ബാബരി മസ്ജിദില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള കോര്‍പറേറ്റ് ഇടനാഴി
DISCOURSE
ബാബരി മസ്ജിദില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള കോര്‍പറേറ്റ് ഇടനാഴി
വി.പി റജീന
Friday, 2nd February 2024, 5:59 pm
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനുശേഷം നിരവധി ഹിന്ദുത്വ പ്രൊഫൈലുകള്‍ ജൂതന്മാരെപ്പോലെ ഹിന്ദുക്കളും അപകടത്തിലാണ് എന്ന വാദങ്ങള്‍ ഉയര്‍ത്തി. മോദിയുടെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഫോട്ടോകള്‍ വെച്ച് ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പോസ്റ്റുകളില്‍ അവര്‍ മോദി-നെതന്യാഹു സൗഹൃദത്തെ മഹാസംഭവമായി ആഘോഷിച്ചു. ഹിന്ദുക്കളെ തങ്ങള്‍ അപകടത്തിലാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഹിന്ദുത്വ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. അത് ഏറ്റവും നന്നായി അറിയുന്നവരാണ് അതില്‍ നിന്ന് വളമൂറ്റി ഭീമാകാരമായ കോര്‍പറേറ്റ് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്ത് അയോധ്യയില്‍ രാമക്ഷേത്രമുയര്‍ന്ന നേരത്ത് ഏറ്റവും അധികം സന്തോഷിച്ചത് ആരായിരിക്കും…? പറഞ്ഞ വാക്ക് പാലിച്ചതിന്റെ ആഘോഷം സംഘടിപ്പിച്ച ഹിന്ദുത്വ വാദികളായിരിക്കില്ലെന്നുറപ്പാണ്. അതിലുമേറെയായിരിക്കും അണിയറയില്‍ ചരടുവലിച്ച സംഘ്പരിവാര്‍ ബന്ധമുള്ള കോര്‍പറേറ്റ് നേതാക്കളുടെ സന്തോഷം.

അത് വാല്‍മീകി രചിച്ചു കാണിച്ച രാമനെ ചൊല്ലിയല്ല. ഇന്ത്യയില്‍നിന്ന് ഇസ്രായേല്‍വരെ നീളുന്ന കോര്‍പറേറ്റ് കച്ചവട ഇടനാഴിയുടെ വിസ്താരം കണ്ടിട്ടാണ്. പൊളിറ്റിക്കല്‍ സയണിസത്തിത്തിന്റെയും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെയും കൂട്ടു പദ്ധതിക്ക് വിശ്വാസത്തിന്റെ താക്കോല്‍ കൊണ്ട് അവര്‍ വാതില്‍ തുറന്നുകഴിഞ്ഞിരിക്കുന്നു..!

പശ്ചിമേഷ്യയെ അസമാധാനത്തിന്റെ മുനമ്പില്‍ കൊണ്ടുനിര്‍ത്തിയത് ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശമാണെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ വേട്ടയാടുകയും അരക്ഷിതരാക്കുകയും ചെയ്തത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും. അതാകട്ടെ വിശ്വാസത്തിന്റെ പേരിലും.

അപകടകരമായ ഈ രണ്ട് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കും തമ്മില്‍ എത്രമാത്രം സമാനതകളുണ്ട്? ചരിത്രത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ എന്തൊക്കെയാണ്? വര്‍ത്തമാനത്തില്‍ അവ ഏതറ്റത്തു ചെന്നു നില്‍ക്കുന്നു..?
ഇത് എവിടെ ചെന്നവസാനിക്കും..?

അറേബ്യാ ഉപഭൂഖണ്ഡത്തില്‍ സയണിസം അവരുടെ അജണ്ടക്ക് തറയൊരുക്കിയത് ജറൂസലേമിലെ പുരാതന മുസ്‌ലിം ആരാധനാലയമായ മസ്ജിദുല്‍ അഖ്‌സയിലൂടെയാണെങ്കില്‍ ഇന്ത്യയിലത് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ മിനാരങ്ങളിലൂടെയായിരുന്നു.

ഈ രണ്ടു മസ്ജിദുകളും നിലകൊള്ളുന്ന ഭൂമിശാസ്ത്രത്തെ ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം കഴിഞ്ഞ ജി 20 ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റിന്റെ കാര്‍മികത്വത്തില്‍ നടത്തുകയുണ്ടായി. ആ പ്രഖ്യാപനം അത്ര യാദൃച്ഛികമല്ലെന്ന് വസ്തുതകള്‍ കൂട്ടിവായിക്കുമ്പോള്‍ തിരിച്ചറിയാനാവും.

2047ലെ ‘വികസിത ഭാരത’ത്തെ സ്വപ്‌നം കണ്ടുകൊണ്ടുള്ള ബി.ജെ.പി സര്‍ക്കാറിന്റെ കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ ജനപ്രിയ പദ്ധതികളൊന്നുംതന്നെ പ്രഖ്യാപനത്തില്‍പോലും ഇടംപിടിച്ചില്ലെങ്കിലും ഒരു കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഊന്നിപ്പറയുകയുണ്ടായി. ‘ഗെയിം ചേഞ്ചര്‍’ ആയിത്തീരാന്‍ പോവുന്ന ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചാണത്.

നൂറ്റാണ്ടുകളോളം ലോക വ്യാപാരത്തിന്റെ മാര്‍ഗമായി ഇതു മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഉദ്ദരിച്ച് പറഞ്ഞ അവര്‍ അതിനു മുന്‍കൈയെടുത്ത ഇന്ത്യന്‍ നിലപാടിനെ പുകഴ്ത്തുകയും ചെയ്തു.അധികമാരും വിശകലനം ചെയ്യാനിടയില്ലാത്ത ഇതാണ് ഈ ബജറ്റിലെ ഏറ്റവും മര്‍മ പ്രധാന പോയന്റ്.

സമുദ്രപാതകളാണ് ഇനിയുള്ള കാലത്തെ കച്ചവടത്തിന്റെ പ്രതലമാവാന്‍ പോവുന്നത്.

ആ അര്‍ഥത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളും തുറമുഖങ്ങളും തന്ത്രപ്രധാന മേഖലകള്‍ കൂടിയാണ്. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകള്‍ക്കും ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഇതോടു ചേര്‍ത്തുവായിക്കുക.

നിര്‍മല സീതാരാമന്‍

ഇനി, എങ്ങനെയാണ് ധനമന്ത്രി പറഞ്ഞ ‘ഈ ഗെയിമി’ലേക്ക് ഇന്ത്യ കടന്നത്? ഇത്തവണത്തെ ജി 20ക്ക് ആതിഥേതയ്വം വഹിച്ചത് ഇന്ത്യയായിരുന്നു. സെപ്റ്റംബര്‍ 9,10 തിയ്യതികളിലായിരുന്നു അത്. അതില്‍വെച്ചായിരുന്നു പ്രസ്തുത വ്യാപാര ഇടനാഴിയുടെ ഔദ്യോഗിക പ്രഖ്യാപനം.

യൂറോപ്യന്‍ യൂണിയനൊപ്പം ഇന്ത്യ, യു.എസ്, സൗദി, യു.എ.ഇ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ചേര്‍ന്നാണ് നിലവിലെ ലോകക്രമത്തെ മാറ്റിമറിച്ചേക്കാവുന്ന ഈ വ്യാപര ഇടനാഴിയുടെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ‘റിയല്‍ ബിഗ് ഡീല്‍’ എന്നാണ് ജി20യില്‍ സംസാരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. യു.എസിന്റെ നേതൃത്വത്തില്‍ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയെ കൂട്ടിക്കെട്ടുന്നതിലൂടെ ആഗോള വ്യാപാരവും കണക്ടിവിറ്റിയും സുഗമമാക്കലാണ് ലക്ഷ്യം.

ജോ ബൈഡന്‍

Partnership for Global Infrastructure and Investment (PGII)യുടെ , ആഗോള അടിസ്ഥാന സൗകര്യത്തിനും വികസന നിക്ഷേപത്തിനുമുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നാണ് അവകാശവാദം. എന്നാല്‍, നിലവില്‍ ഭരണകൂടങ്ങളും കോര്‍പറേറ്റുകളും കൈകോര്‍ത്ത് സൃഷ്ടിച്ച ചൂഷണ വ്യവസ്ഥയില്‍നിന്ന് ഒട്ടും ഭിന്നമാവില്ല ഇതിന്റെ അന്തരഫലം. ഭൂഗോളത്തില്‍ ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെടുക്കാനിരിക്കുന്നതുമായ പ്രകൃതി വിഭവങ്ങള്‍ക്കുമേലുള്ള സമ്പൂര്‍ണ കോര്‍പറേറ്റ് ആധിപത്യത്തിനും അതിന്റെ കച്ചവടത്തിനുമുള്ള പാതയൊരുക്കലാണ് ഈ പദ്ധതി.

കരയിലൂടെയുള്ള റെയില്‍റോഡും കടലിലൂടെ കടന്ന് കരയെ ബന്ധിപ്പിക്കുന്ന ഷിപ്പ് റ്റു റെയില്‍ നെറ്റ്‌വര്‍ക്കുമായാണ് ഐ.എം.ഇസി ഇടനാഴി രൂപകല്‍പന ചെയ്തിരിക്കുന്നത്.

വൈദ്യുതി കേബിള്‍, ഹൈഡ്രജന്‍ പൈപ്പ്‌ലൈന്‍, അതിവേഗ ഡാറ്റാ കേബിള്‍ തുടങ്ങിയവയും ഈ വാണിജ്യ പാതയില്‍ ഉള്‍പ്പെടും. ഈ ഇടനാഴി ഭാവിയില്‍ ട്രാന്‍സ് ആഫ്രിക്കന്‍ കോറിഡോര്‍ വഴി ആഫ്രിക്കയുമായി ബന്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടനാഴി കടന്നുപോവുന്നിടങ്ങളില്‍ SEZ അഥവാ പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസിപ്പിച്ച് അവ തന്ത്രപരമായി പ്രയോജനപ്പെടുത്തുകവഴി ആ ദേശങ്ങളില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താനും കഴിയുമെന്നും അവകാശപ്പെടുന്നു. അഥവാ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഉല്‍പാദനത്തിനും കച്ചവടത്തിനുമുള്ള ശൃംഖലകള്‍ കടന്നുവരുമെന്നര്‍ഥം.

ഏകധ്രുവ ലോകം തീര്‍ക്കാന്‍ ഇറങ്ങിയ ഈ ശാക്തിക ചേരിയുടെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളി ചൈനയാണ്. ഏഷ്യയിലെ സൂപ്പര്‍ പവര്‍ ആയ ചൈന തങ്ങളുടെ സ്വാധീനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളാവുന്നു. 2013ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പ്രഖ്യാപിച്ച ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ അഥവാ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയാണത്. ബി.ആര്‍.ഐ എന്ന് ചുരുക്കിപ്പറയുന്ന ഈപദ്ധതിയെ ‘ഗ്രാന്‍ഡ് പ്ലാന്‍ ഫോര്‍ ദ വേള്‍ഡ് ഇക്കണോമി’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഈ പദ്ധതിക്കെതിരായാണ് അമേരിക്കന്‍ ചേരി ഐ.എം.ഇ.സി കോറിഡോര്‍ കൊണ്ടുവരുന്നതെന്ന ശക്തമായ വാദമുണ്ട്.

ഷീ ജിന്‍ പിങ്

ഇന്ത്യയിലെ മുന്ദ്ര തുറമുഖത്തുനിന്നും പുറപ്പെടുന്ന കപ്പല്‍ പാത യു.എ.ഇയുടെ ജബല്‍ അലി തുറമുഖത്തേക്കും തുടര്‍ന്ന് സൗദിയിലൂടെ റെയില്‍ മാര്‍ഗം പിന്നിട്ട് ജോര്‍ദാന്‍ വഴി ഹൈഫ തുറമുഖവുമായും ബന്ധിപ്പിക്കും. അവിടെ നിന്ന് മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്കാണ് ഈ പാത വിഭാവനം ചെയ്തത്.

എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് തുടങ്ങി കേരളത്തിലെ വിഴിഞ്ഞം തുറമുഖം വഴി ഗുജറാത്തിലെ മുന്ദ്രയിലേക്ക് ബന്ധിപ്പിച്ച് അവിടെ നിന്ന് മിഡിലീസ്റ്റിലേക്കുള്ള പാതയാണിതെന്നാണ്. കൊളംബോയും വിഴിഞ്ഞവും മുന്ദ്രയും ഇസ്രായേലിലെ ഹൈഫയും ഇന്ത്യന്‍ കോര്‍പറേറ്റ് മില്യണയര്‍ ആയ അദാനിയുടെ കൈകളിലാണിപ്പോള്‍. 2023ന്റെ തുടക്കത്തിലാണ് 1.2 ബില്യണ്‍ ഡോളര്‍ നല്‍കി അദാനി ഗ്രൂപ് ഹൈഫ തുറമുഖം ഏറ്റെടുത്തത്.

അദാനിയും നെതന്യാഹുവും

ജനുവരി 31 ന് ഗൗതം അദാനിക്കൊപ്പം പ്രത്യക്ഷപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത് ‘ഇതൊരു വലിയ നാഴികക്കല്ലാണെ’ന്ന് താന്‍ കരുതുന്നുവെന്നാണ്. ‘ഒന്നാം ലോകമഹായുദ്ധവേളയില്‍ ഹൈഫ നഗരത്തെ മോചിപ്പിക്കാന്‍ സഹായിച്ചത് ധീരരായ ഇന്ത്യന്‍ സൈനികരാണെന്നും ഇന്ന് ഹൈഫ തുറമുഖം മോചിപ്പിക്കാന്‍ സഹായിക്കുന്നത് കരുത്തരായ ഇന്ത്യന്‍ നിക്ഷേപകരാണെന്നു’മുള്ള നെതന്യാഹുവിന്റെ വാക്കുകള്‍ കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.

