| Sunday, 19th April 2020, 6:16 pm

മനുഷ്യരെ തമ്മില്‍ അകറ്റി നിര്‍ത്തി കൊവിഡ്-19, ആ വിടവിലേക്ക് റോബോട്ടുകള്‍, വൈറസ് സൃഷ്ടിക്കാനിടയുള്ള ഭാവി പ്രതിസന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്താകമാനം കൊവിഡ് 20 ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് പടര്‍ന്നു പിടിച്ചു. 1,59000 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആഗോള തലത്തില്‍ ജനസംഖ്യയുടെ വലിയൊരു ശതമാനം നിയന്ത്രണങ്ങളില്‍ കഴിയുന്നു.

ലോകം കൊവിഡിന് ശേഷം പഴയതു പോലെയായിരിക്കില്ല എന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഉയര്‍ന്ന വരാനിടയുള്ള ഒരു മാറ്റമാണ് തൊഴിലിടങ്ങളിലെ മനുഷ്യരുടെ സ്ഥാനം റോബോട്ടുകളുടെ കൈയ്യിലാവുന്നത്. റോബോട്ടുകള്‍ ഭാവിയില്‍ മനുഷ്യന്റെ മിക്ക കര്‍മ്മ മേഖലകളിലും കയറി പറ്റും എന്ന് നേരത്തെ പഠനങ്ങള്‍ വന്നതാണ്. എന്നാല്‍ കൊവിഡ്-19 ഈ കണക്കൂ കൂട്ടലുകളേക്കാള്‍ അതിവേഗത്തില്‍ ഇങ്ങനെയൊരു മാറ്റത്തിന് വഴി തുറന്നിടുകയാണ്.

അമേരിക്കയിലെ മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ വാള്‍മാര്‍ട്ട് നിലവില്‍ നിലം തുടയ്ക്കലിനായി റോബട്ടുകളെയാണ് ഉപയോഗിക്കുന്നത്. ദക്ഷിണകൊറിയയില്‍ ജനങ്ങളുടെ ശരീരത്തിന്റെ താപനില പരിശോധിക്കുന്നതും സാനിറ്റൈസേര്‍സ് വിതരണം ചെയ്യുന്നതും റോബോട്ടുകളാണ്. കൊവിഡ്-19 കാരണം മനുഷ്യര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുന്ന വിടവിലേക്കാണ് റോബോട്ടുകള്‍ എത്തുന്നത്.

വാക്‌സിനോ മരുന്നോ കണ്ടിപിടിച്ചിട്ടില്ലാത്ത കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം ഏറ്റവും ഫലപ്രദമായ വഴിയായി നിലനില്‍ക്കുന്നതിനാല്‍ ബിസിനസ്, വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ റോബോട്ടുകളുടെ പങ്ക് വലുതാവുകയാണ്.

ആരോഗ്യ വിദ്ഗ്ധരുടെ അഭിപ്രായ പ്രകാരം 2021 ലും സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണ നടപടികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ റോബോട്ടുകളുടെ ആവശ്യം ലോകരാജ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമായി തീരും.

റോബോട്ടുകളോട് മുഖം തിരിക്കുന്നവര്‍ പറയുന്ന ഒരു പ്രധാന കാരണമായിരുന്നു മാനുഷികപരമായ അടുപ്പം തോന്നില്ലെന്നത്.

‘ ജനങ്ങള്‍ സാധാരണയായി പറയാറ് അവരുടെ ദൈനം ദിന ഇടപെടലുകളില്‍ ഒരു മനുഷ്യ സാന്നിധ്യം ആവശ്യമാണെന്നാണ്. പക്ഷെ കൊവിഡ്-19 അത് മാറ്റി മറിച്ചിരിക്കുന്നു,’ വരുന്ന പതിറ്റാണ്ടുകളില്‍ റോബോട്ടുകള്‍ ആഗോളസാമ്പത്തിക മേഖലയുടെ പ്രധാനഘടകമാകുന്നതെങ്ങനെ എന്നതു സംബന്ധിച്ച് പഠനം നടത്തുന്ന മാര്‍ട്ടിന്‍ ഫോര്‍ഡ് എന്ന ഫ്യൂച്ചറിസ്റ്റ് പറയുന്നു

കൊറോണ വൈറസ് വ്യാപനത്തിലെ സങ്കീര്‍ണത മൂലം അണുവിക്തമാക്കലിന് ഉപയോഗിക്കുന്ന റോബോട്ടുകളുടെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാനിഷ് കമ്പനിയായ UVD റോബോട്ട്‌സ് നിര്‍മിക്കുന്ന അള്‍ട്രാ വയലറ്റ് ഡിസ് ഇന്‍ഫെക്ഷന്‍ റോബോട്ടുകളുടെ ചൈനയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി കുത്തനെ കൂടി എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളിലെ ആശുപത്രികളിലേക്കാണ് കയറ്റുമതിയില്‍ ഭൂരിഭാഗവും. ഒപ്പം റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും കൂടുതലായി ഈ റോബട്ടുകളെ ഉപയോഗിക്കുന്നു എന്നും ഇവര്‍ പറയുന്നു.

ആഗോളതലത്തില്‍ ബിസിസുകള്‍ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ഈ റോബോട്ടുകളുടെ ഉപയോഗം ഇനിയും കൂടുമെന്നും സ്‌കൂളുകളും ഓഫീസുകളും വൃത്തിയാക്കുന്നത് നാളെ റോബോട്ടുകളായിരിക്കുെമന്നും വിദ്ഗധര്‍ പറയുന്നു.

ഉപഭോക്താക്കള്‍ ഇപ്പോള്‍ പ്രധാനമായും അവരുടെ സുരക്ഷയാണ് നോക്കുന്നത്. ഈ സുരക്ഷ ഉറപ്പു നല്‍കുന്ന കമ്പനികളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും. അതിനാല്‍ റോബോട്ടുകളെ രംഗത്തിറക്കല്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായിത്തീരുകയും ചെയ്യും.

ഫുഡ് കമ്പനികളിലും റോബോട്ടുകളുടെ സാന്നിധ്യം കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു. എം.സി ഡൊണാള്‍ഡ്‌സ് ഉള്‍പ്പെടെയുള്ള വന്‍ ഫുഡ് കമ്പനികള്‍ നിലവില്‍ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമായി റോബോട്ടുകളെ പരീക്ഷിക്കുന്നുണ്ട്.

ആഗോളകമ്പനികള്‍ ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗിച്ചു തുടങ്ങിയാല്‍ വലിയ തരത്തിലുള്ള തൊഴില്‍ നഷ്ടമാണ് സംഭവിക്കുക എന്ന അഭിപ്രായം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് കാരണം നിലിവില്‍ വലിയ തൊഴില്‍ നഷ്ടമാണ് ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ നിരന്തരം കൂടി വരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ റോബോട്ടുകളുടെ കടന്നു വരവും നടന്നാല്‍ ആഗോളതലത്തില്‍ മറ്റൊരുപ്രതിസന്ധി രൂപപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more