കൊറോണ വൈറസ്; പ്രാര്‍ത്ഥനകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
World News
കൊറോണ വൈറസ്; പ്രാര്‍ത്ഥനകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th March 2020, 11:29 am

റോം: വത്തിക്കാനിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രാര്‍ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

ഞായറാഴ്ച മുതലുള്ള പ്രാര്‍ത്ഥനകളാണ് മാര്‍പ്പാപ്പ വീഡിയോ വഴിയാക്കിയത്. ഞായറാഴ്ചകളില്‍ റോമിലെ സെന്റ്. പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പ്പാപ്പ പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നു.

എന്നാല്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിശ്വാസികള്‍ സംഘടിക്കുന്നത് ഒഴിവാക്കാനാണ് പ്രാര്‍ത്ഥനകള്‍ വീഡിയോ വഴിയാക്കിയത്. മാര്‍ച്ച് 15 വരെ നിത്യകുര്‍ബാനകളും ഒഴിവാക്കിയിട്ടുണ്ട്.

പ്രാര്‍ഥനകള്‍ വത്തിക്കാന്‍ സ്‌ക്വയറിലടക്കമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. നേരത്തെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെക്കുന്നെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലികമായാണ് നിരോധനം. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഉംറ നിര്‍ത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറയില്‍ പങ്കെടുക്കുന്നതിനും മദീനയില്‍ എത്തുന്നതിനും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ഭരണകൂടം അറിയിച്ചത്.

അതേസമയം കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേരുമടക്കം അഞ്ചുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെക്കുന്നതും കുറ്റകരമായി കണക്കാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കൊറോണ ബാധിത മേഖലകളില്‍ നിന്നും തിരിച്ചു നാട്ടില്‍ വന്ന വരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്‍, ഇറ്റലി, സൗദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video