വാഷിംഗ്ടണ്‍: രണ്ടാം ലോക മഹായുദ്ധത്തിനെക്കാളും 9/11 ആക്രമണത്തെക്കാളും കഠിനമായ രീതിയിലാണ് കൊവിഡ് 19 അമേരിക്കയെ ബാധിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇങ്ങനെ ഒരു കാര്യം സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.
” ഇത് പേള്‍ ഹാര്‍ബറെക്കാളും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കാളും വലിയ മഹാദുരിതമാണ്. ഇത്തരത്തില്‍ ഒന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു”, വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
1941 ല്‍ ഹവായിയിലെ പേള്‍ ഹാര്‍ബര്‍ നാവിക താവളത്തില്‍ അപ്രതീക്ഷിതമായി ജപ്പാന്‍ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്. 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആയിരുന്നു കൂടുതല്‍ മരണങ്ങളും ഉണ്ടായത്.
ഇതോടെയാണ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും അമേരിക്ക യുദ്ധങ്ങളും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നത്.
കൊവിഡ് 19 ഏറ്റവും ഭീകരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. കൊവിഡ് ബാധിച്ച് ഒരു ലക്ഷം അമേരിക്കക്കാര്‍ മരിച്ചേക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കയെ സാരമായി ബാധിച്ച കൊവിഡ് 19 ന് പിന്നില്‍ ചൈനയാണെന്നാണ് ട്രംപിന്റെ വാദം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.