| Sunday, 2nd May 2021, 10:44 am

രണ്ടാം തരംഗത്തെ നേരിടണമെങ്കില്‍ ലോക്ക്ഡൗണ്‍ അനിവാര്യം: എയിംസ് മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.

വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂകളും കൊണ്ട് മാത്രം കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെപ്പോലെ ചിലയിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഡോ. ആര്‍.കെ. ഹിംതാനി ഉള്‍പ്പെടെ 12 പേര്‍ മരിച്ചുവെങ്കിലും ആരോഗ്യസംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നെന്നും ഗുലേറിയ പറഞ്ഞു.

‘ഇത്രയും വലിയതോതില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ലോകത്ത് ഒരു ആരോഗ്യസംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

കൊവിഡ് പോസിറ്റിവിറ്റി കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഗുലേറിയ നേരത്തേയും ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Coronavirus need aggressive lockdowns to beat 2nd covid wave aiims chief

We use cookies to give you the best possible experience. Learn more