കോര്‍പ്പറേറ്റുകളില്‍ നിന്നും തെരഞ്ഞെടുപ്പുഫണ്ടായി ബി.ജെ.പി സ്വീകരിച്ചത് 167.80 കോടി രൂപ; കണക്കുകള്‍ ഇങ്ങനെ
national news
കോര്‍പ്പറേറ്റുകളില്‍ നിന്നും തെരഞ്ഞെടുപ്പുഫണ്ടായി ബി.ജെ.പി സ്വീകരിച്ചത് 167.80 കോടി രൂപ; കണക്കുകള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 11:28 am

ന്യൂദല്‍ഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സ്വീകരിച്ച 90% സംഭാവനയും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് വെളിപ്പെടുത്തല്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2017നും 2018 നും ഇടയില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു ഫണ്ടായി കോര്‍പ്പറേറ്റുകളില്‍ നിന്നും ഇലക്ട്രറല്‍ ട്രസ്റ്റുകളില്‍ നിന്നും സ്വീകരിച്ചത് കോടിക്കണക്കിന് രൂപയാണ്.

ഇതില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക സ്വീകരിച്ചത് ബി.ജെ.പിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

167.80 കോടി രൂപയാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നുമായി തെരഞ്ഞെടുപ്പു ഫണ്ടായി ബി.ജെ.പി സ്വീകരിച്ചത്. 11 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

ഇലക്ഷന്‍ കമ്മീഷനു മുമ്പാകെ ബി.ജെ.പി സമര്‍പ്പിച്ച 2017-18 വര്‍ഷത്തിലെ സംഭാവന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.

22 ഇലക്ട്രല്‍ ട്രസ്റ്റുകളാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ തുക ഇവര്‍ തെരഞ്ഞെടുപ്പു കമ്മീഷന് മുന്‍പില്‍ ബോധിപ്പിച്ചിട്ടുണ്ട്. 194.78 കോടി രൂപ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളായി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നു.

167. 80 കോടി രൂപ ബി.ജെ.പി സ്വീകരിച്ചപ്പോള്‍ 11 കോടി രൂപയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. തൊട്ടുപിറകെയുള്ളത് ബിജു ജനതാദള്‍ പാര്‍ട്ടിയാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് പിന്നാലെ തുക സ്വീകരിച്ച മറ്റ് പാര്‍ട്ടികള്‍ എന്‍.സി.പിയും ജെ.ആന്‍ഡ് കെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമാണ്. 25.98 കോടി രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.


രഹ്ന ഫാത്തിമയ്‌ക്കെതിരായ നടപടി ഭരണകൂടഭീകരത; നിരുപാധികം വിട്ടയക്കണമെന്നാവശ്യവുമായി പൊതുപ്രവര്‍ത്തകര്‍


പ്രഡന്‍ഷ്യല്‍ ഇലക്ടല്‍ ട്രസ്റ്റില്‍ നിന്നും മാത്രം 154 കോടി രൂപയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചത്. എ.ബി ജനറല്‍ ഇലക്ട്രല്‍ ട്രസ്റ്റ് 12.50 കോടി രൂപയാണ് ബി.ജെ.പിക്ക് നല്‍കിയത്.

25.005 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ തെരഞ്ഞെടുപ്പു ഫണ്ടായി നല്‍കിയത്. ഡി.എല്‍.എഫ് ലിമിറ്റഡ് 25 കോടി രൂപയുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി നല്‍കിയത്.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്വീകരിച്ച 90% സംഭാവനയും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കിയിരുന്നു.

ഭാരതി ഗ്രൂപ്പിലെ സത്യ ഇലക്ടറല്‍ ട്രസ്റ്റ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡ്സ്ട്രീസ്, സെണ്‍ ഇന്ത്യ തുടങ്ങിയവരായിരുന്നു അന്ന് സംഭാവന നല്‍കിയവരില്‍ പ്രമുഖര്‍.

മൂന്ന് തവണയായി 41.37 കോടി രൂപയാണ് ഭാരതി ഗ്രൂപ്പിന്റെ സത്യ ഇലക്ടറല്‍ ട്രസ്റ്റ് സംഭാവനയായി ബി.ജെ.പിക്ക് നല്‍കിയിട്ടുള്ളത്. 15 കോടി രൂപ നല്‍കി സെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് പിന്നിലുണ്ട്. 7.50 കോടി രൂപയാണ് സേണ്‍ ഇന്ത്യ ലിമിറ്റഡ് പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയത്.