ആഗോള ബിസിസനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന ജൂത വ്യവസായികള്‍ക്ക് കിട്ടാക്കനിയല്ല ഹൈഫ തുറമുഖം. പിന്നെന്തിന് ഇന്ത്യക്കാരനായ അദാനിക്കുതന്നെ ഇതു കൈമാറി? ഇന്ത്യയെന്ന വന്‍ വിപണിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പ്രവേശനകവാടമാണ് അദാനിയിലൂടെ ഇസ്രായേലിനു മുന്നില്‍ തുറക്കുന്നതെന്നതു തന്നെ.

ഇസ്രയേലിന്റെ ആയുധ കയറ്റുമതിയുടെ 42 ശതമാനവും വഹിക്കുന്ന ഇന്ത്യ, ഇസ്രായേലിന്റെ ഒന്നാം നമ്പര്‍ ആയുധ വ്യാപാരം വാങ്ങുന്ന രാജ്യമായി മാറിയത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ക്കിങ്ങോട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആയുധ വിപണി മാത്രമല്ല, ഇസ്രായേല്‍ ടെക്‌നോളജിയുടെ തന്ത്രപ്രധാന പങ്കാളി കൂടിയാണ് ഇന്ത്യന്‍ ഭരണകൂടം.

2021ല്‍ പെഗാസസ് വിവര ചോര്‍ച്ച പുറത്തുവന്ന വേളയില്‍ ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തെളിവുകളും പുറത്തുവന്നു. എതിര്‍ ശബ്ദമുയര്‍ത്തുന്നവരുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണുകളില്‍ നുഴഞ്ഞുകയറാന്‍ ഇസ്രായേല്‍ നിര്‍മിത സ്‌പൈവെയര്‍ വാങ്ങിയെന്ന് മോദി സര്‍ക്കാര്‍ ആരോപിക്കപ്പെട്ടു.

എന്നാല്‍, അദാനിയുമായി കൈകോര്‍ത്തുകൊണ്ടുള്ള ആധുനിക കോര്‍പറേറ്റ് കച്ചവട പദ്ധതിയായ വ്യാപാര ഇടനാഴിയുടെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് യൂറോപ്പിലേക്ക് കടക്കാനുള്ള മെഡിറ്ററേനിയന്‍ കടല്‍ മേഖലയാണ്. അതിന്റെ തീരത്താണ് ഹൈഫ തുറമുഖത്തുനിന്നും 155 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ഗസ്സ. അദാനിയുടെ തുറമുഖത്തിന്റെയും മെഡിറ്ററേനിയന്‍ കടലിലെയും സുരക്ഷാ റൂട്ട് ക്ലിയര്‍ ആക്കുക എന്നത് ഈ പദ്ധതിയുടെ അനിവാര്യതയാണ്.

ജി20യില്‍ ഈ വ്യാപാര ഇടനാഴിയുടെ പ്രഖ്യാപനം വന്ന് ഏതാനും ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗസ്സ കത്താന്‍ തുടങ്ങിയത്.

എന്നാല്‍, പ്രതീക്ഷക്കപ്പുറത്ത് യമനിലെ ഹൂതികളും ലബനാനിലെ വിമതരും നിലവിലെ പ്രധാന കപ്പല്‍ പാതയായ ചെങ്കടലില്‍ ഗസ്സയെ പിന്തുണച്ച് രംഗത്തുവന്നത് ഇസ്രായേലിനും യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്കും തിരിച്ചടിയായി. ഈ ഭീഷണി മറികടക്കംവിധം ചെങ്കടലിനെ തന്ത്രപൂര്‍വം ഒഴിവാക്കിക്കൊണ്ടുള്ളതാണ് പുതിയ കപ്പല്‍ പാത.

മാത്രമല്ല, നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ നിന്ന് മിഡില്‍ഈസ്റ്റിലേക്ക്‌ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പ്രതിപാദിക്കുന്നത്. ഇസ്രായേല്‍ ഗസ്സയില്‍ ലക്ഷ്യം കാണുന്നതുവരെ മെഡിറ്ററേനിയന്‍ കടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കുന്ന മൂന്നാംഘട്ടം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

മസ്ജിദുല്‍ അഖ്‌സ

മസ്ജിദുല്‍ അഖ്‌സയെ സമ്പൂര്‍ണമായി വരുതിയിലാക്കി യഹൂദരുടെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുക എന്ന വാഗ്ദാനത്തിന്റെ മറവില്‍ നവ സാമ്രാജ്യത്വ വികസനപാതക്കുള്ള കളമൊരുക്കലാണ് സയണിസ്റ്റു നേതാക്കള്‍ നടത്തുന്നതെങ്കില്‍, ബാബരി മസ്ജിദ് പൊളിച്ച് അവിടെ പണിത രാമക്ഷേത്രം ലോക ഹൈന്ദവരുടെ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്നു എന്നതിന്റെ മറവില്‍ രാജ്യത്തെ കൊള്ളയടിക്കാനുള്ള വമ്പന്‍ പദ്ധതിക്കാണ് പൊളിറ്റിക്കല്‍ ഹിന്ദുത്വ കളമൊരുക്കുന്നത്.

വിശ്വാസ സംരക്ഷണംകൊണ്ട് കെട്ടിപ്പടുക്കുന്ന വന്‍ മതിലിനപ്പുറം പലതും മറഞ്ഞിരിപ്പുണ്ട്. തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി എന്തുംചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന ‘രക്ഷക വേഷധാരികളായ’ ഭരണാധികാരികളെ അതിന്റെ പേരില്‍ വാനോളം പുകഴ്ത്തുന്ന പാവങ്ങള്‍ക്കറിയില്ല ഈ വിശ്വാസം മറയാക്കി നടത്തുന്ന ‘ബിഗ് ഡീലു’കലും ‘ഗെയിമു’കളും.

വികസനത്തിന്റെ പേരു പറഞ്ഞുള്ള കോര്‍പറേറ്റ് കൊള്ളയെയും കച്ചവടത്തെയും മറയ്ക്കാന്‍ കണ്ണഞ്ചിക്കുന്ന വിശ്വാസ നിര്‍മിതികളിലൂടെയും അതിന്റെ പേരിലുള്ള ശബ്ദ ഘോഷങ്ങളിലൂടെയും ജനത്തെ മയക്കിക്കിടത്തുകയും പരസ്പരം കടിപിടികൂടിക്കുകയുമാണ് വാസ്തവത്തില്‍ ചെയ്യുന്നത്.

അതുകൊണ്ട് ബാബരി മസ്ജിദ് ഗ്യാന്‍ വ്യാപിയിലൂടെയും ആവര്‍ത്തിക്കപ്പെടും.

ജൂത സയണിസ്റ്റ് ആശയങ്ങളില്‍നിന്ന് ഊര്‍ജ്ജം കടംകൊണ്ട വി.ഡി സവര്‍ക്കറുടെ ഹിന്ദു മഹാസഭയാണ് ബാബരി മസ്ജിദ് പ്രശ്‌നത്തിന് അടിയാധാരമായി വര്‍ത്തിച്ച കൈക്രിയകള്‍ ആദ്യം നടത്തിയതെന്നോര്‍ക്കുക. ചരിത്രത്തില്‍ സമാനതകള്‍ പുലര്‍ത്തുന്ന രണ്ട് വംശീയ പ്രത്യയ ശാസ്ത്രങ്ങളെ ചേര്‍ത്തുവെച്ചുള്ള വായനയില്‍ നിന്ന് ഇതിന്റെ ചിത്രം തെളിഞ്ഞുവരും.

ബാബരി മസ്ജിദ്

എങ്ങനെയാണ് യഹൂദ രാഷ്ട്രത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന ആദ്യകാല ജനാധിപത്യ ഇന്ത്യയില്‍നിന്ന് ഇസ്രായേലിനോട് ഒട്ടിനില്‍ക്കുന്ന നവ വലതുപക്ഷ ഇന്ത്യ രൂപപ്പെടുന്നതെന്ന് തീര്‍ച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അതിനുമുമ്പ് ഇന്ത്യന്‍ ഹിന്ദുത്വയും ഇസ്രായേല്‍ സയണിസവും തമ്മില്‍ ആശങ്ങളിലും പ്രയോഗങ്ങളിലമുള്ള സമാനതകളെ ചുരുക്കത്തില്‍ ചൂണ്ടിക്കാണിക്കാം.

രാഷ്ട്രീയ ഹിന്ദുത്വക്ക് യഥാര്‍ഥ ഹിന്ദു മതവുമായോ പൊളിറ്റിക്കല്‍ സയണിസത്തിന് ജൂത മതവുമായോ ബന്ധമില്ല എന്നതാണ് ഏറ്റവും അടിസ്ഥാനപരമായും പ്രഥമമായും മനസ്സിലാക്കേണ്ട വസ്തുത. നിരവധി ഹൈന്ദവ പുരോഹിതരും യഹൂദ പുരോഹിതരും ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നു.

ഇതര മതസ്ഥരോടുള്ള വിദ്വേഷങ്ങളെ ഒരര്‍ത്ഥത്തിലും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നു കരുതുന്ന മതവിശ്വാസികളും ഇന്നാടുകളില്‍ ധാരാളമായുണ്ട്. എന്നാല്‍, അത്തരം ശബ്ദങ്ങള്‍ ഈ പ്രത്യയശാസ്ത്രങ്ങള്‍ തീര്‍ത്ത വ്യാജവും ഭീതിദവുമായി അന്തരീക്ഷത്തില്‍ നേര്‍ത്തില്ലാതാവുന്ന കാഴ്ച വേദനാജനകമാണെന്ന് പറയാതിരിക്കാനാവില്ല.

ഹിന്ദുത്വയെന്നത് ഹൈന്ദവ ദേശീയതയില്‍ അധിഷ്ഠിതമായ വംശീയ പ്രത്യയശാസ്ത്രമാണ്. സയണിസമാവട്ടെ, ജൂത ദേശീയതയിലധിഷ്ഠിതമായ വംശീയ പ്രത്യയശാസ്ത്രവും.

മതം, വംശം, അല്ലെങ്കില്‍ രക്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു ജനവിഭാഗത്തിന്റെ ആശയങ്ങളാണിത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ഹിന്ദുത്വയും സയണിസവും ആരാധിക്കാനോ അടയാളപ്പെടുത്താനോ തിരഞ്ഞെടുക്കുന്ന ചിഹ്നങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാമെങ്കിലും മാര്‍ഗത്തിന്റെയും ലക്ഷ്യത്തിന്റെയും സ്വഭാവം സമാനമാണ്.

ജൂത ജനതയെ മാത്രം ഉള്‍കൊള്ളുന്ന രാജ്യമാണ് സയണിസം നല്‍കിയ ഉറപ്പെങ്കില്‍ ഹൈന്ദവര്‍ മാത്രമുള്ള ഇന്ത്യയാണ് ഹിന്ദുത്വ നല്‍കുന്ന ഉറപ്പ്. രണ്ടു കൂട്ടരും പൊതുശത്രുവായി പ്രഖ്യാപിച്ചതും കാലങ്ങളായി വേട്ടയാടുന്നതും ആ മണ്ണിന്റെ തന്നെ അവകാശികള്‍ ആയ മുസ്‌ലിങ്ങളെയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനു മുമ്പ് സാമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമായിരുന്നു അയോധ്യയുടെയും ജറൂസലേമിന്റെയും ചരിത്രം.

500 വര്‍ഷം മുമ്പ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണി കഴിപ്പിച്ച ബാബരി മസ്ജിദ് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന വന്‍ നുണയുടെ മറവിലാണ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രം പേറുന്ന ആര്‍.എസ്.എസ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

എന്നാല്‍, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ വെളിവാക്കുന്നതാവട്ടെ ഇന്ത്യയിലെ ഹൈന്ദവ- ഹൈന്ദവേതര ജനതയുടെ മുഖ്യ ശത്രുവായിരുന്നത് അതിനകത്തെ ജാതിവ്യവസ്ഥയും സവര്‍ണ രാഷ്ട്രീയ താല്‍പര്യങ്ങളുമാണെന്നതാണ്. അതു മറച്ചുവെച്ച് ഇന്ത്യയിലെ മുഗളന്‍മാരെയും അവര്‍ക്കുശഷമുള്ള മുസ്‌ലിങ്ങളെയും ആകമാനം ഹൈന്ദവരുടെ ശത്രുക്കളാക്കുന്ന കൊടിയ പ്രചാരണമാണ് നടത്തുന്നത്.

മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നാമത്തെ വിശുദ്ധ ദേവാലമാണ് ഏഴാംനൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ. പ്രവാചകന്‍ മുഹമ്മദിന്റെ കാല്‍പാടുകള്‍ പതിഞ്ഞ ചരിത്രമുള്ള ആ മണ്ണ് മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്റെ വൈകാരിക പ്രതീകം കൂടിയാണ്.

എന്നാല്‍, ബൈബിളിലെ യഹൂദ ക്ഷേത്രങ്ങള്‍ നിലനിന്നിരുന്ന സ്ഥലമാണ് ഈ പ്രദേശമെന്ന യഹൂദരിലെ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മറയാക്കിയാണ് ഫലസ്തീന്‍ അധിനിവേശത്തിന് പൊളിറ്റിക്കല്‍ സയണിസം ന്യായീകരണം തീര്‍ത്തത്. ലോകത്തുടനീളമുള്ള യഹൂദരെ ഒറ്റപ്പെടുത്തിയതും വേട്ടയാടിയതും നാടുകടത്തിയതും കൊന്നുതള്ളിയതും മുസ്‌ലിങ്ങള്‍ ആയിരുന്നില്ല. സെമിറ്റിക് ധാരയിലെ ക്രിസ്തുമത രാഷ്ട്രങ്ങളും ഏകാധിപതികളും പടിഞ്ഞാറന്‍ ജനതയുമായിരുന്നു.

