മുംബൈ: തലോജ സെന്‍ട്രല്‍ ജയില്‍ ക്യാന്റീനില്‍ നടക്കുന്ന അഴിമതി തുറന്നുകാട്ടി പൊലീസിനും കോടതിക്കും പരാതി നല്‍കി എല്‍ഗര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ സംരക്ഷകരായ സുരേന്ദ്ര ഗാഡ്ലിംഗും സാഗര്‍ ഗോര്‍ഖെയും.
വെജിറ്റബിള്‍ പക്കോഡ (ഫ്രിറ്റര്‍), മുട്ട ബുര്‍ജി തുടങ്ങിയ അടിസ്ഥാന അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുകയാണെന്നും 500 മുതല്‍ 1000 രൂപ വരെയാണ് വില ഈടാക്കുന്നതെന്നും പരാതിയില്‍ പറയുന്നു. തടവുകാര്‍ ആ സാധനങ്ങള്‍ അമിത വില നല്‍കി വാങ്ങേണ്ടി വരികയാണെന്നും പരാതിയില്‍ പറയുന്നു.
എള്‍ഗര്‍ പരിഷത്ത് കേസില്‍ ഏഴ് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ഗാഡ്ലിംഗ്, ഒരു ശരാശരി തടവുകാരന് ജയില്‍ ക്യാന്റീന്‍ സംവിധാനത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതെങ്ങനെയെന്നും അവരുടെ നല്ല ഭക്ഷണത്തിന്റെ വിഹിതം എങ്ങനെ ‘വി.ഐ.പി’കള്‍ക്ക് നല്‍കുന്നുവെന്നും പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ജൂലായില്‍ ഗൂര്‍ഖെ ജയിലിലെ അഴിമതി വിഷയം ഉന്നയിച്ച് ഒരു പരാതി നല്‍കിയിരുന്നെങ്കിലും ജയില്‍ വകുപ്പ് അദ്ദേഹത്തിന്റെ പരാതിയില്‍ നടപടിയെടുത്തിരുന്നില്ല.
ഈ മാസം ആദ്യം, ഗാഡ്ലിംഗ് ജയില്‍ അധികാരികള്‍ക്കും പന്‍വേല്‍ പൊലീസ് സ്റ്റേഷനിലേക്കും പരാതി കത്തുകള്‍ അയച്ചു, ഇതിന് പിന്നാലെ തലോജ ജയിലിലെ സീനിയര്‍ ജയിലര്‍ സുനില്‍ പാട്ടീലാണ് അഴിമതികള്‍ക്ക് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു.
നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഒരു കിലോ ആട്ടിറച്ചിക്ക് 8000 രൂപയാണ് ജയില്‍ കാന്റീന്‍ ഈടാക്കുന്നത്. അതുപോലെ ഒരു കിലോ വറുത്ത കോഴിയിറച്ചിക്ക് 2,000 രൂപയും മട്ടന് 7000 രൂപ വരെയും ഈടാക്കുന്നു.
ഈ പണം ജയില്‍ വകുപ്പിലേക്കല്ല മറിച്ച് പാട്ടീലും അദ്ദേഹത്തിന്റെ ആളുകളും നടത്തുന്ന ഒരു സമാന്തര സംവിധാനത്തിലേക്കാണ് പോകുന്നതെന്ന് ഇദ്ദേഹം കത്തില്‍ പറഞ്ഞു. ഇത് തടവില്‍ കഴിയുന്ന വ്യക്തികളുടെ ഭക്ഷണത്തിനുള്ള അവകാശത്തെ ലംഘിക്കുകയാണെന്നും കത്തില്‍ പറയുന്നു.
ഒരു ദശാബ്ദം മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘മോഡല്‍ പ്രിസണ്‍ മാനുവല്‍’ കൊണ്ടുവന്നത്. അതുപ്രകാരം പുരുഷ തടവുകാര്‍ക്ക് പ്രതിദിനം 2,320 കിലോ കലോറി മുതല്‍ 2,730 കിലോ കലോറി വരെയും വനിതാ തടവുകാര്‍ക്ക് പ്രതിദിനം 1,900 കിലോ കലോറി മുതല്‍ 2,830 കിലോ കലോറി വരെയുമാണ് നിര്‍ദ്ദേശിച്ചത്.
ജയിലില്‍ കഴിയുന്ന ഓരോ വ്യക്തിക്കും മതിയായ പോഷകാഹാരത്തിന് അര്‍ഹതയുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും ജയില്‍ മാനുവലില്‍ ഭക്ഷണകാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ തടവിലാക്കപ്പെട്ട വ്യക്തികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തിന്റെ അളവ്, ഏതൊക്കെ തരം ഭക്ഷണം എന്നിവ എഴുതിയിട്ടുണ്ട്.
