| Wednesday, 30th June 2021, 8:17 am

കോടികളുടെ അഴിമതിയാരോപണം; കൊവാക്‌സിന്‍ വാങ്ങാനുള്ള കരാര്‍ ഒഴിവാക്കി ബ്രസീല്‍; അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: കോടികളുടെ അഴിമതിയാരോപണം ഉയര്‍ന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കൊവാക്‌സിന് ഇടപാട് റദ്ധാക്കി ബ്രസീല്‍. ഒരു കൊവിഡ് വാക്‌സിന്‍ ഡോസിന് 15 ഡോളര്‍ നല്‍കി 324 മില്യണ്‍ ഡോളറിന് 20 മില്യണ്‍ വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നാണ് ബ്രസീല്‍ പിന്മാറിയത്.

ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് നേരത്തെ ബ്രസീലില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

കരാറില്‍ നിന്ന് രാജ്യം പിന്മാറുന്നതായി ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് അറിയിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രാഥമിക നടപടിയായിട്ടാണ് കരാര്‍ റദ്ധാക്കിയതെന്നും ഫെഡറല്‍ കംട്രോളര്‍ ജനറല്‍ വാഗണര്‍ റോസാരിയോ പറഞ്ഞു.

ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ കമ്പനിയുടെ പ്രതിനിധിയായ പ്രസിസ മെഡികമെന്റോസിന്‍ ആണ് ബ്ര്‌സീലില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

വാക്‌സിന്‍ നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട തുകയുടെ മൂന്നിലൊന്ന് തുക കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യയില്‍ കൊവാക്‌സിന് പൂര്‍ണ അനുമതി ലഭിച്ചിട്ടില്ല.

അടിയന്തര ഉപയോഗ അനുമതി തുടരാനാണ് കേന്ദ്രസമതി തീരുമാനിച്ചത്. ലോകാരോഗ്യ സംഘടന കൊവാക്സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ സമിതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് സമിതി തള്ളിയത്. കൂടുതല്‍ ഡാറ്റ ആവശ്യമാണെന്നാണ് സമിതിയുടെ നിലപാട്. ഈ വിവിരങ്ങള്‍ ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സമര്‍പ്പിച്ചാല്‍ മാത്രമേ പൂര്‍ണ അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ.

പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷ ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗര്‍ഭിണികളിലെ കുത്തിവെയ്പ്പിനും തത്കാലം അനുമതിയില്ല.

പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ഇന്ന് രജിസ്ട്രേഷന്‍ തുടങ്ങി.

സെപ്റ്റംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Corruption allegations worth crores; Brazil rescinds Covaxin purchase agreement; Inquiry

We use cookies to give you the best possible experience. Learn more