അഴിമതിയും കേരളത്തിന്റെ വർഗീയവൽക്കരണവും
FB Notification
അഴിമതിയും കേരളത്തിന്റെ വർഗീയവൽക്കരണവും
എന്‍.പി. ആഷ്‌ലി
Tuesday, 17th July 2018, 11:01 pm

കുറച്ചു വര്ഷങ്ങള്ക്കു മുമ്പാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലൂടെ എങ്ങോട്ടോ പോവുകയായിരുന്നു: മഞ്ചേരി ടൗൺ നിറയെ ഉമ്മൻ‌ചാണ്ടിക്കു സിന്ദാബാദ് വിളിച്ചുള്ള ഫ്ളക്സ് ബോർഡുകളാണ്. മഞ്ചേരിയിൽ പുതിയ മെഡിക്കൽ കോളേജ് വരുന്നു. അതനുവദിച്ച മന്ത്രിസഭയുടെ മുഖ്യൻ എന്ന നിലയ്ക്കാണ് ഫ്ളക്സ് അഭിഷേകം. ഈ ഫ്ലെക്സിന്റെ കാര്യത്തിൽ ഏറ്റവും കൗതുകകരമായ കാര്യം അത് വെച്ചത് നാട്ടുകാരോ ഡോക്ടർമാരോ വിദ്യാര്ഥികളോ അല്ല; റിയൽ എസ്റ്റേറ്റ്കാരുടെ സംഘടനയാണ് എന്നതാണ്. മെഡിക്കൽ കോളേജ് വരുമ്പോൾ ചുറ്റുപാടുമുള്ള സ്ഥലത്തിന് സ്വാഭാവികമായും വിലകൂടും, ബ്രോക്കര്മാര്ക്ക് കച്ചവടവും കൂടും.

വരാനിരിക്കുന്ന പ്രോജെക്ടിനോ സ്ഥാപനത്തിനോ ചുറ്റും ഉള്ള സ്ഥലക്കച്ചവടം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും നടക്കുന്ന ഒരു ഏർപ്പാടാണ്. എവിടെയാണ് പുതിയ പ്രൊജെക്ടുകൾ വരുന്നതെന്നറിയാവുന്ന രാഷ്ട്രീയക്കാർ അതിനു ചുറ്റുമുള്ള ഭൂമി ചെറിയ വിലക്ക് വാങ്ങിക്കൂട്ടുന്നു. എന്നിട്ടു പത്തും പതിനഞ്ചും ഇരട്ടി വിലയ്ക്ക് മറിച്ചു വിൽക്കുന്നു. വരാൻ പോകുന്ന പ്രോജക്ടിന് ചുറ്റും റിയൽ എസ്റ്റേറ്റ് നടത്താം; റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽ പദ്ധതികൾ കൊണ്ട് വരികയും ചെയ്യാം.

മലബാറിൽ റിയൽ എസ്റ്റേറ്റ് ബൂം ഗൾഫിൽ പോയി ജോലി ചെയ്യുകയും കച്ചവടം നടത്തുകയും ചെയ്തു കുറച്ചു സമ്പാദ്യമുണ്ടാക്കിയവരെ ചൂഷണം ചെയ്യാൻ വേണ്ടി പഴയ ഫ്യൂഡൽ തറവാട്ടുകാരും നിക്ഷേപം സംഘടിപ്പിക്കാനിറങ്ങുന്ന രാഷ്ട്രീയക്കാരും ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു കഥയാണ്. സെന്റിന് അഞ്ചും പത്തും ആയിരം വിലയുണ്ടായിരുന്നിടത്തു ഇപ്പോൾ മൂന്നും നാലും ലക്ഷമാണ് വില. പത്തു സെന്റുള്ളവനൊക്കെ മില്ല്യണയർ. “നാട്ടിൽ ഒരു വീട്” തുടങ്ങിയ ഫ്യൂഡൽ കാഴ്ചപ്പാട് ആകെ വിഴുങ്ങിയത് കൊണ്ട് എത്ര കൊടുക്കാനും ഗൾഫിൽ പോയി പണമുണ്ടാക്കിയ ചെറുകിടക്കാർ തയ്യാറാകും. കുറച്ചു വൻപണക്കാരും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന റിയൽ എസ്റ്റേറ്റ് കളി അവിടെയുള്ള ഇടത്തരം അല്ലെങ്കിൽ ഉയർന്ന ഗൾഫ് പണക്കാരുടെ പണം തങ്ങളുടെ കയ്യിലെത്താൻമാത്രമുള്ള ഒരു ഏർപ്പാടാണ് എന്നാണീ കച്ചവടങ്ങളിൽ എത്രയെണ്ണം ലാഭമുണ്ടാക്കുന്നു എന്നന്വേഷിക്കുന്ന ആർക്കും തോന്നുക.