ഈ ഭക്ഷണങ്ങള്‍ പോഷകസമൃദ്ധമായിരിക്കണം. അതിനൊപ്പം അന്തേവാസികളുടെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായിരിക്കണം.
കസ്റ്റഡിയിലുള്ളവര്‍ക്ക് മതിയായ ഭക്ഷണം നല്‍കുകയും ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്
സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ അടിസ്ഥാന യാഥാര്‍ത്ഥ്യം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ജയിലില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരമ ദയനീയമാണെന്നും പലതും ഭക്ഷ്യയോഗ്യമല്ലെന്നും തടവുകാര്‍ പലപ്പോഴായി പരാതിപ്പെട്ടിരുന്നു. ജയിലിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലും ഹൈക്കോടതിയിലും നിരവധി ഹരജികള്‍ വന്നിട്ടുണ്ട്. തലോജയിലെ ജയിലില്‍ വിളമ്പുന്ന ഭക്ഷണം മനുഷ്യര്‍ക്ക് കഴിക്കാന്‍ കഴിയുന്നതല്ലെന്നും ഒട്ടും രുചിയില്ലാത്തതും വേവിക്കാത്തതുമാണെന്നും ഇത് തടവുകാരുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഗാഡ്‌ലിംഗ് കത്തില്‍ പറയുന്നു.
ജയിലുകള്‍ക്കുള്ളിലെ കാന്റീനുകള്‍ ലാഭവും നഷ്ടവും നോക്കാതെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളാണ്. തടവുകാര്‍ക്ക് ജയിലില്‍ കഴിയുമ്പോള്‍ കഴിക്കാനോ ഉപയോഗിക്കാനോ ആഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും നേരത്തെ തന്നെ ഓര്‍ഡര്‍ കൊടുക്കണം.
ഈ ഉല്‍പ്പന്നങ്ങളില്‍ കൂടുതലും ലഘുഭക്ഷണങ്ങള്‍, സോപ്പുകള്‍, ഷാംപൂകള്‍, കോഴി ഇനങ്ങള്‍, ഇറച്ചി എന്നിവ ഉള്‍പ്പെടുന്നു.
തടവുകാരുടെ കുടുംബങ്ങള്‍ എല്ലാ മാസവും അയക്കുന്ന മണിയോര്‍ഡറുകള്‍ വഴിയാണ് അവര്‍ ഈ സാധനങ്ങള്‍ വാങ്ങുന്നത്.
പണം ഇല്ലാത്തതുകൊണ്ട് തന്നെ പല തടവുകാര്‍ക്കും ഇത് വാങ്ങാന്‍ സാധിക്കില്ല. പലരും സഹതടവുകാരുടെ സഹായത്തില്‍ ഭക്ഷണസാധങ്ങള്‍ വാങ്ങിക്കും.
ഓരോ തടവുകാരനും, അയാളുടെ പേഴ്സണല്‍ ക്യാഷ് (പിപിസി) അക്കൗണ്ട് വഴി, 10000 രൂപ വരെയുള്ള പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും. 6000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ ബാക്കി 4000 രൂപ പാട്ടീല്‍ അദ്ദേഹത്തിന്റെ പോക്കറ്റിലാക്കുമെന്നാണ് കത്തില്‍ പറയുന്നത്.
ജയില്‍ തടവുകാരെ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. പാവപ്പെട്ടവരും സാധാരണ തടവുകാരുമായ ഒരു വിഭാഗം, ധനികരും വി.ഐ.പി തടവുകാരുമായ മറ്റൊരു വിഭാഗം.
ഒരു തടവുകാരന്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമ്പോള്‍, അത് ജയിലിന്റെ ‘വര്‍ക്ക് ഓര്‍ഡറില്‍’ രേഖപ്പെടുത്തണമെന്നാണ്. എന്നാല്‍ അത് കൈകാര്യം ചെയ്യുന്നത് പാട്ടീലാണെന്ന് ഗാഡ്‌ലിംഗ് പറയുന്നു. മാത്രമല്ല സാധാരണ തടവുകാരുടെ വിഹിതം എല്ലാ മാസവും വി.ഐ.പികള്‍ക്ക് വേണ്ടി വകമാറ്റുന്നെന്നും ഗാഡ്‌ലിംഗ് പരാതിയില്‍ പറഞ്ഞു.
