| Tuesday, 18th August 2020, 11:50 am

'മാറ്റം സംഭവിച്ച കൊറോണ വൈറസ് പെട്ടെന്ന് വ്യാപിക്കും, ഇവ മാരകമല്ല': പുതിയ കണ്ടെത്തലുമായി ആരോഗ്യ വിദഗ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: നിലവിലെ കൊറോണ വൈറസിനെക്കാള്‍ പത്ത് മടങ്ങ് ശക്തിയുള്ള കൊറോണ വൈറസ് മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയില്‍ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടര്‍ന്നുകിട്ടിയ സംഘത്തില്‍ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

യുറോപ്പിലും വടക്കേ അമേരിക്കയിലും ഇത്തരത്തില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം വൈറസുകളെ പേടിക്കേണ്ടതില്ലെന്നാണ് സിംഗപ്പൂര്‍ സ്വദേശിയായ ആരോഗ്യ വിദഗ്ധന്റെ വാദം.

പരിവര്‍ത്തനം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാമെങ്കിലും ആദ്യ വൈറസിന്റെയത്ര മാരകമല്ലെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടന്റായ പോള്‍ താമ്പ്യ പറയുന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

ജനിതക മാറ്റം സംഭവിച്ച വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ അവ മാരകമല്ല- അദ്ദേഹം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

ഭൂരിഭാഗം വൈറസുകള്‍ക്കും മാറ്റം സംഭവിക്കുമ്പോള്‍ അവയുടെ രോഗവ്യാപനശേഷി കൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വൈറസുകള്‍ മനുഷ്യരിലേക്ക് പടരും. എന്നാല്‍ അവ മൂലമുണ്ടാകുന്ന മരണനിരക്ക് വളരെ കുറവാണ്. കാരണം ആതിഥേയ ശരീരത്തില്‍ പ്രവേശിക്കുന്ന ഇത്തരം വൈറസുകള്‍ ആഹാരത്തിനും വാസസ്ഥലത്തിനും വേണ്ടി മാത്രമാണ് ആതിഥേയ ശരീരത്തെ ആശ്രയിക്കുന്നത്. അപ്പോള്‍ മരണനിരക്കും കുറയും- പോള്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് മലേഷ്യയില്‍ കൊറോണ വൈറസിനെക്കാള്‍ മാരകമായ വൈറസ് പടരുന്നത് റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തേ ചില രാജ്യങ്ങളില്‍ ‘D614G’ എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തില്‍ പെടുന്ന വൈറസിനെ തന്നെയാണ് കഴിഞ്ഞ ദിവസം മലേഷ്യയിലും കണ്ടെത്തിയിരിക്കുന്നത്.

മലേഷ്യയില്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള നേരിട്ട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 കേസുകളില്‍ മൂന്ന് കേസുകളിലാണ് പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ഫിലിപ്പീന്‍സില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: coronavirus-mutation-more-infectious-but-less-deadly

Latest Stories

We use cookies to give you the best possible experience. Learn more