എല്ലായിടത്തുനിന്നും ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്ത ഫലസ്തീനിലെ അറബ് മുസ്‌ലിങ്ങളെ ഏറ്റവും കൊടിയ ക്രിമിനലുകളും ഭീകരവാദികളുമാക്കി ലോകത്തിനു മുന്നില്‍ സയണിസ്റ്റുകള്‍ ചിത്രീകരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഫലസ്തീനും ഇന്ത്യയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലായിരുന്നു. തങ്ങളുടെ അധികാരവും ചൂഷണവും പ്രത്യക്ഷത്തില്‍ അവസാനിപ്പിച്ചെങ്കിലും കാലാകാലത്തേക്കുള്ള അസ്വസ്ഥതക്കും അസമാധാനത്തിനുമുള്ള പണികള്‍ ഒപ്പിച്ചുവെച്ചാണ് ബ്രിട്ടീഷുകാര്‍ അവിടെനിന്ന് പിന്‍മാറിയത്.

അതിന്റെ അനന്തരഫലമായിട്ടായിരുന്നു 1947ല്‍ യു.എന്‍ ഫലസ്തീനെ വിഭജിച്ച് രണ്ട് ഭാഗങ്ങളാക്കിയത്. ഒരു ഭാഗം ജൂതര്‍ക്കും മറ്റൊരു ഭാഗം ഫലസ്തീനികള്‍ക്കും. ഇതില്‍ പകുതിയിലേറെ ഭൂമിയും ജൂത ജനതക്കാണ് ലഭിച്ചത്.

അതുപോലെ തന്നെ, 1947ലെ സ്വാതന്ത്ര്യത്തോടെ ഇന്ത്യയുടെ ബ്രിട്ടീഷ് രാജ് പിരിച്ചുവിടുകയും ദക്ഷിണേഷ്യയില്‍ രണ്ട് സ്വതന്ത്ര ആധിപത്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇന്ത്യയെന്നും പാകിസ്താന്‍ എന്നും രണ്ട് രാജ്യങ്ങളുണ്ടാക്കി മതത്തിന്റെ പേരില്‍ എക്കാലത്തേക്കും അസ്വസ്ഥതകള്‍ക്കും ഉരസലുകള്‍ക്കും ബ്രിട്ടീഷുകാര്‍ വഴിമരുന്നിട്ടു. പിന്നീട് സാമ്രാജ്യത്വ ശക്തികളുടെ ആയുധ വിപണിക്കും ആയുധ പരീക്ഷണത്തിനുമുള്ള പുതിയ സാധ്യതകളിലേക്കുകൂടി അത് വഴിതുറന്നു.

ഇന്ത്യയുടെ സമ്പൂര്‍ണ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താന്‍ പോവുന്നത് ആര്‍.എസ്.എസിന്റെ നൂറുവര്‍ഷം പിന്നിടുന്ന വേളയില്‍ 2025ലാണ്.തിയോഡര്‍ ഹെര്‍സല്‍ രൂപം നല്‍കിയ പൊളിറ്റിക്കല്‍ സയണിസത്തിന്റെ പിന്‍ബലത്തില്‍ ഏതാണ്ട് അര നൂറ്റാണ്ടുകാലംകൊണ്ട് ജൂത രാഷ്ട്ര പ്രഖ്യാപനം സാധ്യമായെങ്കിലും മസ്ജിദുല്‍ അഖ്‌സ പൂര്‍ണമായി വരുതിയിലാക്കാന്‍ ഇസ്രായോലിന് കഴിഞ്ഞിരുന്നില്ല.

അല്‍ അഖ്‌സ മസ്ജിദിപ്പോള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിന്റെ പരിസരങ്ങളില്‍ നിന്ന് മുസ്‌ലിങ്ങളെ ആട്ടിപ്പായിക്കുകയും വെടിവെച്ചുവീഴുത്തുകയുമൊക്കെ മുടക്കമില്ലാതെ തുടരുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സ സമ്പൂര്‍ണമായി പിടിച്ചടക്കുന്നതോടെയാണ് ഇസ്രായേല്‍ ലോകത്തുള്ള യഹൂദര്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുക. ആ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണിന്നവര്‍.

മറ്റൊരു പ്രധാന സാമ്യത ഈ ഭരണകൂടങ്ങളുടെ ആഴത്തിലുള്ള കോര്‍പറേറ്റ് ബാന്ധവമാണ്. കോര്‍പറേറ്റുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയില്ലാതെ ഈ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാനോ അതിജീവിക്കാനോ കഴിയില്ല.

ഇസ്രഈലിനെ ആ അര്‍ഥത്തില്‍ പിന്തുണച്ചത് ലോകത്തിലെ ഏറ്റവും വലിയ ധനിക ജൂത കുടുംബമായ റോത്ത്ഷീല്‍ഡും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ആയിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുത്വം അതിനുവേണ്ടി വളര്‍ത്തിക്കൊണ്ടുവന്നത് അദാനിയെയാണ്. പണത്തിന് ആശ്രയിക്കുന്നതാവട്ടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും.

ഇനി അതിപ്രധാനമായ മറ്റൊരു സാമ്യതയെക്കുറിച്ചാണ്. 1950 ജൂലൈ 5ന് ഇസ്രഈല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ലോ ഓഫ് റിട്ടേണ്‍ അഥവാ മടങ്ങിവരല്‍ നിയമം. ഓരോ ജൂതനും ഒന്നോ അതിലധികമോ പൂര്‍വികരുമായി ആ രാജ്യത്തേക്ക് കുടിയേറ്റക്കാരനായി വരാന്‍ അവകാശമുണ്ട്’ എന്ന് ഈ നിയമത്തിന്റെ സെക്ഷന്‍ ഒന്ന് പ്രഖ്യാപിക്കുന്നു.

1970ല്‍ കൂടുതല്‍ അംഗങ്ങളുമായി ഈ നിയമം ഭേദഗതി ചെയ്തു. ഇതിന്റെ ഫലമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജൂതര്‍ കുട്ടത്തോടെ ഫലസ്തീനിലേക്ക് ഒഴുകി. ഇതോടെ തദ്ദേശീയരായ ഫലസ്തീനികള്‍ എല്ലാം നഷ്ടപ്പെട്ടവരായി സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുകയും ഏതാനും ഭൂഭാഗങ്ങളിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അങ്ങനെ ഒതുക്കപ്പെട്ട ഒടുവിലത്തെ ഭൂഭാഗമാണ് ഗസ്സ. അവിടെ ഏറ്റവും ക്രൂരമായ ആക്രമണങ്ങള്‍ നടത്തി ഉന്‍മൂലനം ചെയ്യുന്നതിലേക്ക് ഇസ്രായേലിനെ ഏറ്റവും തുണച്ച നിയമം കൂടിയാണ് ‘ലോ ഓഫ് റിട്ടേണ്‍’.

