നോം ചോംസ്‌കി നിരന്തരം പറയുന്ന ഒരു കാര്യമുണ്ട്. അമേരിക്കയില്‍ അടിസ്ഥാന ഗവേഷണവും റിസ്‌കും എപ്പോഴും പൊതുമേഖലയിലും ലാഭം മാത്രം സ്വകാര്യ മേഖലയിലുമായിരിക്കും. ഇക്കാര്യം അടിവരയിടുന്നതാണ് കോവിഡുമായി ബന്ധപ്പെട്ട ഗവേഷണവും ചികില്‍സയും. യു എസ് സര്‍ക്കാര്‍ ഏജന്‍സിയായ The Biomedical Advanced Research and Development Authority (BARDA) കോവിഡുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍, ചികിത്സ, വാക്‌സിന്‍ എന്നിവയ്ക്കായി ഇതേ വരെ ചിലവഴിച്ചത് 14 ബില്യന്‍ ഡോളറിലധികമാണ്.
സ്വാഭാവികമായും ഇത് പൂര്‍ണമായും ജനങ്ങളുടെ നികുതി പണമാണ്. ‘Public Citizen’ എന്ന എന്‍.ജി.ഒ ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് തയ്യാറാക്കിയ കണക്കാണിത്. പക്ഷേ ഇതിനെ അപേക്ഷിച്ച് തീര്‍ത്തും നിസ്സാരമായ തുക മാത്രം ചിലവിട്ട സ്വകാര്യ കമ്പനികളാണ് കോവിഡ് വാക്‌സിന്‍ ഉല്‍പാദനവും വിപണനവും വഴി ഭീകരമായ ലാഭം കൊയ്യുന്നത്. ജനങ്ങളാണെങ്കില്‍ ആദ്യം നികുതിയായും പിന്നീട് അതില്‍ നിന്ന് രൂപപ്പെട്ട വാക്‌സിനുള്ള വിലയായും രണ്ട് വട്ടം പണം നല്‍കേണ്ടി വരുന്നു.
വാക്‌സിനുകളുടെ ചരിത്രം തന്നെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഗവേഷണങ്ങളും ഫണ്ടിങ്ങുമായിരുന്നു അടിസ്ഥാനം. ചരിത്രകാരനായ കെന്‍ഡല്‍ ഹോയ്റ്റിന്റെ അഭിപ്രായത്തില്‍ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഇന്നത്തെപ്പോലെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് വലിയ തടസ്സമായിരുന്നില്ലാത്ത കാലത്താണ് വാക്‌സിന്‍ ഗവേഷണത്തില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായത്.
രണ്ടാം ലോകമഹായുദ്ധാനന്തരം യു.എസ്. മിലിറ്ററി വ്യവസായങ്ങളേയും സര്‍വ്വകലാശാലകളേയും കോര്‍ത്തിണക്കി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ വിപ്ലവകരമായിരുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പോലെയോ പതിവായി കാണുന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലെയോ വിപണന സാധ്യത ഉറപ്പില്ലാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ പോലുള്ള ഗവേഷണത്തോട് സ്വകാര്യ മേഖലക്ക് താല്‍പര്യമില്ലായിരുന്നു.
ലാഭം ഉറപ്പില്ലാത്ത ഒന്നിനും അവര്‍ മിനക്കെടില്ല. പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഭീകരമായ പണച്ചിലവില്‍ നടന്ന പ്രവര്‍ത്തന ഫലങ്ങള്‍ ഉപയോഗിച്ച് ലാഭം കൊയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വാക്‌സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ഈ സ്വകാര്യവത്കരണം കാലതാമസത്തിന് കാരണമാവുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്.
ഇപ്പറഞ്ഞതൊക്കെ മുതലാളിത്ത വ്യവസ്ഥിതിയിലെ ചൂഷണമാണെങ്കില്‍ അതിന്റെ നൂറിരട്ടിയാവും വര്‍ഗീയതയും കോര്‍പറേറ്റ് ഭീകരതയും കൂട്ടിച്ചേര്‍ത്ത ഒരു ഫാസിസ്റ്റ് വ്യവസ്ഥിതിയില്‍. ഇന്ന് ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും പ്രഖ്യാപിച്ച വാക്‌സിന്‍ നിരക്കുകള്‍ അതിന്റെ സാക്ഷി പത്രമാണ്.
കോവിഡ് എങ്ങനെ ലോകത്ത് സാമ്പത്തിക അസമത്വം കൂട്ടിയെന്നത് ഇതിനകം തന്നെ ചര്‍ച്ചയായതാണ്. പക്ഷേ കോവിഡ് അവസാനിക്കുമ്പോഴേക്ക് അതേറ്റവും ഭീകരമാവുന്നത് ഇന്ത്യയിലാവാന്‍ സാധ്യതയുണ്ട്, ഒരിക്കലും ഇവിടെയത് ചര്‍ച്ചയ്‌ക്കോ പറയത്തക്ക പ്രേക്ഷോഭങ്ങള്‍ക്കോ കാരണമാവാന്‍ സാധ്യതയില്ലെങ്കിലും. അക്ഷരാര്‍ത്ഥത്തില്‍ ‘മരണത്തിന്റെ വ്യാപാരികള്‍…’!
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക