ന്യൂദല്‍ഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാല്‍നടയായി യാത്ര ചെയ്തവരെ തവളച്ചാട്ടം ചാടിച്ച് പൊലീസ്. ഉത്തര്‍പ്രദേശ് പൊലീസാണ് പൊരിവെയിലത്ത് നടന്നുപോകുന്നവരോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പൊലീസ് പലതരം ശിക്ഷകള്‍ക്ക് വിധേയമാക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബദൗന്‍ നഗരത്തിലാണ് വാര്‍ത്തയ്ക്കാസ്പദമായ സംഭവം. ഇതരസംസ്ഥാനത്ത് നിന്നു ജോലിക്കായി എത്തിയവര്‍ വീടുകളിലേക്ക് മടങ്ങിപോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു.
തോളില്‍ ഭാരം നിറച്ച ബാഗുകളും തൂക്കിയാണ് ശിക്ഷയ്ക്ക് വിധേയരാകുന്നത്. ഇവരുടെ അഭ്യര്‍ഥനകള്‍ ഒന്നും ചെവിക്കൊള്ളാത്ത പൊലീസ് കൊടും ചൂടത്ത് നിരത്തിലൂടെ ചാടിച്ച് നടത്തുകയായിരുന്നു.
എന്നാല്‍ ഇതിന് സമീപത്ത് കൂടി വാഹനത്തില്‍ പോകുന്നവരെ പൊലീസ് ശ്രദ്ധിക്കുന്നുമില്ല. അതേസമയം ഇതു തന്റെ അറിവോടെയല്ലെന്നും അന്വേഷിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബദൗനിലെ പൊലീസ് മേധാവി അറിയിച്ചു.
‘വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു വര്‍ഷം മാത്രം പ്രവര്‍ത്തിപരിചയമുള്ള ആളാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ മറ്റു പ്രദേശങ്ങളുടെ ചുമതലയിലായിരുന്നു. വളരെ നാണക്കേട് സൃഷ്ടിക്കുന്ന കാര്യമാണ് നടന്നത്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കും’ അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: