മുംബൈ: മുംബൈയില്‍ കൊവിഡ് മരണം 100 കടന്നെന്ന് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1500 ആയെന്ന് നഗര ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1549 ആയി ഉയര്‍ന്നു. ഒമ്പത് രോഗികളാണ് ഇതേസമയത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം നൂറായി.
ഇന്ന് രോഗം ഭേദമായ 43 പേര്‍ ആശുപത്രി വിട്ടു. നിരീക്ഷണത്തിലിരിക്കുന്ന 87 ശതമാനം ആളുകളും മറ്റ് രോഗത്താല്‍ വലയുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയ 900ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്താകെ 9352 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണിത്.