മലപ്പുറത്ത് പല വിദ്യാഭ്യാസപദ്ധതികളും പറഞ്ഞു കേട്ടിരുന്നു; അലിഗഡ് യൂണിവേഴ്സിറ്റി സെന്റർ പോലുള്ള ചിലതു നടന്നു. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്‌വേജസ് യൂണിവേഴ്സിറ്റി സെന്റർ പോലുള്ള ചിലതു നടന്നതുമില്ല. (ഗ്ലോബൽ നോളഡ്ജ് സെന്ററുകളെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് ഈ തരം പ്രൊജെക്ടുകൾ എന്നും തുടങ്ങുക. പിന്നെ അതൊന്നും കേൾക്കാനേ ഇല്ലാതാവും). ഏതായാലും ചുറ്റുപാടും ചില്ലറ വിലയുണ്ടായിരുന്ന ഭൂമിക്കു ഈ പദ്ധതി കാരണം വിലയേറിയിട്ടുണ്ടാവാമെന്നു നമുക്ക് ന്യായമായും വിചാരിക്കാം. അതന്വേഷിച്ചു നോക്കാവുന്നതുമാണ്.

പുതിയ സ്ഥാപനങ്ങളുടെ കാര്യത്തിൽ രണ്ടു രാഷ്ട്രീയ ചർച്ചകളാണ് കേട്ടിരുന്നത്: മലപ്പുറത്ത് മാത്രമാണ് ഐക്യ ജനാധിപത്യമുന്നണി പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതെന്നും ഇത് മുസ്ലിം ലീഗിന്റെ മുസ്ലിം അണികളെ സന്തോഷിപ്പിക്കാനും അവരെ പ്രീണിപ്പിച്ചു കൂടെനിർത്താനുമുള്ള പരിപാടിയാണെന്ന ഇടതുപക്ഷത്തിന്റെയും ബി ജെ പിയുടെയും വാദമാണ് ഒന്നാമത്തേത്. വികസനകാര്യത്തിൽ പിന്നിൽ നിൽക്കുന്ന മലപ്പുറത്തു എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അതിനെ മുസ്ലിം പ്രീണനമെന്നു പറയുന്ന ഇടതുപക്ഷത്തിന്റേതു സംഘുപരിവാർ മനോഭാവം തന്നെയാണെന്നുള്ള വാദമാണ് മുസ്ലിം ലീഗിൽ നിന്നും ലീഗ് വിരുദ്ധരായ മറ്റു മുസ്ലിം പാർട്ടികളിൽനിന്നും ഒരു പോലെ കേട്ടതു. മുസ്ലിം അനുകൂലം, മുസ്ലിം വിരുദ്ധം എന്നിങ്ങനെ രണ്ടു പക്ഷങ്ങൾ മാത്രം.

ആ സ്ഥാപനങ്ങൾ വന്നിട്ട് വിദ്യാഭ്യാസപരമായി എന്ത് ഗുണം കിട്ടുമെന്നോ അവയുടെ അക്കാഡമിക് നിലവാരം എന്താണെന്നതിനെപ്പറ്റിയോ ആരും ചോദിച്ചുകേട്ടില്ല. ഇവയെച്ചുറ്റിപ്പറ്റി നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്തൊക്കെയാണെന്നതിനെപ്പറ്റി ഒരു വർത്തമാനവും ചർച്ചയും രാഷ്ട്രീയക്കാരിൽ നിന്നോ പത്രക്കാരിൽ നിന്നോ കേട്ടിട്ടില്ല. സി പി എം പോകട്ടെ ബി ജെ പി പോലും മൂലധനതാല്പര്യങ്ങളേക്കുറിച്ചു ഒരിക്കലും ഒരക്ഷരം മിണ്ടിയിട്ടില്ല.

