| Monday, 8th June 2020, 7:16 pm

'കൊവിഡ് അവസാന മഹാമാരിയല്ല,' ഇനിയും മഹാമാരികള്‍ വരാനുണ്ടെന്ന് ശാസ്ത്ര ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമാകെ കൊവിഡ് മഹാമാരി വ്യാപിച്ചിരിക്കെ കൊവിഡിനു പുറമെ ഇനിയും മഹാമാരികള്‍ ലോകത്തില്‍ പടരും എന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. പ്രകൃതിയില്‍ നിന്നും മഹാമാരികള്‍ ലോകത്തില്‍ പടര്‍ന്നു പിടിക്കാനുള്ള ഒരു സാഹചര്യം മനുഷ്യര്‍ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രകൃതി വിഭവങ്ങളിലുള്ള മനുഷ്യന്റെ കൈയ്യേറ്റം ഇതിന് ആക്കം കൂട്ടുമെന്നും ഇവര്‍ പറയുന്നു.

യു.കെയിലെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഭാവിയില്‍ വരാനിരിക്കുന്ന മഹാമാരികളെ പറ്റി പഠനം നടത്തുന്നത്. മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കൂടുതലുള്ള മഹാമാരികളെ നേരത്തെ കണ്ടെത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.

‘ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആറ് പ്രധാന വെല്ലുവിളികളാണ് നമുക്ക് വന്നത്. സാര്‍സ്, മെര്‍സ്,എബോള, അവയെന്‍ ഇന്‍ഫ്‌ളുവെന്‍സാ, സ്വിന്‍ ഫ്‌ളൂ,’ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മാത്യൂ ബായ്‌ലിസ് ബി.ബിസി ന്യൂസിനോട് പറയുന്നു.

‘ഇത് നമ്മള്‍ അഭിമുഖീകരിക്കാന്‍ പോവുന്ന അവസാന മഹാമാരിയല്ല. അതിനാല്‍ വന്യ മേഖല രോഗങ്ങളെ പറ്റി കൂടുതല്‍ അടുത്ത് നിന്ന് പരിശോധിക്കണം,’ പ്രൊഫ. മാത്യൂ ബായ്‌ലിസ് പറഞ്ഞു.

ഈ സൂക്ഷ്മ പരിശോധനയുടെ ഭാഗമായി ഇദ്ദേഹവും സംഘവും വന്യജീവി രോഗങ്ങളുടെ ഡാറ്റാ ബേസ് അന്വേഷിക്കാന്‍ കഴിയുന്ന ഒരു പ്രവചന പാറ്റേണ്‍ തിരിച്ചറിയല്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ശാസ്ത്ര ലോകത്ത് ഇതുവരെ കണ്ടെത്തിയിരിക്കുന്ന പതിനായിരക്കണക്കിന് ബാക്ടീരിയകള്‍, വൈറസ്, പാരാസൈറ്റുകള്‍ എന്നിവയില്‍ ഈ സിസ്റ്റം നടത്തുന്ന പരിശോധനയില്‍ അവ ബാധിക്കുന്ന ജീവിവര്‍ഗങ്ങളെ കണ്ടെത്താനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.

ഇതില്‍ ഏറ്റവും അപകടകാരികളായ രോഗങ്ങളെ കണ്ടെത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു രോഗാണുബാധയില്‍ ശ്രദ്ധ വേണമെന്ന് തിരിച്ചറഞ്ഞാല്‍ ശാസ്ത്ര ലോകത്തിന് നേരത്തെ ഇതിനെതിരെയുള്ള മരുന്നുകളുടെയും വാക്‌സിന്റെയും പഠനങ്ങളിലേക്ക് കടക്കാം.

ഓരോ വര്‍ഷവും ലോകത്ത് മൂന്നോ നാലോ പുതിയ രോഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമെന്നും പ്രൊഫ. മാത്യൂ ബായ്‌ലിസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more