അഴിമതിയാണ് രാജ്യത്തെ ബാധിച്ച പകര്‍ച്ച വ്യാധി: രാഹുല്‍ ഗാന്ധി
India
അഴിമതിയാണ് രാജ്യത്തെ ബാധിച്ച പകര്‍ച്ച വ്യാധി: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2013, 7:43 am

[]ന്യൂദല്‍ഹി: അഴിമതിയാണ് രാജ്യത്തെ ബാധിച്ചിരിക്കുന്ന പര്‍ച്ച വ്യാധിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അഴിമതി ജനങ്ങളുടെ ചോരയൂറ്റി കുടിക്കുകയാണെന്നും യു.പി.എ സര്‍ക്കാര്‍ ഏറെ അഴിമതിയാരോപണങ്ങള്‍ നേരിട്ടുവെങ്കിലും ഒടുക്കം അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ കൊണ്ടു വരാന്‍ കഴിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്പാല്‍ ബില്ലിനായി ഏറെ കാത്തിരിക്കേണ്ടി വന്നു. കോണ്‍ഗ്രസ് ആണ് ഒടുവില്‍ അത് പാസാക്കിയത്. അഴിമതിക്കുറ്റം ചുമത്തപ്പെട്ട എം.പിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാനും കോണ്‍ഗ്രസ് തയ്യാറായി.

രാജ്യം ഇനിയും വികസിക്കണം. വളര്‍ച്ചക്ക് തടസം നില്‍ക്കുന്ന ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടണം. ദാരിദ്ര്യത്തിനെതിരെ ഫലപ്രദമായി പോരാടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി നിയമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടണം- രാഹുല്‍ പറഞ്ഞു.

കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് കീറി ചവറ്റു കുട്ടയിലെറിയണമെന്ന് താന്‍ പറഞ്ഞത് ശരിയായില്ലെന്നും രാഹുല്‍ പറഞ്ഞു.

ഫെഡറേഷന്‍ ഓഫ്  ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (എഫ്.ഐ.സി.സി.ഐ) വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.