|

ഇന്ത്യന്‍ തൊഴിലാളികളെ പിഴിഞ്ഞെടുക്കാനുള്ള കോര്‍പ്പറേറ്റുകളുടെ മത്സരം; തൊഴില്‍സമയം വര്‍ധിപ്പിക്കുന്നതില്‍ സി.ഐ.ടി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊഴില്‍സമയം ആഴ്ചയില്‍ 90 മണിക്കൂറായി വര്‍ധിപ്പിക്കണമെന്ന ലാര്‍സന്‍ ആന്റ് ടു ബ്രോയുടെ ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്‌മണ്യന്റെ പ്രസ്താവനയെ അപലപിച്ച് സി.ഐ.ടി.യു.

ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും പിഴിഞ്ഞെടുക്കാന്‍ കോര്‍പ്പറേറ്റ് തലവന്മാര്‍ തമ്മില്‍ മത്സരിക്കുകയാണെന്ന് സി.ഐ.ടി.യു പറഞ്ഞു.

‘വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ആവശ്യപ്പെടുന്നത് അനുസരിച്ച്, പ്രതിദിന തൊഴില്‍സമയം ഏഴ് മണിക്കൂറായി പ്രഖ്യാപിക്കണം. പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ച് ആക്കി കുറയ്ക്കുകയും വേണം,’ സി.ഐ.ടി.യു

നേരത്തെ തൊഴില്‍സമയം ആഴ്ചയില്‍ 70 മണിക്കൂറാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഇന്‍ഫോസിസ് തലവനായിരുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉദ്ധരിച്ചായിരുന്നു സി.ഐ.ടി.യുവിന്റെ പ്രസ്താവന.

ജോലിസമയം വര്‍ധിപ്പിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹ്യജീവിതത്തെയും വിനാശകരമായി ബാധിക്കുമെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി. തൊഴില്‍സമയം പ്രതിദിനം 12 മണിക്കൂറായി ഉയര്‍ത്താന്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമത്തിനെതിരെ എതിര്‍പ്പ് ഉയരുകയാണെന്നും സി.ഐ.ടി.യു പറഞ്ഞു.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ആവശ്യപ്പെടുന്നത് അനുസരിച്ച്, പ്രതിദിന തൊഴില്‍സമയം ഏഴ് മണിക്കൂറായി പ്രഖ്യാപിക്കണമെന്നും ആഴ്ചയില്‍ പ്രവൃത്തിദിവസം അഞ്ച് ആക്കി കുറയ്ക്കണമെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

തൊഴില്‍സമയം വര്‍ധിപ്പിച്ചും ജോലിഭാരം അടിച്ചേല്‍പ്പിച്ചും ഇന്ത്യന്‍ തൊഴിലാളികളെ കൊടിയ ചൂഷണത്തിനാണ് വിധേയരാക്കുന്നത്. ഇതിലൂടെ കൊള്ളലാഭമാണ് കോര്‍പ്പറേറ്റുകള്‍ കൊയ്യുന്നതെന്നും സി.ഐ.ടി.യു പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ ഇത്തരം നടപടികളെ തുടര്‍ന്ന് 2022ല്‍ 11,436 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പറയുന്നതെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി.

ചൈന, അമേരിക്ക തുടങ്ങി ഉത്പാദനക്ഷമത ഉയര്‍ന്ന സ്ഥലങ്ങളിലെ തൊഴിലാളികളെക്കാള്‍ കൂടുതല്‍ സമയം പണിയെടുക്കുന്നവരാണ് ഇന്ത്യയിലെ സംഘടിത മേഖലയിലെ സ്ഥിരം തൊഴിലാളികള്‍ ഉള്‍പ്പെടെയെന്നും സി.ഐ.ടി.യു പറഞ്ഞു.

അതേസമയം രാജ്യത്ത് തൊഴിലില്ലായ്മ വ്യാപകമായെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി. ട്രേഡ് യൂണിയനുകളുടെ അതൃപ്തിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച തൊഴില്‍കോഡുകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും സി.ഐ.ടി.യു പറഞ്ഞു.

ഇതിനുപുറമെ 1990-91ല്‍ അധികമായി ചേര്‍ത്ത മൊത്തം മൂല്യത്തില്‍ വേതനവിഹിതം 27.64 ശതമാനമായിരുന്നു. എന്നാല്‍ ഇത് 2022-23ല്‍ 1594 ശതമാനമായി ഇടിഞ്ഞുവെന്നും സി.ഐ.ടി.യു ചൂണ്ടിക്കാട്ടി. ലാഭത്തിന്റെ വിഹിതം ഇക്കാലയളവില്‍ 19.06 ശതമാനത്തില്‍നിന്ന് 51.92 ശതമാനമായി വര്‍ധിച്ചെന്നും സി.ഐ.ടി.യു പറഞ്ഞു. വ്യാവസായിക വളര്‍ച്ച സംബന്ധിച്ച സര്‍വേ മുന്‍നിര്‍ത്തിയാണ് സി.ഐ.ടി.യുവിന്റെ പരാമര്‍ശം.

കമ്പനിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനിടെ എസ്.എന്‍. സുബ്രഹ്‌മണ്യന്‍ ജീവനക്കാരോട് ഞായറാഴ്ചകളില്‍ കൂടി ജോലി ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ശനിയാഴ്ചകളിലുള്ള നിര്‍ബന്ധിത ജോലിയെക്കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഞാറാഴ്ച്ചയും ജോലി ചെയ്യുകയാണ് വേണ്ടതെന്ന് തൊഴിലാളികളോട് പറഞ്ഞത്.

Content Highlight: Corporate competition to squeeze Indian workers; CITU in increasing working hours

Video Stories