കണ്ടങ്കാളി: ഭൂമിയേറ്റെടുക്കുന്നത് മോദിയ്ക്കുവേണ്ടി, പി.ആര്‍ വര്‍ക്ക് കെ.പി ശശികല, നടത്തിപ്പുകാര്‍ സി.പി.ഐ.എം
Environment
കണ്ടങ്കാളി: ഭൂമിയേറ്റെടുക്കുന്നത് മോദിയ്ക്കുവേണ്ടി, പി.ആര്‍ വര്‍ക്ക് കെ.പി ശശികല, നടത്തിപ്പുകാര്‍ സി.പി.ഐ.എം
ജിന്‍സി ടി എം
Monday, 8th April 2019, 2:08 pm

 

‘2030 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. മൂന്നുവര്‍ഷം കൊണ്ട് കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റും. ‘ ധനമന്ത്രി തോമസ് ഐസക് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ഇന്നത്തെ നിലയിലുള്ള എണ്ണ വിനിയോഗം തുടരുകയാണെങ്കില്‍ ലോകത്തിന് അടുത്ത നാല്‍പ്പത് വര്‍ഷത്തേക്കുള്ള എണ്ണ മാത്രമേ ഉണ്ടാകൂവെന്നതാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത. ഈ കാരണവും പെട്രോളിയം ഉല്പന്നങ്ങള്‍ കാരണം രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴികള്‍ തേടിപ്പോകുമ്പോഴാണ് കേരളത്തില്‍ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഒരു എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ 100 ഏക്കര്‍ വയല്‍ നികത്തി എണ്ണ സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതിനകം തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്. നാലഞ്ച് ജില്ലകളിലെ പെട്രോള്‍ പമ്പുകളിലേക്ക് എണ്ണ കൊണ്ടുപോകാനാണ് സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ പ്രചരണം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍, അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമ്പോള്‍, കണ്ടങ്കാളിയിലെ ഈ എണ്ണ സംഭരണ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടിയുള്ളതാണെന്ന കണ്ടങ്കാളി സമരസമിതിയുടെ ആരോപണം തള്ളിക്കളയാനാവില്ല.

Image may contain: 1 person, text

ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് കോര്‍പ്പറേഷനും ഭാരത് പെട്രോളിയം ലിമിറ്റഡ് കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പെട്രോളിയം സംഭരണശാലയ്ക്കുവേണ്ടിയാണ് കണ്ടങ്കാളിയിലെ 86 ഏക്കര്‍ വയല്‍ നികത്തുന്നത്. 130 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നു എന്നായിരുന്നു ആദ്യ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പിന്നീട് കണ്ടല്‍ വനങ്ങളെ ഒഴിവാക്കാനായി ഇത് 86 ഏക്കര്‍ ആയി ചുരുക്കുകയാണുണ്ടായത്. 86 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നതെങ്കിലും അതുസൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 100 ഏക്കറോളം ഭൂമിയെ ഇത് ബാധിക്കുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. കേരളത്തില്‍ നിലവിലുള്ള എണ്ണ സംഭരണ കേന്ദ്രങ്ങളുടെയെല്ലാം ഭൂവിസ്തൃതി ആകെ കൂട്ടിയാലും 20 ഏക്കര്‍ വരില്ലയെന്നിരിക്കെയാണ് ഇത്രയേറെ ഭൂമി ഒരു എണ്ണ സംഭരണ കേന്ദ്രത്തിനുവേണ്ടി മാറ്റിവെക്കുന്നത്. അതും 2030 ഓടെ നിരത്തില്‍ നിന്നും പെട്രോളിയം വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെങ്കില്‍ പിന്നെ എന്തിനാണ് കണ്ടങ്കാളി പദ്ധതി?

