കണ്ണൂര്‍: കോഴിക്കോട് എം.പി എം.കെ. രാഘവനെ വഴിയില്‍ തടഞ്ഞ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കണ്ണൂര്‍ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതി കാണിച്ചുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മണ്ഡലം വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് എം.കെ. രാഘവനെ തടഞ്ഞത്.
എം.പിയുടെ ബന്ധുവായ സി.പി.ഐ.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ എം.കെ. രാഘവനെ തടഞ്ഞത്. എം.കെ. രാഘവന്‍ ചെയര്‍മാനായ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് മാടായി കോളേജ് പ്രവര്‍ത്തിക്കുന്നത്.
പയ്യന്നൂര്‍ കോര്‍പ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. എം.കെ. രാഘവനാണ് കോളേജിന്റെ ചെയര്‍മാന്‍. നിലവില്‍ ആരോപണം ഉന്നയിക്കുന്ന പ്രാദേശിക പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിന്റെ മുമ്പില്‍ വെച്ചാണ് എം.പിയെ തടഞ്ഞത്. മാടായി കോളേജിലെ രണ്ട് അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടക്കാനിരിക്കുന്നത്.
നിയമനത്തോടനുബന്ധിച്ച അഭിമുഖം ഇന്ന് (ശനിയാഴ്ച) ആണ് നടന്നത്. എന്നാല്‍ അഭിമുഖം നടക്കുന്നതിന് മുന്നോടിയായി എം.കെ. രാഘവന്‍ അനധികൃത നിയമനം നടത്തിയെന്നും ഇതിനായി കോടികള്‍ കോഴ വാങ്ങിയെന്നുമാണ് പ്രവര്‍ത്തകരുടെ ആരോപിക്കുന്നത്.
ഇതിനുപിന്നാലെയാണ് അഭിമുഖ വേദിയിലേക്ക് എത്തിയ എം.പിയെ പ്രവര്‍ത്തകര്‍ കോളേജിന് മുമ്പില്‍ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് കാറില്‍ നിന്നറങ്ങിയ എം.പി നടന്നുകൊണ്ടാണ് കോളേജിലേക്ക് എത്തിയത്.
ആരോപണത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പ്രാദേശിക നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോഴ ആരോപണത്തിലും അതേ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും എം.പി എം.കെ. രാഘവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight: Corruption allegation in Madayi College appointment; Congress workers stopped MK Raghavan on the way