അഴിമതി, പണപ്പിരിവ്; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News
അഴിമതി, പണപ്പിരിവ്; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th February 2022, 2:15 pm

കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പണം പിരിച്ചുവെന്നാരോപിച്ചാണ് മനോജിനെ സസ്‌പെന്റ് ചെയ്തത്.

ദക്ഷിണ മേഖലാ ഐ.ജിയാണ് മനോജിനെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

മണല്‍ മാഫിയയില്‍ നിന്ന് പണം വാങ്ങി മണല്‍ കടത്താന്‍ സഹായിച്ച കുറ്റത്തിനാണ് ബിജിയെ സസ്‌പെന്റ് ചെയ്തത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ബിജി അഴിമതി നടത്തിയതായി കണ്ടെത്തിയത്.

വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ഐ.ജി ബിജിയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

സമാന സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരേയും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്. പള്ളിക്കത്തോട് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐക്കും വനിതാ പൊലീസുദ്യോഗസ്ഥക്കുമെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.


Content Highlights: Corruption and money laundering; Suspension for two policemen