Advertisement
national news
അഴിമതി, മോശം ഭരണം ചത്തീസ്ഗഡില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 04:42 pm
Sunday, 2nd February 2025, 10:12 pm

റായ്പൂര്‍: ചത്തീസ്ഗഡില്‍ ബി.ജെ.പിക്കെതിരെ 25 ഇനകുറ്റപത്രമിറക്കി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി. അഴിമതി, മോശം ഭരണം, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ പരാജയം, ക്രമസമാധാന നില തകര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് കുറ്റപത്രമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് കുറ്റപത്രം ഇറക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ദിശാബോധമില്ലെന്നും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരാണ് ചത്തീസ്ഗഡിലേതെന്നും പി.സി.സി സംസ്ഥാന പ്രസിഡന്റ് ദീപക് ബൈജ് പറഞ്ഞു.

സര്‍ക്കാര്‍ റിമോട്ടില്‍ ചലിക്കുന്ന പാവയാണെന്നും ചത്തീസ്ഗഡ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ദല്‍ഹിയില്‍ നിന്നാണോ നാഗ്പൂരില്‍ നിന്നാണോ അതോ ബീഹാറില്‍ നിന്നാണോ എന്ന് ആര്‍ക്കും അറിയില്ലെന്നും ദീപക് ബൈജ് പറഞ്ഞു.

സംസ്ഥാനത്തിന് നിരവധി സൂപ്പര്‍ മന്ത്രിമാരുണ്ടെന്ന് തോന്നുന്നതായും ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയോ രണ്ട് ഉപമുഖ്യമന്ത്രിമാരോ ബി.ജെ.പിയിലെ ഉന്നതരാണോ എന്നും ദീപക് ബൈജ് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ ഭരണകാലത്തെ അഴിമതികള്‍ കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനം ഇതിനകം തന്നെ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞെന്ന് ബി.ജെ.പി ആരോപിച്ചു.

മോദിയുടെ ഉറപ്പിനടിസ്ഥാനമായി കഴിഞ്ഞ വര്‍ഷത്തില്‍ തങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസം നേടിയെന്നും പറഞ്ഞ ബി.ജെ.പി കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പാടെ തള്ളിക്കളയുകയായിരുന്നു.

ഫെബ്രുവരി പതിനൊന്നിനാണ് ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ്. പത്ത് കോര്‍പ്പറേഷനുകളിലേക്കും 49 മുന്‍സിപാലിറ്റികളിലേക്കും 114 നഗര്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ്.

Content Highlight: Corruption, bad governance Congress charges against BJP in Chhattisgarh