(ഇക്കാര്യത്തിൽ ഇപ്പോൾ മൗനമവലംബിക്കുന്ന കോൺഗ്രസ് പിന്നാക്കം നിന്ന ഒരു നാടിന്റെ വിദ്യാഭ്യാസപുരോഗതിക്കായി കേരളത്തിലെ തന്നെ മികച്ച ഒരു സർവകലാശാലയായി സി എഛ് മുഹമ്മദ് കോയ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു വളർത്തിക്കൊണ്ടുവന്നപ്പോൾ ജനസംഘക്കാരോടൊപ്പം അതിനെ മാപ്പിള സർവകലാശാല എന്ന് വിളിച്ചു അപമാനിച്ചവരാണ് – അന്ന് ഏറ്റവും മുസ്ലിം വിരുദ്ധപ്രസ്താവനകൾ നടത്തിയ ഒരാൾ കെ. കരുണാകരനായിരുന്നു. അന്ന് കോൺഗ്രസിന്റെ വംശീയ ആക്രമണങ്ങളെ എതിർത്ത ഒരാളുടെ പേര്, ഇന്ന് മുസ്ലിം വിരുദ്ധൻ എന്ന് സോഷ്യൽ മീഡിയയിൽ സ്ഥിരമായി വിശേഷിക്കപ്പെടുന്ന, വി എസ അച്യുതാനന്ദൻ എന്നുമാണ്. കാരണം ലളിതമാണ്: മുസ്ലിം ലീഗ് അന്ന് സി പി എമ്മിനൊപ്പമായിരുന്നു. എല്ലാവരുടെയും രാഷ്ട്രീയനിലപാട് തങ്ങളുടെ കക്ഷികളുടെ താൽക്കാലിക താല്പര്യങ്ങൾ അനുസരിച്ചാണ് എന്ന് മാത്രം).

പറഞ്ഞു വരുന്നത് ഈ മുസ്ലിംഅനുകൂല-മുസ്ലിം വിരുദ്ധ ചർച്ചയിൽ രാഷ്ട്രീയക്കാരുടെയും വൻപണക്കാരുടെയും സാമ്പത്തികതാല്പര്യങ്ങൾ അദൃശ്യമാക്കപ്പെടുന്നു എന്നാണ്. വിദ്യാഭ്യാസത്തിന്റെ ഗുണത്തെപ്പറ്റിയോ കാരക്ടറിനെപ്പറ്റിയോ ഉള്ള ചർച്ചകൾ പോലും ഇല്ലാത്ത അവസ്ഥ. സമുദായധ്രുവീകരണത്തിന്റെ ലാഭം മാത്രമല്ല കച്ചവടത്തിന്റെയും ലാഭം നേതാക്കൾക്ക് തന്നെ.

മുസ്ലിം എന്ന വിഷയം വളരെ planned ആയി രണ്ടുവശത്തുമുള്ള രാഷ്ട്രീയക്കാർ ഉയർത്തികൊണ്ടുവരുന്നതാണെന്നുള്ളതിന്റെ തെളിവാണ് ക്ലാസ്സിൽ ഉപയോഗിക്കുന്ന ബോർഡിൻറെ നിറം പച്ചയാണെന്നു ഒരു പ്രചാരണം വരുമ്പോൾ പിണറായി വിജയനടക്കം അതിൽ കയറി മുസ്ലിം ലീഗിനെ വിമർശിക്കുന്നത്. അഞ്ചാം മന്ത്രി വിഷയം ഉപയോഗിച്ച് സമുദായസന്തുലനം എന്നൊക്കെയുള്ള യാതൊരു അർത്ഥവും ചരിത്രവുമില്ലാത്ത പദങ്ങൾ ഉപയോഗിച്ച് മുസ്ലിം സമുദായത്തിനെന്തോ അനർഹമായി കിട്ടുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നത്. ഇങ്ങനെ സാമ്പത്തികമോ സാമൂഹ്യമോ ആയ യാതൊരു കാരണങ്ങളുമില്ലാത്ത ഒരു അടയാളയുദ്ധമായി വർഗീയതയെ മാറ്റുന്നത് സി പി എം എന്ന പാർട്ടിയുടെ മൂലധന താൽപര്യങ്ങൾക്കു യോജിച്ച നിലയിലാണ്.
അതിൽ ഗൾഫ് കേന്ദ്രമാക്കി പണം ഉണ്ടാക്കിയ ഒരുപാട് മുസ്ലിംകളും ഉണ്ടെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഇങ്ങനെയുള്ള ചർച്ചകൾ വരുമ്പോൾ മുസ്ലിംകൾ ഒറ്റക്കെട്ടായി ഈ ആക്രമണത്തെ എതിർക്കണമെന്ന വാദം ശക്തമാവും. രാഷ്ട്രീയമായി എതിർക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്യുന്ന ഇസ്ലാമിസ്റ്റുകൾക്കു മുസ്ലിം പക്ഷത്തിന്റെ വക്താക്കളായി രംഗത്തു വരാനും ഇത് അവസരമൊരുക്കും (മുസ്ലിം സാമുദായികതയിൽ രാഷ്ട്രീയനിലപാടുകൾ അപ്രസക്തമാകും). മുസ്ലിം സമുദായത്തെ ഒറ്റക്കല്ലിൽ തീർക്കാവുന്ന സ്ഥിതിയിലേക്ക് ഈ സാഹചര്യം കാര്യങ്ങളെ അടുപ്പിക്കും. തീർത്തും അഴിമതിയിൽ മുങ്ങിക്കഴിഞ്ഞ ലീഗ് നേതൃത്വത്തിന്, അവരിൽ ചിലരോട് കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന ഇസ്ലാമിസ്റ്റ് പക്ഷത്തിനു ഇത് സൗകര്യമാണ് താനും. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആശയദാരിദ്ര്യം തന്നെ ഈ അഴിമതിയിൽ നിന്നും സ്വാര്ഥതാല്പര്യങ്ങളിൽ നിന്നും ഉണ്ടാവുന്നതാണ്.

