| Saturday, 11th April 2020, 6:15 pm

കൊവിഡ് വാക്‌സിന് സെപ്തംബറോടെയെന്ന് ശാസ്ത്രജ്ഞര്‍; 80 ശതമാനം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും.

ലോകമൊട്ടാകെ കൊവിഡ് ബാധിച്ച് ഒരുലക്ഷത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമായാണ് ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രജ്ഞരുടെ ശ്രമമെന്നും അവര്‍ അറിയിച്ചു. ‘ദിവസങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍. നിര്‍മ്മിക്കുന്ന വാക്‌സിന്‍ ഫലപ്രദമാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാം കൃത്യമായി നടന്നാല്‍ സെപ്തംബറില്‍ വാക്‌സിന്‍ ലഭ്യമാകും’, സാറാ ഗില്‍ബേര്‍ട്ട് അറിയിച്ചു.

വാക്‌സിന്‍ ലഭ്യമാകും എന്നത് വെറും ആത്മവിശ്വാസം മാത്രമല്ലെന്നും ഓരോഘട്ടം പൂര്‍ത്തിയാക്കുമ്പോഴും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും സാറാ ഗില്‍ബേര്‍ട്ട് വ്യക്തമാക്കി.

80 ശതമാനത്തോളം പൂര്‍ത്തിയാക്കി എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ പൂര്‍ണമായും വിജയമായിരിക്കുമെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more