴിമതി നിരോധന നിയമ പ്രകാരം വിചാരണയ്ക്കു വിധേയനായിക്കൂടെന്ന് ജഡ്ജ് ഡീഗ് കോടതിയോട് ചോദിച്ചു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ചവാനെ വിചാരണ ചെയ്യാനുള്ള അനുമതി നേരത്തെ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയത്.

സി.ബി.ഐ സംഘം നടത്തിയ പരിശോധനയില്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്ലാതെ ഗവര്‍ണര്‍ക്കെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്ന് വ്യക്തമായതായി സി.ബി.ഐ വക്താവ് അറിയിച്ചു.

ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ പുന പരിശോധിക്കാനായി ആവശ്യപ്പെടാമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബാരത് ബദമി പറഞ്ഞു.

2010 ല്‍ ആദര്‍ശ് ഫ്‌ളാറ്റ്‌  വിവാദത്തില്‍ കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.  2012 ലാണ് ചവാനുള്‍പ്പെടെ 13 പേരുടെ മേല്‍ കുറ്റം ചുമത്തിയിരുന്നത്.