| Sunday, 23rd August 2020, 12:22 pm

'വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കാന്‍ ശ്രമിക്കു'...; ജെ.ഇ.ഇ, നീറ്റ് പരീക്ഷ വിഷയത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപന ഘട്ടത്തില്‍ ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ മന്‍ കി ബാത് കേള്‍ക്കണം. എന്നിട്ട് അതിനൊരു പരിഹാരമുണ്ടാക്കു- ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ട്വീറ്റ്. നീറ്റ്, ജെ.ഇ.ഇ എക്‌സാമുകള്‍ സംബന്ധിച്ച കാര്യത്തില്‍ നാളെയാണ് ഹരജി പരിഗണിക്കുന്നത്.

പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പറഞ്ഞിരുന്നു. ഇതിന് പകരം മറ്റൊരു സംവിധാനത്തെ പറ്റി ആലോചിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം പരീക്ഷകളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയാണിത്.

നേരത്തേ തീരുമാനിച്ച തീയതി പ്രകാരം പരീക്ഷ നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതനുസരിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.

അതേസമയം ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള വിദ്യാര്‍ഥികള്‍ നേരത്തേ നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇതിനോടകം തള്ളിയിട്ടുണ്ട്. ‘വിദ്യാര്‍ഥികളുടെ കരിയറിനെ അപകടത്തിലാക്കാന്‍ കഴിയില്ല. കൊവിഡിന് ഒരു വര്‍ഷം കൂടി തുടരാം. നിങ്ങള്‍ മറ്റൊരു വര്‍ഷം കൂടി കാത്തിരിക്കാന്‍ പറ്റുമോ? എന്നായിരുന്നു കോടതി ചോദിച്ചത്.

ജെ.ഇ.ഇ (മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 6 നും ഇടയിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ന് ആണ് നിശ്ചയിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: coronavirus-listen-to-students-mannkibaat-rahul-gandhi-to-centre-on-jee-neet-issu

We use cookies to give you the best possible experience. Learn more