ന്യൂയോര്‍ക്ക്: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യകത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്‍കരുതലുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക ശക്തിയില്ലാത്ത രാജ്യങ്ങളെ കൊവിഡ് കാര്യമായി ബാധിക്കുമെന്നും ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിനെതിരെ
എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ഈ വൈറസിനെ കാട്ടു തീ പോലെ പടരാന്‍ അനുവദിച്ചാല്‍, പ്രത്യേകിച്ച് ദുര്‍ബലമായ രാജ്യങ്ങളില്‍, ഇത് ലക്ഷക്കണക്കിനാളുകളെ കൊല്ലും. ആഗോള ഐക്യദാര്‍ഢ്യം ആണ് ഇപ്പോഴത്തെ ആവശ്യം,’ ഗുട്ടറസ് പറഞ്ഞു. കൊവിഡ്-19 ബാധിത രാജ്യങ്ങളെ ജി-20 രാജ്യങ്ങള്‍ സഹായിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
‘ഒരു സമ്പന്ന രാജ്യം അവര്‍ക്ക് തങ്ങളുടെ പൗരന്‍മാരെ മാത്രം നോക്കിയാല്‍ മതിയെന്ന് വിചാരിക്കരുത്. ജി-20 രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. നമ്മള്‍ നിര്‍ബന്ധമായും അവരെ സഹായിക്കണം,’
സഹായം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഗുട്ടറസ് പറഞ്ഞു.
കൊവിഡിനെതിരെയുള്ള ആഗോള സാമ്പത്തിക സഹായത്തില്‍ സാമ്പത്തികമായി ഏറ്റവും താഴേക്കിടയിലുള്ള മേഖലകളെയാണ് സഹായിക്കേണ്ടത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10000 ത്തോടടുക്കവെയാണ് യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ സംഖ്യയെക്കാള്‍ ഉയര്‍ന്ന എണ്ണമാണിത്.
ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ സ്വദേശിയാണ് മരിച്ചത്.രാജ്യത്ത് 195 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.