സമ്പന്നരായ വി.ഐ.പി തടവുകാര്‍ക്കുള്ള പ്രത്യേക ഭക്ഷണ സാധനങ്ങള്‍ക്കുള്ള റേഷന്‍ മറ്റ് തടവുകാര്‍ക്കുള്ള റേഷനില്‍ നിന്നാണ് എടുക്കാറ്.
വി.ഐ.പി തടവുകാര്‍ക്ക് നല്ല നിലവാരമുള്ള ഭക്ഷണം നല്‍കും, ബാക്കിയുള്ളവര്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
ജയിലിലെ ഭക്ഷണത്തിന്റെ കാര്യമൊക്കെ തമാശയാണെന്നായിരുന്നു ഗാഡ്ലിംഗിന്റെ മകനും അഭിഭാഷകനും കൂടിയായ സുമിത് ഗാഡ്ലിംഗ് പറഞ്ഞത്. ‘നിങ്ങള്‍ അര കിലോ ചിക്കന്‍ ചോദിച്ചാല്‍, ജയില്‍ അതോറിറ്റി നിങ്ങള്‍ക്ക് കുറേ ഗ്രേവിയും രണ്ട് ബോണി കഷണങ്ങളും നല്‍കും. ഇത് അവര്‍ ശരിയായ സാധനങ്ങള്‍ വാങ്ങാത്തതുകൊണ്ടല്ല, മറിച്ച് ചിക്കനിലെ നല്ല ഭാഗങ്ങള്‍ വി.ഐ.പി തടവുകാര്‍ക്ക് വേണ്ടി മാറ്റിവെക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര പ്രിസണ്‍സ് വെബ്സൈറ്റില്‍ (ഈ വര്‍ഷം മെയ് മുതല്‍) അപ്ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, 2,124 തടവുകാര്‍ക്കുള്ള ജയിലില്‍, 2,898 പേര്‍ തലോജ ജയിലിലാണ്. ഈ തടവുകാരില്‍ ഭൂരിഭാഗവും ദരിദ്ര പശ്ചാത്തലത്തില്‍ പെട്ടവരും പണം കൊടുത്ത് ഭക്ഷണം വാങ്ങാന്‍ സാഹചര്യം ഇല്ലാത്തവരുമാണ്. അതേസമയം ചിലര്‍ സമ്പന്നരും സ്വാധീനമുള്ളവരുമായ വിഭാഗത്തില്‍ പെടുന്നവരുമാണ്.
ഉദാഹരണത്തിന്, പൊലീസ് സ്റ്റേഷനില്‍ വച്ച് തന്റെ രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കല്യാണില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗണപത് ഗെയ്ക്വാദും തലോജയിലെ ജയിലാണ്. മറ്റ് നിരവധി വൈറ്റ് കോളര്‍ ക്രിമിനല്‍ പ്രതികളും നിരവധി ഗുണ്ടാ പ്രഭുക്കന്മാരും അവിടെയുണ്ട്. ഇവര്‍ക്ക് ലഭിക്കുന്നത് വി.ഐ.പി പരിഗണനയാണ്.
അതേസമയം വിഷയത്തില്‍ പ്രതികരണമെടുക്കാന്‍ പലതവണ ശ്രമിച്ചിട്ടും തലോജ ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഈ പരാതിയെ കുറിച്ച് അന്വേഷിക്കുമെന്ന് ജയില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ യോഗേഷ് ദേശായി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഇത്തരമൊരു പരാതി നല്‍കിയതിന് പിന്നാലെ ജയില്‍ അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി ഗാഡ്ലിംഗും ഗോര്‍ക്കെയും പറഞ്ഞു.
സംസ്ഥാന ജയില്‍ വകുപ്പും പൊലീസും പരാതി ഗൗരവമായി പരിഗണിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് സുമിത് ഗാഡ്‌ലിംഗ് ദി വയറിനോട് പറഞ്ഞു.
‘ഈ വിഷയം വെറും രണ്ട് പരാതിക്കാരില്‍ ഒതുങ്ങുന്നതല്ല. ഇത് അവര്‍ക്ക് വേണ്ടിയുമല്ല. മറിച്ച് അവിടെ തടവില്‍ കഴിയുന്ന ആയിരക്കണക്കിന് തടവുകാരേയും അവരുടെ ജീവിതത്തേയും ബാധിക്കുന്ന വിഷയമാണ്,’ സുമിത് പറഞ്ഞു.
Content Highlight: corruption in the functioning of the canteen facility inside Taloja Central Prison