'കൊറോണ വൈറസ് സംസ്ഥാന രാഷ്ട്രീയത്തില്‍'; ഗവര്‍ണറെ കണ്ടതിന് ശേഷം കമല്‍നാഥിന്റെ പ്രതികരണം ഇങ്ങനെ
Madhyapradesh Crisis
'കൊറോണ വൈറസ് സംസ്ഥാന രാഷ്ട്രീയത്തില്‍'; ഗവര്‍ണറെ കണ്ടതിന് ശേഷം കമല്‍നാഥിന്റെ പ്രതികരണം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th March 2020, 12:58 pm

ഭോപാല്‍: മധ്യപ്രദേശ് പ്രതിസന്ധിയെക്കുറിച്ച് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശില്‍ കൊറോണ വൈറസ് ഇല്ലെന്നും എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വൈറസ് ഉണ്ടെന്നും കമല്‍ നാഥ് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി ചര്‍ച്ച നടത്തിയത്. ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച സാഹചര്യത്തിലായിരുന്നു അടിയന്തിര ചര്‍ച്ച.

ഹോളി അവധി കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് കമല്‍നാഥും ലാല്‍ജി ടണ്ടനും ഭോപ്പാലില്‍ എത്തിയത്. സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയ്ക്ക് ഇതുവരെ എം.എല്‍.എമാര്‍ ഔദ്യോഗിക രാജികത്ത് നല്‍കിയിട്ടില്ല. ശനിയാഴ്ച്ചയ്ക്ക് മുന്‍പായി എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്. എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജികത്ത് നല്‍കിയാല്‍ മാത്രമേ രാജി ഔദ്യോഗികമായി അംഗീകരിക്കാന്‍ സാധിക്കു എന്ന് നേരത്തെ പ്രജാപതി വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പി പ്രവേശനമാണ് പതിനഞ്ച് മാസം മാത്രം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. നേരത്തെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ കമല്‍നാഥ് മധ്യപ്രദേശ് സര്‍ക്കാരിലെ മഴുവന്‍ മന്ത്രിമാരെയും രാജിവെപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