പട്ടേല്‍ പ്രതിമയുടെ ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി; എഫ്.ഐ.ആര്‍ ചുമത്തി പൊലീസ്
national news
പട്ടേല്‍ പ്രതിമയുടെ ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി; എഫ്.ഐ.ആര്‍ ചുമത്തി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 8:53 am

അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി. ടിക്കറ്റ് വിറ്റു ലഭിച്ച പണത്തില്‍ നിന്ന് 5.24 കോടിയുടെ തിരിമറി നടത്തിയ ചില ജീവനക്കാര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ചുമത്തി.

നവംബര്‍ 2018 മുതല്‍ മാര്‍ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഇവര്‍ ബാങ്കില്‍ അടച്ചില്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ബാങ്കിലെത്തിക്കാന്‍ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നര്‍മദയിലെ കേവാഡിയയില്‍ നിന്നും പണം സ്വീകരിച്ച് തൊട്ടടുത്ത ദിവസം ബാങ്കില്‍ നിക്ഷേപിക്കും.

എന്നാല്‍ ചില ഏജന്‍സി ജീവനക്കാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന പണം നിക്ഷേപിക്കാതെ 5.24 കോടി രൂപ തിരിമറി നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ബാങ്ക് മാനേജര്‍, പണം ശേഖരിച്ച് ബാങ്കില്‍ എത്തിക്കുന്ന ഏജന്‍സിയിലെ ജീവനക്കാര്‍ എന്നിവരെ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 420, 406, 120-ബി എന്നീ വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തട്ടിപ്പ് നടന്നിട്ടില്ലെന്നും 5.24 കോടി ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റി മാനേജ്‌മെന്റ് പറഞ്ഞു. വിഷയത്തില്‍ സ്റ്റാറ്റ്യൂ ഓഫ് യുണിറ്റിയുടെ മാനേജ്‌മെന്റിന് ഉത്തരവാദിത്തമില്ലെന്നും പണം ശേഖരിക്കുന്ന ഏജന്‍സിയും ബാങ്കുമായി ബന്ധപ്പെട്ടതാണ് വിഷയം എന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സ്റ്റാറ്റ്യൂ ഓഫ് യുണിറ്റിയിലെ ടിക്കറ്റ് വരുമാനത്തില്‍ നിന്നുള്ള തുക ശേഖരിക്കാന്‍ പ്രസ്തുത ഏജന്‍സിയെ ചുമതലപ്പെടുത്തിയതും ബാങ്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 5.24 crore of Statue of Unity’s ticket sale siphoned off, FIR lodged