| Friday, 26th March 2021, 11:01 pm

തിരമാലയല്ല, തമിഴ്‌നാട്ടില്‍ ഡി.എം.കെ സുനാമിയാകുമെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 200 ല്‍ അധികം സീറ്റ് നേടി ഡി.എം.കെ വിജയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെ ഉണ്ടാക്കാന്‍ പോകുന്നത് തിരമാലയല്ല, മറിച്ച് സുനാമിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഇതൊരു തിരമാലയല്ല, ഇതൊരു സുനാമിയാണ്. ഞങ്ങള്‍ 234 സീറ്റുകള്‍ നേടിയാല്‍ അത് ഒരു സുനാമിയാകും, ഒരു തരംഗമല്ല,” സ്റ്റാലിന്‍ പറഞ്ഞു.

നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങളില്‍,പ്രത്യേകിച്ച് ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ളവര്‍ക്കും വളരെ ദരിദ്രരായ ജനങ്ങള്‍ക്കും അമര്‍ഷമുണ്ടെന്നും ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ”നിങ്ങളുടെ നിയോജകമണ്ഡലത്തിലെ സ്റ്റാലിന്‍” എന്ന പ്രോഗ്രാം തങ്ങള്‍ ആരംഭിച്ചതെന്നും എല്ലാ പരാതികളും 100 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി- സി വോട്ടര്‍ സര്‍വ്വേ പ്രവചിച്ചത്. 234 സീറ്റുകളില്‍ 177 സീറ്റ് എം.കെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 3 സീറ്റും
ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് 5 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്.

234 നിയമസഭ സീറ്റുകളാണ് തമിഴ്നാട്ടില്‍ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയില്‍ ഭരണകക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Corrupt AIADMK Failed, DMK Will Get Over 200 Seats in Tsunami of Support: Stalin

We use cookies to give you the best possible experience. Learn more