കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Kerala News
കൊറോണ വൈറസ്; ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 6:36 pm

തിരുവനന്തപുരം: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

വുഹാനില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ചികിത്സക്കുള്ള സാഹചര്യങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ട്. വുഹാനിലും യിച്ചാങ് നഗരത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ചൈനയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈറസ് ബാധ ക്രമാതീതമായി പടരുന്നതിനാല്‍ ഹുബൈയില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചൈനയിലെ 12 നഗരങ്ങളിലാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.