ഇസ്രഈല്‍ പാര്‍ലമെന്റിന്റെ ഈ നിയമത്തെ അനുസ്മരിപ്പിക്കുന്നതാണ് 2019 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ സി.എ.എ. അഥവാ പൗരത്വ ഭേദഗതി നിയമം. മൂന്ന് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്കും സ്ഥിര താമസത്തിലേക്കുമുള്ള വഴി തുറന്നുകൊടുക്കുന്നതാണ് ഇത്. പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് സി.എ.എ മടക്കിവെച്ചിരിക്കുന്നുവെങ്കിലും ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ മേലുള്ള ഡെമോക്ലസിന്റെ വാള്‍ പോലെ ഇപ്പോഴും തൂക്കിയിട്ടിരിക്കുകയാണത് ബി.ജെ.പി സര്‍ക്കാര്‍.

മാധ്യമങ്ങളിലൂടെ ജൂത വിരോധം ആരോപിച്ചായിരുന്നു ഫലസ്തീനികള്‍ക്കെതിരായ പ്രചാരണം കാലാകാലങ്ങളായി ഇസ്രഈല്‍ നടത്തിയത്. അതിനായി സയണിസ്റ്റ് അനുകൂല മള്‍ട്ടി ബില്യണയറുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ കാര്യമായി പണിയെടുത്തു. ഗസ്സ ആക്രമണത്തോടെ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ നുണകളുടെ അകമ്പടിയോടെ സയണിസ്റ്റ് അനുകൂല ജൂത പ്രൊഫൈലുകള്‍ അത് ആളിക്കത്തിച്ചു. യൂറോപ്പിന്റെ പഴയ ‘ആന്റി സെമിറ്റിസ’ത്തിന്റെ ഇരകള്‍ ‘ആന്റി മുസ്‌ലിം’ പ്രൊപ്പഗണ്ടയുടെ കടുത്ത വക്താക്കളായി.

ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ സാമ്പ്രദായിക മാധ്യമങ്ങളും നവ മാധ്യമങ്ങളും ഇതേപാത തന്നെയാണ് പിന്തുടര്‍ന്നത്. ഭൂരിഭാഗം മാധ്യമങ്ങളും അവരുടെ സ്വാധീന വലയത്തിലായി. രാജ്യത്തെ ഹിന്ദുക്കള്‍ മുഴുവന്‍ അപായ മുനമ്പിലാണെന്നും അതിനു കാരണക്കാര്‍ മുസ്‌ലിങ്ങള്‍ ആണെന്നുമുള്ള തരത്തില്‍ സൈബര്‍ ലോകത്ത് ആളിക്കത്തിക്കല്‍ തുടങ്ങി.

പച്ചക്ക് വിദ്വേഷ പ്രസംഗങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും നടത്തി. മുസ്‌ലിങ്ങളെ വ്യാപകമായി പരിഹസിച്ചും തെറിവിളിച്ചും പ്രകോപിതരാക്കാനുള്ള ശ്രമങ്ങളും നടന്നു. ഈ ഭരണകാലയളവില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളായി സാധാരണക്കാരായ മുസ്‌ലിങ്ങള്‍ അടിയേറ്റും വെടിയേറ്റും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും കൊല്ലപ്പെട്ടു. എത്രയോ പേര്‍ ജയിലിലടക്കപ്പെട്ടു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തു.

ഇന്ന് ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നതിന്റെ ചെറു പതിപ്പായിരുന്നു ആ ബുള്‍ഡോസര്‍ മുരള്‍ച്ചകള്‍.

തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി നുണകളും പുകമറകളും വ്യാജങ്ങളും പടച്ചുവിടുക എന്നതിനും അത് ആസൂത്രിതമായി പ്രചരിപ്പിക്കുക എന്നതിന് ഈ രണ്ടു കൂട്ടരുടെയും ചരിത്രത്തില്‍ എമ്പാടും തെളിവുകള്‍ ഉണ്ട്.
ഓരോ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോഴും രാജ്യത്തെ മുസ്‌ലിങ്ങള്‍ മുഴുവനായി സംശയനിഴലിലേക്ക് നിര്‍ത്തപ്പെടും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനുശേഷം നിരവധി ഹിന്ദുത്വ പ്രൊഫൈലുകള്‍ ജൂതന്മാരെപ്പോലെ ഹിന്ദുക്കളും അപകടത്തിലാണ് എന്ന വദങ്ങള്‍ ഉയര്‍ത്തി. മോദിയുടെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഫോട്ടോകള്‍ വെച്ച് ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പോസ്റ്റുകളില്‍ അവര്‍ മോദി-നെതന്യാഹു സൗഹൃദത്തെ മഹാസംഭവമായി ആഘോഷിച്ചു.

നെതന്യാഹുവും നരേന്ദ്ര മോദിയും

ഹിന്ദുക്കളെ തങ്ങള്‍ അപകടത്തിലാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഹിന്ദുത്വ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്. അത് ഏറ്റവും നന്നായി അറിയുന്നവരാണ് അതില്‍ നിന്ന് വളമൂറ്റി ഭീമാകാരമായ കോര്‍പറേറ്റ് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്.

ഹിന്ദുത്വയ്ക്കും സയണിസത്തിനും ഇടയില്‍, അവരുടെ ലക്ഷ്യത്തിലുള്ള രാഷ്ട്രീയ വ്യവസ്ഥയെയും ലോകക്രമത്തെയും രൂപപ്പെടുത്തിയ ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും അവിഹിത ഇടപെടലുകളും കൂട്ടുകച്ചവടങ്ങളും പരിശോധിക്കേണ്ടതുണ്ട്.

2014 സെപ്റ്റംബറില്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ വേളയില്‍ മോദിയും നെതന്യാഹുവും ആദ്യമായി കണ്ടുമുട്ടിയത് മുതല്‍ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തുന്നു. എന്നാല്‍, അതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പെ ഈ രണ്ടു വംശീയ രാഷ്ട്രീയത്തിന്റെ ആചാര്യന്‍മാര്‍ തമ്മില്‍ യാത്രകള്‍ തുടങ്ങിയിടുണ്ട്.

2019ല്‍ ബി.ജെ.പി അംഗവും അന്നത്തെ രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യം സ്വാമി ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ പ്രൊഫസറായ ഗാഡി ടൗബിനൊപ്പം മുംബൈ സര്‍വകലാശാലയുടെ കോണ്‍വൊക്കേഷന്‍ ഹാളില്‍ പ്രഭാഷണം നടത്തുകയുണ്ടായി.

ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലും ഇന്തോ-ഇസ്രഈല്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ ‘സയണിസത്തിന്റെയും ഹിന്ദുത്വയുടെയും പശ്ചാത്തലത്തില്‍ രാഷ്ട്രങ്ങളുടെ നേതാക്കളുടെ ആശയങ്ങള്‍’ എന്ന തലക്കെട്ടിലായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഫ്രണ്ട് ലൈന്‍ മാഗസന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ആധുനിക പൊളിറ്റിക്കല്‍ സയണിസത്തിന്റെ പിതാവായ തിയോഡര്‍ ഹെര്‍സലും പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ ആചാര്യനായ വി.ഡി സവര്‍ക്കറും ആയിരുന്നു ആ രണ്ട് നേതാക്കന്‍മാര്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.

Why Zionism rules the hearts of Hindutva acolytes എന്ന തലക്കെട്ടില്‍ Shreevatsa Nevatia 2023 ഡിസംബര്‍ 14 ന് ഫ്രണ്ട് ലൈനില്‍ എഴുതിയ ലേഖനം ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കൊളോണിയലിസത്തെയും വര്‍ണ്ണവിവേചനത്തെയും എതിര്‍ത്ത ചേരിചേരാ പ്രസ്ഥാനത്തെ നയിച്ച നേതൃരാജ്യങ്ങളിലൊന്നായിരുന്നു നമ്മുടെ രാജ്യം. ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഫലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) അംഗീകരിക്കുന്ന ആദ്യത്തെ അറബ് ഇതര രാഷ്ട്രമായി ഇന്ത്യ സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ലോകത്തെ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയായിട്ടുകുടി ഫലസ്തീന്‍ മാറി.

ജവഹര്‍ലാല്‍ നെഹ്റു

Zionism and Hindutva: Communal cousins എന്ന പേരിലുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ഫ്രണ്ട്‌ലൈന്‍ ഇതുമായി ബന്ധപ്പെട്ടചരിത്ര വസ്തുതുതകള്‍ അനാവരണം ചെയ്യുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം:

ബ്രിട്ടീഷുകാരെ തുരത്തിയ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഓരത്തു മാറിനിന്ന ഹിന്ദുത്വ രാഷ്ട്രീയ വക്താക്കളുടെ ചരിത്രം മറ്റൊന്നായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കള്‍ വിഭാവനം ചെയ്ത ബഹുസ്വര, ബഹുമത, ബഹു-സാംസ്‌കാരിക ക്ഷേമ രാഷ്ട്രത്തിന് വിരുദ്ധമായി, ഹിന്ദുത്വ ശക്തികള്‍ ദേശീയരാഷ്ട്രത്തെ ഒരു ഏകതാനമായ വംശീയതയെ അല്ലെങ്കില്‍ മത സമൂഹത്തെ വിഭാവനം ചെയ്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്ക കാലഘട്ടത്തില്‍ തന്നെ അവര്‍ ആശയപരമായി പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന തിരക്കിലായിരുന്നു. വി.ഡി. സവര്‍ക്കറും കെ.ബി. ഹെഡ്‌ഗേവാറും എം.എസ്. ഗോള്‍വാള്‍ക്കറും ബി.എസ്.മൂഞ്‌ജെയും അതിനായി പണിയെടുത്തു. ഉറങ്ങിക്കിടക്കുന്ന ഹിന്ദുത്വത്തെ ഉണര്‍ത്തണമെന്നും അതിനായി ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അഥവാ മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും രക്തം സേവിക്കുകണമെന്ന ആശയം അവര്‍ മുന്നോട്ടുവെച്ചു.

ഈ പ്രേരണ അവരെ ഫാസിസത്തിന്റെ വാതിലുകളിലേക്ക് നയിച്ചു. ജനാധിപത്യ വിരുദ്ധമായ, ഏകാധിപത്യ ഭരണകൂട രൂപങ്ങളോടുള്ള താല്‍പര്യം അവര്‍ മറച്ചുവെച്ചില്ല. ആര്‍.എസ്.എസിനുമേല്‍ വന്‍ സ്വാധീനമുള്ള, 1907ല്‍ രൂപീകരിച്ച ഹിന്ദു മഹാസഭക്ക് അക്കാലങ്ങളില്‍ നാസി ജര്‍മനിയും മുസോളനിയുടെ ഫാസിസ്റ്റ് ഇറ്റലിയോടും അസാധാരണ ബന്ധമുണ്ടായിരുന്നു.

1931ല്‍ ബെനിറ്റോ മുസ്സോളിനിയെ കാണാന്‍ മൂന്‍ജെ ഇറ്റലിയിലേക്ക് പോയി. ശാരീരിക അഭ്യാസങ്ങളിലും അര്‍ധ സൈനിക പരിശീലനങ്ങളിലും അധിഷ്ഠിതമായ പ്രതിവാര മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറ്റാലിയന്‍ ആണ്‍കുട്ടികളെ എങ്ങനെയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് മൂന്‍ജെ സൂക്ഷ്മമായി നിരീക്ഷിച്ചു. പിന്നീട് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനരീതിയായി മാറുംവിധം അത് സ്വാധീനിച്ചു.

വി.ഡി. സവര്‍ക്കര്‍

1938ഓടെ നാസി ജര്‍മ്മനി ഹിന്ദു മഹാസഭയുടെ പ്രധാന റഫറന്‍സ് പോയിന്റായി മാറി. 1938 ഓഗസ്റ്റ് 1ന് പൂനയില്‍ 20,000 പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് വി.ഡി. സവര്‍ക്കര്‍ പ്രഖ്യാപിച്ചത് ജര്‍മ്മനിക്ക് നാസിസത്തെയും ഇറ്റലിക്ക് ഫാസിസത്തെയും ആശ്രയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നായിരുന്നു.

ഇന്ത്യയില്‍ ഹിന്ദുത്വ ഭരണകൂടം പ്രത്യക്ഷ അധികാരത്തില്‍ വന്നതിനുശേഷം വംശീയ ദേശീയതയുടെയും നവ സാമ്രാജ്യത്തിന്റെയും ആസൂത്രക രാഷ്ട്രമായ ഇസ്രഈലിനൊപ്പം നിലകൊണ്ടു. ഹിറ്റ്ലറുടെ വംശഹത്യാപരമായ കൂട്ടക്കൊലയെ അംഗീകരിച്ചുകൊണ്ട് ഒരിക്കല്‍ കൊട്ടിയിരുന്ന കൈകള്‍തന്നെയാണ് സയണിസ്റ്റ് ജൂതന്മാര്‍ തങ്ങളുടെ സൗഹൃദത്തില്‍ മുറുകെപ്പിടിച്ചതെന്ന ഒരു വൈരുധ്യം അപ്പോഴുമുണ്ടായിരുന്നു. എന്നാല്‍, ആ സൗഹൃദങ്ങള്‍ക്കു പിന്നിലെ അന്തര്‍ധാര അറിയുമ്പോള്‍ ഇത് വൈരുധ്യമല്ലെന്നും സയണിസവും ഹിന്ദുത്വയും ഇരട്ടപെറ്റ ആശയങ്ങളാണെന്നും ബോധ്യമാവും.

