ന്യൂദല്‍ഹി: രാജ്യത്തുണ്ടാവുന്ന അഴിമതികള്‍ ജനാധിപത്യത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ചോദ്യ പേപ്പര്‍ ചോര്‍ച്ച പോലുള്ള വിഷയങ്ങള്‍ അഴിമതിയാണെന്നും ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെയും പൊതുവിദ്യാഭ്യാസത്തെയും വിശ്വാസ്യതയെയും ബാധിക്കുന്ന വിഷയമാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
ഒന്നാം ലോക്പാല്‍ ദിനത്തെ അനുമസ്മരിച്ച് നടത്തുന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സഞ്ജീവ് ഖന്നയുടെ പരാമര്‍ശം. ലോക്പാല്‍ രാജ്യത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമപ്രധാനമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള അഴിമതികള്‍ ഉണ്ടാവുന്നത് വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും ഇല്ലാതാക്കുമെന്നും പറഞ്ഞ സഞ്ജീവ് ഖന്ന ഇത് പൊതുവിദ്യാഭ്യാസത്തിനുള്ള അവകാശത്തെയും ജോലി ഉറപ്പാക്കാനുള്ള വിദ്യാര്‍ത്ഥികളുടെ കഴിവിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹം വീക്ഷിക്കുമെന്നും ഇത് പൊതുജനങ്ങള്‍ക്ക് ഭരണകൂടത്തോടുള്ള വിശ്വാസ്യതയ്ക്ക് മങ്ങലുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേവലം ലോക്പാല്‍ സ്ഥാപിച്ചത് കൊണ്ട് മാത്രം അഴിമതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളെ ഏകോപിപ്പിച്ചാല്‍ മാത്രമേ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂവെന്നും സഞ്ജീവ് ഖന്ന കൂട്ടിച്ചേര്‍ത്തു.
ലോക്പാല്‍ അഴിമതിക്കുള്ള മറുമരുന്നാണെന്നും അഴിമതിയുടെ പ്രശ്‌നപരിഹാരത്തിന് മാത്രമല്ല ലോക്പാലെന്നും കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കാനുള്ള വഴിയാണ് ലോക്പാലെന്നും ഖന്ന പറഞ്ഞു.
ലോക്പാല്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും വിശ്വാസവും പ്രതിബദ്ധതയുമുള്ള പൗരന്മാരാണ് അഴിമതിയെ വേരോടെ പിഴുതെറിയാന്‍ തീരുമാനിക്കേണ്ടതെന്നും ഖന്ന പറഞ്ഞു.
Content Highlight: Corruption in the country will destroy people’s faith in democracy: Sanjeev Khanna