മുംബൈ: കാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.
‘ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പ്രശ്നമാണ്. കോളേജ് പ്ലേസ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വേഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ത്ഥികള്‍ മര്യാദയുള്ളവരായിരിക്കണം. സമൂഹത്തില്‍ എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം,’ സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.
തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്, അവര്‍ക്ക് സമൂഹത്തില്‍ ഒരു സ്ഥാനം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും ആചാര്യ കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ കോളേജ് (സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്നും, വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
വിഷയത്തിന് ‘മത നിറം’ നല്‍കേണ്ടതില്ലെന്ന് പറഞ്ഞ ആചാര്യയെ എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍, ഹിജാബ് നിരോധനത്തിന് പറഞ്ഞ കാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. നിരവധി അദ്ധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ‘എല്ലാ പെണ്‍കുട്ടികളും പ്ലെയ്സ്മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പലരും സ്വന്തമായി സംരംഭം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. പല സ്ത്രീകളും മതപരമായ വസ്ത്രം ധരിച്ചാണ് ജോലി ചെയ്യുന്നത്. വസ്ത്രധാരണ രീതി അവരുടെ ജോലിയെ ഒരിക്കലും ബാധിക്കില്ല. പ്രതിഷേധങ്ങളെ അനുകൂലിക്കുന്ന അധ്യാപകന്‍ അതീഖ് അഹമ്മദ് പറഞ്ഞു.
ഈ മാസം ആദ്യമാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍ കൈ അല്ലെങ്കില്‍ ഹാഫ് കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും, പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നുമായിരുന്നു നിര്‍ദേശം.
Content Highlight: ‘Corporates Don’t Hire Burqa-Wearing Women’: Chembur College Justifies Hijab Ban