ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രോഗം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറില്‍ 68,020 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ മാത്രം 40414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്.
കഴിഞ്ഞ മാര്‍ച്ചില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റയാഴ്ചയില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തില്‍നിന്ന് 60,000 ആയത് 23 ദിവസങ്ങള്‍കൊണ്ടാണ്. എന്നാല്‍, രണ്ടാംതരംഗത്തില്‍ പത്തുദിവസങ്ങള്‍കൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തില്‍നിന്ന് 60,000 ആയി. ഇപ്പോള്‍ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകള്‍വരെ എത്തിയിരുന്നു. പിന്നീട് രോഗികളുടെ എണ്ണം കുറയുകയായിരുന്നു.
രോഗവ്യാപനത്തിന്റെ പുതിയ നിരക്കാണ് ആശങ്കക്ക് കാരണമാവുന്നത്. വാക്‌സിന്‍ കുത്തിവെപ്പ് രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Coronavirus India