ഇങ്ങനെ മുസ്ലിംകൾ ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽത്തന്നെ അകന്നു പോകുമ്പോൾ ഒപ്പമുള്ള ബാക്കിയുള്ളവരെ കൂടെ നിർത്താൻ എന്തെങ്കിലുമൊക്കെ പരിപാടി ആലോചിക്കണം: അങ്ങിനെയാണ് ഉള്ള ഹിന്ദുക്കളുടെ ആഘോഷങ്ങൾ നടത്തി അവരെ കൂടെ നിർത്തുക തുടങ്ങിയ ചർച്ചകൾ വരുന്നത്. നിലവിളക്കു സമരവും ബാലഗോകുലവും രാമായണമാസാഘോഷചർച്ചകളും കലണ്ടറിൽ എഴുതിച്ചേർക്കപ്പെടുന്നത്. (ഒരു പാർട്ടിയും ഇതൊന്നും നടത്തണമെന്നു നടത്തരുതെന്നോ പറയാൻ ഞാൻ ആളല്ല. അണികളെ നഷ്ടപ്പെടുമോ എന്ന പേടികൊണ്ടു നടത്തുന്ന കാട്ടിക്കൂട്ടലുകളാവരുത് ഇതൊന്നും എന്നെ പറയാനുള്ളു).

അങ്ങിനെ ചിഹ്നപരമായ കമ്മ്യൂണിസ്റ്റ് പുരോഗമനവാദത്തിന്റെയും ഇടതു ഹിന്ദു വിശ്വാസത്തിന്റെയും കൂട്ട് ഒരുഭാഗത്തും മുസ്ലിം ഇരവാദം മറുവശത്തും നിന്ന് നടത്തുന്ന സാമുദായികധ്രുവീകരണം അഴിമതിയിൽ കുളിച്ചുകിടക്കുന്ന എല്ലാ രാഷ്ട്രീയക്കാരുടെയും ആവശ്യമാണ്, താല്പര്യമാണ്, ഉദ്ദേശ്യമാണ്. അക്കല്ലിൽ പോയി തലയടിച്ചു ജീവൻ കളയാനാണ് നമ്മുടെ ആത്മാര്ഥതയുള്ള പല വർഗീയവിരുദ്ധ ഇടതുപക്ഷക്കാരുടെയും ലീഗുകാരുടെയും വിധി. ഫേസ്ബുക്കിൽ പലയിടത്തും ഈ പ്ലാനിൽ വീണു സുഹൃത്തുക്കളെ നഷ്ടപ്പെട്ടവരുടെ പരിവേദനങ്ങളാണ്.

