ലക്‌നൗ: കൊവിഡ് 19 നെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെ ബീഹാറിലേക്ക് ട്രക്കില്‍ കടക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ യു.പി പൊലീസ് പിടികൂടി.
ലോക്ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചത്. 92 അതിഥിതൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ട്രക്കില്‍ തിങ്ങിഞെരിഞ്ഞ് കടക്കാന്‍ശ്രമിച്ചത്.
ഹരിയാനയില്‍ നിന്ന് ബീഹാറിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രദേശ്-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍വെച്ച് ഇവരെ യു.പി പൊലീസ് ഞായറാഴ്ച തടയുകയായിരുന്നു. ഹരിയാനയില്‍ നിന്ന് ഏപ്രില്‍ 17ന് പുറപ്പെട്ട സംഘം 48 മണിക്കൂറാണ് സഞ്ചരിച്ചത്. കഴിക്കാനായി ഇവരുടെ കയ്യില്‍ ബിസ്‌ക്കറ്റും കുറച്ച് ചോറും മാത്രമാണ് ഉണ്ടായിരുന്നത്.
” ഞങ്ങള്‍ ഒരു സ്വകാര്യ സിമന്റ് കമ്പനിയിലാണ് പണിയെടുക്കുന്നത്. ആദ്യത്തെ ലോക്ഡൗണില്‍ കമ്പിനിയില്‍ നിന്ന് കുറച്ച് ദിവസം റേഷന്‍ തന്നിരുന്നു. പിന്നീട് നിര്‍ത്തി. എന്‍.ജി.ഒ യുടേയും സര്‍ക്കാറിന്റെയും സഹായം ലഭിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. ബീഹാര്‍ സര്‍ക്കാറിന്റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. സഹായിക്കാം സഹായിക്കാം എന്നു പറയുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല” ട്രക്കില്‍ ഉണ്ടായിരുന്ന നന്ദ് കിഷോര്‍ എന്ന തൊഴിലാളി പറഞ്ഞു.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് നിരവധി അതിതൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. നേരത്തെ ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തത്‌കൊണ്ട് ദല്‍ഹിയില്‍ ഒരുകൂട്ടം തൊഴിലാളികള്‍ ശ്മശാനത്തില്‍ മരണാനന്തരചടങ്ങുകള്‍ക്ക് ഉപയോഗിച്ച് ഉപേക്ഷിച്ച വാഴപ്പഴങ്ങള്‍ ശേഖരിക്കാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.