| Saturday, 25th April 2020, 8:39 am

24 മണിക്കൂറില്‍ 6 പുതിയ കേസുകള്‍ മാത്രം, മരണം ഒന്ന്; ധാരാവിക്ക് നേര്‍ത്ത ആശ്വാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച 25 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ നിന്നും ഗണ്യമായ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായത്.  ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. മൊത്തം 2.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ധാരവിയില്‍ 8 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഒരു കൊവിഡ് -19 മരണം മാത്രമാണ് ധാരവി റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ഇപ്പോള്‍ 220 കൊവിഡ് കേസുകളും 14 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേസുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സാമൂഹ്യ അകലം അസാധ്യമായ സ്ഥലങ്ങളില്‍ അധികൃതര്‍ സ്‌ക്രീനിംഗ്, ഐസൊല്ഷന്‍, ക്വാറന്റൈന്‍ ടെസ്റ്റിംഗ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. മെയ് മൂന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും എന്ന സൂചന നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, ഷോപ്പിങ്ങ് മാളുകള്‍ ഹോട്ട് സ്‌പോട്ട് മേഖലകളിലെ കടകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമല്ല. നഗരപരിധിയ്ക്ക് പുറത്ത് തുറക്കുന്ന കടകള്‍ പകുതി ജീവനക്കാരെ വെച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more