ജൂത ദേശീതയുടെ ആചാര്യനായ തിയോഡര്‍ ഹെര്‍സല്‍ 1896ലെ തന്റെ ‘യഹൂദ രാഷ്ട്രം’ എന്ന പുസ്തകത്തില്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രദ്ധ നേടാന്‍ തുടങ്ങിയിരുന്നു. 1917ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തോടെ, പലസ്തീനില്‍ ജൂത ജനതയ്ക്ക് ദേശീയ ഭവനം സ്ഥാപിക്കുന്നതിനുള്ള പിന്തുണ ബ്രിട്ടീഷ് സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നു.

അത്തരമൊരു പരിഹാരത്തെ താന്‍ അനുകൂലിക്കുന്നുവെന്ന് സവര്‍ക്കര്‍ ഹിന്ദു മഹാസഭയോട് പറയുകയുണ്ടായി. സയണിസ്റ്റുകളുടെ സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമായാല്‍ – ഫലസ്തീന്‍ ഒരു ജൂത രാഷ്ട്രമായാല്‍ – അത് നമ്മുടെ ജൂത സുഹൃത്തുക്കളെപ്പോലെ തന്നെ നമ്മെയും സന്തോഷിപ്പിക്കുമെന്നും വി.ഡി സവര്‍ക്കര്‍ പറയുകയുണ്ടായി.

ജൂത സയണിസത്തില്‍ അദ്ദേഹം കണ്ടത് ഒരു വംശീയവാദിയായ സാഹോദനെയായിരുന്നു. തുടര്‍ന്ന്, സവര്‍ക്കര്‍ 1922-ല്‍ ‘ഹിന്ദുത്വ’ എന്ന പദം സൃഷ്ടിച്ചു.

ഗോള്‍വാള്‍ക്കര്‍

ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കര്‍ ഫലസ്തീനിലെ ജൂതന്മാരുടെ പുനരധിവാസം പ്രായോഗികമായി മരിച്ച ഹീബ്രു ദേശീയതയെ പുനരുജ്ജീവിപ്പിക്കുമെന്ന് എഴുതി. അതിലും വലുതായത്, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പൗരന്റെ അവകാശങ്ങള്‍ പോലും അവകാശപ്പെടാതെ ഹിന്ദു രാഷ്ട്രത്തിന് പൂര്‍ണ്ണമായും കീഴ്‌പ്പെട്ട് രാജ്യത്ത് തുടരാമെന്നും ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവെന്നതാണ്.

നെഹ്‌റുവിയന്‍ ജനാധിപത്യത്തില്‍ ഇന്ത്യയില്‍ ഈ ബാന്ധവം നിശബ്ദാവസ്ഥയിലായിരുന്നു. എന്നാല്‍, 2002 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഹിന്ദു വലതുപക്ഷത്തിന്റെ ദീര്‍ഘകാല നേതാവുമായ അടല്‍ ബിഹാരി വാജ്പേയി ഏറ്റവും പഴക്കമുള്ള ജൂത സാംസ്‌കാരിക സംഘടനയായ ബ്‌നായി ബിരിത്ത് ഇന്റര്‍നാഷണല്‍, എ.ജെ.സി, ജ്യൂയിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി അഫയേഴ്സ്, എ.ഐ.പി.എസി എന്നിവയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ‘ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള ബന്ധത്തിന്റെ പുഷ്പവൃഷ്ടി’ എന്നായിരുന്നു ആ ആഹ്ലാദ നിമിഷങ്ങള്‍ക്ക് ചാര്‍ത്തിയ വിശേഷണം.

അടല്‍ ബിഹാരി വാജ്പേയി

2014 മുതല്‍, അതായത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍, സയണിസവും ഹിന്ദുത്വവും തമ്മിലുള്ള ദാമ്പത്യം നിരവധി ഹീന സംഭവങ്ങള്‍ക്ക് ജന്മം നല്‍കി. ഇസ്രഈന്റെ ആയുധ കയറ്റുമതിയുടെ 42 ശതമാനവും വഹിക്കുന്ന ഇന്ത്യ ഇസ്രായേലിന്റെ വ്യാപാരത്തിലെ ആയുധം വാങ്ങുന്ന ഒന്നാംനമ്പര്‍ രാജ്യമായി മാറി.

ഇന്ത്യന്‍ നടപ്പാക്കുന്ന സാങ്കേതിക പരിഷ്‌കാരങ്ങള്‍ എല്ലാം ഇസ്രായേലിന്റെ ടെക്‌നോളജി ഉപയോഗിച്ചുകൊണ്ടുള്ളതാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഇസ്രഈലില്‍ നിന്ന് എല്ലാത്തരം സൈനിക ഹാര്‍ഡ്‌വെയറുകളും വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. രാത്രി കണ്ണടകള്‍, നിരീക്ഷണ-സായുധ ഡ്രോണുകള്‍, അത്യാധുനിക തോക്കുകള്‍ – എന്നാല്‍ ഇതിനകം തന്നെ ലാഭകരമായ ഈ ബന്ധം മോദി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം, ഇസ്രഈലിന്റെ ദ്വിവത്സര ബ്ലൂ ഫ്‌ലാഗ് ഡ്രില്ലിന്റെ ഭാഗമായി ഇസ്രായേലും ഇന്ത്യയും ആദ്യമായി സംയുക്ത സൈനികാഭ്യാസം നടത്തി.

അത്യപകടകരമായ രണ്ട് വംശീയ പ്രത്യയ ശാസ്ത്രങ്ങളെ ചേര്‍ത്തുവായിക്കാതെ ഈ രണ്ടു രാജ്യങ്ങളില്‍ നടക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയത്തെ വിലയിരുത്തല്‍ ‘കാഴ്ചയില്ലാത്തയാള്‍ ആനയെ കണ്ടതു’പോലെ ആവും. എല്ലാ വിശ്വാസ സംരക്ഷണത്തിനുമേല്‍ പ്രതിപവര്‍ത്തിക്കുന്നത് ആര്‍ത്തിയുടെ ഭൗമ രാഷ്ട്രീയമാണ്. ഏറ്റവും ഒടുവിലായി ‘വികസിത ഭാരതത്തിന്റെ’ വ്യാപാര ഇടനാഴിയിലൂടെ ഇന്ത്യ തുറന്നിടാന്‍ പോവുന്ന വമ്പന്‍ വിപണിയും ഊര്‍ജ്ജത്തിന്റെയും ഖനിജങ്ങളുടെയും വന്‍ സ്രോതസ്സുകളും നവ സാമ്രാജ്യത്വത്തിന് ഒരുക്കാന്‍ പോവുന്നത് അവസരങ്ങളുടെ അക്ഷയ ഖനികളാണ്.

content highlights: Corporate Corridor from Babri Masjid to Masjid-ul-Aqsa

വി.പി റജീന
മാധ്യമപ്രവര്‍ത്തക