‘മോദി വിദേശ രാജ്യങ്ങളില്‍ പോകുന്നത് സ്ഥലം കാണാനാണ് എന്ന് പറഞ്ഞ എല്ലാ അന്തംകമ്മികള്‍ക്കും സമര്‍പ്പിക്കുന്നു. യു.എ.ഇ യുടെ എണ്ണ ഇന്ത്യയില്‍ സൂക്ഷിക്കും. മൂന്നിലൊന്ന് നമുക്ക് ഫ്രീ..’ ഹിന്ദു ഐക്യവേദി നേതാവ് ശശികല അടുത്തിടെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ കണ്ടങ്കാളി ഉള്‍പ്പെടെയുള്ള എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കു പിന്നിലുള്ള കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ വെളിവാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ നിശാന്ത് പരിയാരം പറയുന്നത്.

‘എന്തിനാണ് കണ്ടങ്കാളി പദ്ധതിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ശശികല പറഞ്ഞത്. അതായത് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ സൂക്ഷിക്കാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ തന്നെ ഒപ്പിട്ട കരാറാണത്, ഗള്‍ഫിലെ അരാംകോ പോലുള്ള മള്‍ട്ടി നാഷണല്‍ എണ്ണക്കമ്പനികളുടെയും ഇന്ത്യയിലെ മൂന്ന് എണ്ണക്കമ്പനികളുടെയും സംയുക്ത സംരംഭം എന്ന പേരില്‍ ഇന്ത്യയില്‍ റിഫൈനറികളും എണ്ണ സംഭരണ കേന്ദ്രങ്ങളും സ്ഥാപിക്കുക. പെട്രോ കെമിക്കല്‍ മാലിന്യങ്ങളും സുരക്ഷാ വെല്ലുവിളികളുമെല്ലാം ഇന്ത്യയെ പോലുള്ള ഒരു മൂന്നാംലോക രാജ്യത്തിന്റെ തലയിലാവുകയും ചെയ്യും. ലാഭവിഹിതം യാതൊരു കുറവുമില്ലാതെ ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കിട്ടുകയും ചെയ്യും’ നിശാന്ത് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘ഇതിനായാണ് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ 15000 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. അവിടെ ഉദ്ദേശിച്ചത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം റിഫൈനറിയായിരുന്നു. ക്രൂഡോയില്‍ അബുദാബിയില്‍ നിന്നും കടലിലൂടെ കുഴല്‍ മാര്‍ഗം രത്നഗിരിയിലെത്തിക്കാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കൊങ്കണ്‍ തീരത്ത് ഒരുക്കാന്‍ ഉദ്ദേശിച്ച വന്‍കിട എണ്ണ സംഭരണ കേന്ദ്രമാണ് കണ്ടങ്കാളിയിലേത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ വന്ന് ദക്ഷിണേന്ത്യയെ പെട്രോ കെമിക്കല്‍ ഹബ്ബാക്കും എന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.’ അദ്ദേഹം വിശദീകരിക്കുന്നു.

മോദി സര്‍ക്കാറിന്റെ ഊ കോര്‍പ്പറേറ്റ് വികസന അജണ്ടയ്ക്ക് എല്ലാതരത്തിലും സഹായം ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. തുടക്കം മുതല്‍ കണ്ടങ്കാളി സമരത്തെ തകര്‍ക്കാന്‍ സി.പി.എം ശ്രമം നടത്തിയിരുന്നു. ഏറ്റവും ഒടുവിലായി രാജഗിരി കോളജ് സംഘടിപ്പിച്ച സാമൂഹ്യാഘാത തെളിവെടുപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സംഘടിതമായി ബഹളമുണ്ടാക്കിയിരുന്നു. ആദ്യകാലത്ത് സമരത്തില്‍ അണിനിരന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പാര്‍ട്ടി അനുഭാവികളെയും പിന്‍തിരിപ്പിക്കാന്‍ സി.പി.ഐ.എം കണ്ടങ്കാളിയില്‍ വിശദീകരണ യോഗം വിളിക്കുകയും ചെയ്‌തെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

 

 

 

 

 

 

 

 

 

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.