ഇത് രാഷ്ട്രീയമായി മുതലെടുത്തു ലാഭമുണ്ടാക്കാൻ കഴിയുന്ന ഒരു നേതാവും ഇന്ന് കേരളത്തിലെ ഒരു പാർട്ടിയിലുമില്ല. എല്ലാ ഭാഗത്തുമുള്ള മതരാഷ്ട്രവാദപാർട്ടിക്കാരും സാമുദായികസായുധവൽക്കരണത്തിന്റെ ചാമ്പ്യന്മാരും ഈ വ്യവസ്ഥയുടെ ഭാഗം തന്നെയാണ്. അവർ ഒന്നുകിൽ സാമ്പത്തികനേട്ടങ്ങൾക്കായി അല്ലെങ്കിൽ സ്വന്തം തടി രക്ഷിക്കാൻ
ഈ അഴിമതിയിൽ പങ്കുകാരായിട്ടുണ്ട് (മാറാട് എം എൻ വിജയൻ പറഞ്ഞപോലെ ഒരു പത്തുലക്ഷത്തിന്റെ കണക്കായി അവസാനിച്ചതും ചേകന്നൂർ മൗലവി വധം ഒരു മുസ്ലിം വിഭാഗത്തെ ബി ജെ പി പിന്തുണക്കാരാക്കുന്നതിലേക്കു എത്തിച്ചതും നാം കണ്ടതാണ്). അദാനിയുടെയും റിയലന്സിന്റെയും ലുലുവിന്റെയും കല്യാണിന്റെയും മുമ്പിൽ എല്ലാവരും സമന്മാർ തന്നെ. ഇവരൊക്കെ ലാഭമെടുത്തു കഴിയുമ്പോൾ ബാക്കി ആജന്മശത്രുത ബാക്കിയുള്ള കുറെ മുൻസുഹൃത്തുക്കളും നാട്ടുകാരും അയൽവാസികളുമാവും. സ്ത്രീനീതിയും ദളിത്-ആദിവാസി രാഷ്ട്രീയവും പരിസ്ഥിതിയും ഓർക്കാൻ പോലുമാവാത്ത സാമുദായികയുദ്ധഭൂമിയിലാകും അന്ന് നമ്മൾ.

ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സമൂഹത്തിലെ വർഗീയവൽക്കരണത്തിന്റെ താഴെ അഴിമതിയുടെ ഒരു വൻകര നിലകൊള്ളുന്നുണ്ട്. അവിടേക്കു എത്താത്ത ശ്രദ്ധ ആരുടെയോ താൽപര്യങ്ങളിൽ നമ്മെ കറക്കിക്കൊണ്ടിരിക്കും.

കുറിപ്പ്: ഇക്കാര്യം ഇപ്പോൾ എഴുതാൻ കാരണം അഭിമന്യു വധത്തിലെ അന്വേഷണമാണ്. കൊലയാളികളായ നാല് പേരെയും ഇനിയും കണ്ടെത്താനോ അവരെക്കുറിച്ചു എന്തെങ്കിലും കൃത്യമായ വിവരങ്ങൾ തരാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എസ് ഡി പി ഐയുടെ സംസ്ഥാനനേതാക്കളെ അറസ്റ്റ് ചെയ്യുക, പോപ്പുലർ ഫ്രണ്ടിന്റെ നൂറ്കണക്കിന് പ്രവർത്തകരെ ചോദ്യം ചെയ്യുക എന്നതൊക്കെ കമ്മ്യൂണിസ്റ്റ് അണികൾക്ക് ഊറ്റം പകരുമെന്നല്ലാതെ നടന്ന കൊലയിൽ നീതി നടപ്പാക്കാനോ ജനസാമാന്യത്തിന്റെ ചോദ്യങ്ങൾക്കുത്തരം നൽകാനോ പ്രാപ്തമല്ല. കമ്മ്യൂണിസ്റ്റ് സർക്കാരും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള adjustment കൊണ്ടാണ് അഭിമന്യുവിന്റെ പ്രതികളെപ്പിടിക്കാത്തതെന്നു ഹിന്ദുക്കളും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുത്വക്കാരുമായുള്ള adjustmentഇന്റെ പുറത്താണ് ഇത്രയും പേരെ കസ്റ്റഡിയിൽ എടുക്കുന്നതെന്നു മുസ്ലിംകളും വിശ്വസിച്ചു വരുന്നതായാണ് പല ഫേസ്ബുക്/whatsaap ഗ്രൂപ്പുകളിലും നടക്കുന്ന ശ്രദ്ധിച്ചാൽ മനസ്സിലാവുക. ഹിന്ദുത്വക്കാരും ഇസ്ലാമിസ്റുകളും തങ്ങളെ ഒരുമിച്ചെതിർക്കുന്നതു തങ്ങൾ ശരി ആയതുകൊണ്ടാണ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ചേർന്നാൽ ചിത്രം പൂർത്തിയായി. ഈ മാസ്റ്റർ പ്ലാനിന്റെ തമോഗര്ത്തങ്ങളിൽ വീണു ചതഞ്ഞരഞ്ഞു ജീവൻ നഷ്ടപ്പെടുന്ന മധുവും കെവിനും അന്യസംസ്ഥാനത്തൊഴിലാളികളും മൗനികളിലാക്കപ്പെടുന്ന ഒരു നാടിന്റെ രാഷ്ട്രീയധാര്മികതയും….

എന്‍.പി. ആഷ്‌ലി
ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