| Thursday, 16th July 2020, 9:48 pm

റഷ്യക്കെതിരെ ഗുരുതര ആരോപണം; കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് അമേരിക്കയും ബ്രിട്ടനും കാനഡയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടനും അമേരിക്കയും കാനഡയും.കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മോഷ്ടിക്കാന്‍ റഷ്യ ശ്രമിക്കുന്നതായിയാണ് ഇവരുടെ ആരോപണം.

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ഗവേഷകരില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിക്കാന്‍ റഷ്യ നിരന്തരം ശ്രമിക്കുന്നുവെന്നും രാജ്യങ്ങള്‍ പറയുന്നു.

കൊറോണ വൈറസ് വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്കാദമിക്, ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ സ്ഥാപനങ്ങളെ ഹാക്കിംഗ് ഗ്രൂപ്പായ കോസി ബിയര്‍ അല്ലെങ്കില്‍ എ.പി.ടി 29 എന്നറിയപ്പെടുന്ന, റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമെന്ന് പറയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പ്
ആക്രമിക്കുകയാണെന്നും മൂന്ന് രാജ്യങ്ങളും ആരോപിക്കുന്നുണ്ട്.

യു.എസിലെയും കാനഡയിലെയും അധികാരികളുമായി ഏകോപിപ്പിച്ച് ബ്രിട്ടനിലെ ദേശീയ സൈബര്‍ സുരക്ഷ കേന്ദ്രമാണ് ഇതിനേക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നവരെയാണ് റഷ്യന്‍ ഇന്റലിജന്‍സ് സര്‍വീസുകള്‍ ലക്ഷ്യമിടുന്നത് എന്നത് തികച്ചും അസ്വീകാര്യമാണ്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രസ്താവനയില്‍ പറഞ്ഞു.

”മറ്റുള്ളവര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ അശ്രദ്ധമായ പെരുമാറ്റത്തിലൂടെ പിന്തുടരുമ്പോള്‍, യു.കെയും അതിന്റെ സഖ്യകക്ഷികളും ഒരു വാക്‌സിന്‍ കണ്ടെത്തുന്നതിനും ആഗോള ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള കഠിനാധ്വാനത്തിലൂടെ മുന്നേറുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും വ്യക്തികളുടെ രഹസ്യവിവരം അപഹരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് കേന്ദ്രം പറയുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ സംഭവത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്‌സിറ്റി നേരത്തെ അവകാശപ്പെട്ടിരുന്നു.

കൊവിഡ് വൈറസിനെതിരെ ലോകത്തിലെ ആദ്യ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തിയാക്കി
സെഷ്നോവ് സര്‍വകലാശാല എന്നായിരുന്നു ട്വീറ്റ്. വാക്സിന്‍ സുരക്ഷിതമാണ്. ജൂലൈ 15നും 20നും വാളണ്ടിയര്‍ ആശുപത്രിവിടുമെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പല രാജ്യങ്ങളും റഷ്യയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തിയായത് എന്നതാണ് വാര്‍ത്തയ്ക്ക് പിന്നിലെ വസ്തുത എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more