| Friday, 20th September 2019, 11:27 am

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി; പ്രഖ്യാപനം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ആഭ്യന്തര നികുതിയില്‍ ഇളവ് കൊണ്ടുവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ആദായ നികുതി നിയമത്തിലും ഭേദഗതി കൊണ്ടുവരും. ഉത്പാദനം വര്‍ധിപ്പിക്കുന്നതും മെയ്ക്ക് ഇന്‍ ഇന്ത്യ വഴിയുള്ള പദ്ധതികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും- മന്ത്രി പറഞ്ഞു

സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നാലാം ഘട്ടമായുള്ള പദ്ധതിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തുന്നുവെന്നതാണ് പ്രധാന പ്രഖ്യാപനം. ഇത്തരത്തില്‍ അഞ്ച് പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.

ക്യാപിറ്റല്‍ ഗെയില്‍ ടാക്‌സില്‍ ഉണ്ടായിരിക്കുന്ന സര്‍ചാര്‍ജില്‍ ഇളവ് വരുത്തും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഇന്‍ക്യൂബേറ്ററുകളില്‍ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കും എന്നുള്ളതാണ് മറ്റൊരു പ്രഖ്യാപനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തരത്തിലുള്ള നികുതി ഇളവിലൂടെ കേന്ദ്രസര്‍ക്കാരിനുള്ള വരുമാനത്തില്‍ 1,45,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കുറഞ്ഞത് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയേയും സ്വകാര്യ കമ്പനികളേയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് കമ്പനികള്‍ക്ക് കൂടി വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more