എങ്കില്‍ ആ ഉപ്പും കൂടെ നിരോധിക്കാന്‍ പറ്റുമോ | ACIDBURN IN KOZHIKODU | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

നമ്മുടെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും, പൊലീസിനും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമൊക്കെ എന്നും രാവിലെ എഴുന്നേറ്റ് എന്തേലുമൊക്കെ നിരോധിക്കാതെ ഒരു സമാധാനവുമില്ലാത്തത് പോലെയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വിനോദയാത്രക്ക് വന്ന കുട്ടികള്‍ കടപ്പുറത്തെ തട്ടുകടയില്‍ നിന്നും വെള്ളമാണ് എന്ന് കരുതി ആസിഡ് കുടിച്ച വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍, ഒരു നിരോധനത്തിന്റെ അശരീരി അല്ലേ ആ കേള്‍ക്കുന്നത് എന്ന് കരുതിയതാണ്. പറഞ്ഞതു പോലെ തന്നെ കോഴിക്കോട്ടെ ബീച്ചുകളില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന എല്ലാ തട്ടുകടകളും താല്‍കാലികമായി അടപ്പിക്കുന്നുണ്ട്.

മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവരെ കെട്ടിപിടിച്ച് കണ്‍ഗ്രാജുലേറ്റ് ചെയ്യാന്‍ കഴിയില്ല എന്നത് സത്യം തന്നെയാണ്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയാറാക്കുന്ന പഴം, പച്ചക്കറി കൊണ്ടുള്ള ഭക്ഷണ സാധനങ്ങളില്‍, ബാറ്ററി വാട്ടറും അസിറ്റിക്ക് ആസിഡും ചേര്‍ക്കുന്ന കില്ലാടികള്‍ക്കെതിരെ കടുത്ത നടപടികളാണ് എടുക്കേണ്ടത്. പക്ഷെ ചിലര്‍ ചെയ്യുന്ന തെറ്റിന് ആ ജേലി ചെയ്യുന്ന സകല വ്യക്തികളുടേയും വയറ്റത്തടിക്കുന്ന ഈ നിരോധനത്തിന്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

Officials of the Food Safety department and the health wing of the Kozhikode Corporation destroying unhygienic ice blocks stored at roadside eateries in Kozhikode beach

ഈ നിരേധനത്തിന്റെ രണ്ട് ദിവസം മുന്‍പ് കണ്ണൂരിലെ ഒരു കല്ല്യാണാഘോഷത്തിലുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു, പക്ഷെ അതിനെ തുടര്‍ന്ന് നിരോധിച്ചത് ഗാനമേളയാണ്. ഇനി മുതല്‍ കല്യാണവീടുകളില്‍ ബോക്‌സ് വച്ച് ഗാനമേള നടത്താന്‍ അനുമതി നല്‍കില്ലത്രേ. ഈ എലിയേ പേടിച്ച് ഇല്ലം ചുടുക എന്ന് പറയുന്നത് പോലെ.

കുറേ കാലം പൊതുപരിപാടികളൊന്നുമില്ലാതെ ബുദ്ധിമുട്ടുകളില്‍ കഴിഞ്ഞിരുന്ന പ്രാദേശിക ഗായകര്‍ ഇപ്പോ പതിയെ എങ്കിലും അല്‍പം വരുമാനം കണ്ടെത്തുന്നത് കല്യാണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളകളിലൂടെയൊക്കെയായിരുന്നു, അതു പോലെ തന്നെ, കൊവിഡ് തുടങ്ങിയതിന് പിന്നാലെ രണ്ട് ഘട്ടങ്ങളിലായുണ്ടായ ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളുമെല്ലാം കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി കൊടും പട്ടിണിയിലാണ് നമ്മുടെ നാട്ടിലെ വഴിയോരക്കച്ചവടക്കാരും തട്ടുകടക്കാരുമൊക്കെ. പല കുടുംബങ്ങളും ആതമഹത്യയുടെ വക്കിലാണ്.

ഗുണ്ടകളും അക്രമകാരികളും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും, ഏതാനും ചിലര്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനും പട്ടിണികിടക്കേണ്ടി വരുന്നത് പാവങ്ങളാണ്.


Content Highlights: Corporation officials order temporary closure of street food shops in Kozhikode

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.